2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സൂക്ഷിക്കുക, നമ്മുടെ നാട് പഴയതുപോലെയല്ല

സ്വാതന്ത്ര്യം കിട്ടി അഞ്ചുമാസത്തിനുള്ളില്‍ രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന രാജ്യത്ത് ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തിയതില്‍ അത്ഭുതമൊന്നുമില്ല. ഗാന്ധിജിയുടെ ജീവന്‍ നിശ്ചലമാക്കിയത് അദ്ദേഹം കൊടിയ അപരാധമൊന്നും ചെയ്തതിന്റെ പേരിലല്ലല്ലോ. ഇന്ത്യ ഏതെങ്കിലും സമുദായത്തിന്റെ സ്വകാര്യസ്വത്തല്ലെന്നും ഇവിടെ ഹിന്ദുവിനെപ്പോലെ തുല്യതയോടെ ജീവിക്കാന്‍ മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പാഴ്‌സിക്കും ബുദ്ധമതക്കാരനും ജൈന നും സിഖുകാരനും മറ്റ് ഏതൊക്കെ സമുദായക്കാരുണ്ടോ അവര്‍ക്കും അവകാശമുണ്ടെന്നു ശഠിച്ചതിന്റെ പേരിലാണല്ലോ ഗാന്ധിജി സമുദായഭ്രാന്തന്മാര്‍ക്കു കണ്ണിലെ കരടായത്.
തികഞ്ഞ ഹിന്ദുമതവിശ്വാസിയായ മഹാത്മജിയുടെ അതേ നിലപാടാണ് അന്ധവിശ്വാസത്തിനെതിരേ പടപൊരുതിയ യുക്തിവാദിയായ നരേന്ദ്ര ധാബോല്‍ക്കറും കമ്യൂണിസ്റ്റും സാമൂഹ്യപ്രവര്‍ത്തകനുമായ ഗോവിന്ദ് പന്‍സാരെയും എഴുത്തുകാരനും വിദ്യാഭ്യാസവിചക്ഷണനുമായ എം.എം. കല്‍ബുര്‍ഗിയും സ്വീകരിച്ചത്. അവര്‍ക്കെല്ലാം നേരിടേണ്ടിവന്നത് ഗാന്ധിജിയെ തേടിയെത്തിയ അതേ വിധിയെ ആയിരുന്നു. ഗാന്ധിജിയുടെ നെഞ്ചിലേയ്ക്കു വെടിയുണ്ട പായിച്ച മതാന്ധശക്തിയുടെ പിന്മുറക്കാര്‍ ആ മനുഷ്യസ്‌നേഹികളുടെയും ജീവനെടുത്തു.
ഏറ്റവുമൊടുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ തേടിയെത്തിയതും അതേ വിധി തന്നെ. സാമുദായികഭ്രാന്തിനു വളംവച്ചുകൊടുത്തു വോട്ടുബാങ്കു സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കുന്ന കുടിലതന്ത്രക്കാര്‍ക്കെതിരേ വാക്കിലൂടെയും വരിയിലൂടെയും നിരന്തരം പോരാടിയെന്നതാണു ഗൗരി ലങ്കേഷ് ചെയ്ത ‘തെറ്റ്’. അവസാനമായി അവര്‍ കുറിച്ച ഫേസ്ബുക് പോസ്റ്റുപോലും ഫാസിസ്റ്റുകള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായിരുന്നു.
കല്‍ബുര്‍ഗിയുടെ ഘാതകരെയെന്നപോലെ ഗൗരി ലങ്കേഷിന്റെ കൊലയാളികളെയും ഇതുവരെ പിടിക്കാനാവാത്തതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ പറ്റില്ലെന്നാണു ഫാസിസ്റ്റുകള്‍ പറയുന്നത്. ‘ഞങ്ങളുടെ ആളുകളാണു പ്രതികളെന്നു തെളിയിച്ചിട്ടു കുറ്റപ്പെടുത്തൂ’ എന്നും ‘നിങ്ങളെന്തുകൊണ്ടു മാവോയിസ്റ്റുകളെ സംശയിക്കുന്നില്ല’ എന്നും അവര്‍ ചോദിക്കുന്നു. സാങ്കേതികമായി അവരുടെ ചോദ്യം ഉത്തരം മുട്ടിക്കുന്നതാണ്. അതിനാല്‍, അവര്‍ക്ക് ഉത്തരം നല്‍കുന്നതിന് അന്വേഷണസംഘം പ്രതികളെ കണ്ടെത്തുന്നതുവരെ കാത്തിരുന്നേ മതിയാകൂ.
സംശയമതല്ല, എന്തിനാണു ഗൗരി ലങ്കേഷിന്റെ മരണത്തെ സംഘ്പരിവാറിനെ അനുകൂലിക്കുന്നവര്‍ ഇത്ര ആവേശത്തോടെ കൊണ്ടാടുന്നത്. ഏതോ നികൃഷ്ടജീവി വെടിയേറ്റു മരിച്ചുവെന്ന തരത്തിലുള്ള പ്രതികരണമാണു സാമൂഹ്യമാധ്യമങ്ങളില്‍ സംഘ്പരിവാര്‍ അനുകൂലികളുടേതായി കണ്ടത്. സത്യത്തില്‍, കരഞ്ഞുപോയതു ഗൗരിയുടെ ആകസ്മികവേര്‍പാടിനെക്കുറിച്ചോര്‍ത്തല്ല, ആ മരണത്തെ വൃത്തികെട്ട വാക്കുകളിലൂടെ ആഘോഷിച്ച കറുത്ത മനസ്സുകളെ ഓര്‍ത്താണ്.
ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഏറ്റവും ക്രൂരമായ പോസ്റ്റുകളില്‍ ഒന്ന് മലയാളിയായ ഒരു പെണ്‍കുട്ടിയുടെ പേരിലാണ്. ഇരുപതില്‍ താഴെ മാത്രം പ്രായം തോന്നിക്കുന്ന നിഷ്‌കളങ്കത നിഴലിക്കുന്ന മുഖമുള്ള പെണ്‍കുട്ടി തന്നെയാണ് അത്തരമൊരു കുറിപ്പു തയാറാക്കിയതെന്നു വിശ്വസിക്കാനാകുന്നില്ല.
ഗൗരി ലങ്കേഷിന്റെ മരണത്തെക്കുറിച്ച് ആ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ‘മതംമാറ്റ ലോബിയുടെ കാശുവാങ്ങി ജീവിച്ചിരുന്ന ഒരു ഇടതുതള്ളയായിരുന്നു. ആരോ വെടിവച്ചുകൊന്നു.’
എത്ര ക്രൂരമാണ് ഈ വാക്കുകള്‍. കടുത്തശത്രുവാണെങ്കില്‍പ്പോലും ഇത്രയും കുടിലമായി പറയാന്‍ മനുഷ്യത്വമുള്ളവര്‍ക്കു കഴിയുമോ. യുദ്ധത്തില്‍ മരിച്ചുവീണ പ്രവാചകമാതുലന്റെ മാറുപിളര്‍ന്ന് കരളു പറിച്ചെടുത്തു വിഴുങ്ങാന്‍ ശ്രമിച്ച ഹിന്ദിനെക്കുറിച്ച് ഇസ്‌ലാമികചരിത്രം പറയുന്നുണ്ട്. കടുത്ത മതാന്ധതയാണു ഹിന്ദിനെക്കൊണ്ട് ആ പൈശാചികകൃത്യം ചെയ്യിക്കുന്നത്.
തന്റെ വാക്കുകള്‍ക്കെതിരേ സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വന്ന വിമര്‍ശനങ്ങള്‍ക്കുനേരെയും ആ ഫേസ്ബുക്കുകാരി ഉറഞ്ഞുതുള്ളുന്നുണ്ട്. അതിങ്ങനെയാണ്: ‘മരിച്ചുകഴിഞ്ഞാല്‍ ഏതു വികടവാദികളോടും ദേശവിരുദ്ധശക്തിയോടും ആദരവു കാണിക്കാന്‍ ആവശ്യപ്പെടുന്ന മാധ്യമകൂതറകള്‍ ഒരു കാര്യം മനസ്സിലാക്കുക. ജീവിച്ചിരുന്ന കാലത്തു മാലാഖയായിരുന്നെങ്കില്‍ മാത്രമേ ആര്‍ക്കും മരിച്ചാല്‍ മാലാഖപ്പട്ടം കിട്ടൂവെന്ന്. ‘
ശരിയാണ്, ഗൗരി ലങ്കേഷിനെ മാലാഖയാക്കുന്നതില്‍ അര്‍ഥമില്ല. ജീവിച്ചിരുന്നപ്പോഴും അവര്‍ കൃത്യമായ രാഷ്ട്രീയനിലപാടുകളില്‍ ഉറച്ചുനിന്നയാളായിരുന്നു. അതു ശരിയായിരിക്കാം തെറ്റായിരിക്കാം. വിരുദ്ധാഭിപ്രായത്തെ അതിശക്തമായി, മാന്യമായി എതിര്‍ത്തുതോല്‍പ്പിക്കാം. പക്ഷേ, വിരുദ്ധാഭിപ്രായമുള്ളവരെയെല്ലാം കൊന്നുതള്ളുകയും അങ്ങനെയുള്ള മരണങ്ങളില്‍ ഭൂതാവേശംപോലെ ആഹ്ലാദിക്കുകയും ചെയ്യുമ്പോള്‍ സൂക്ഷിക്കണം. അവര്‍ ജനാധിപത്യസംവിധാനത്തില്‍ അപകടകാരികളാണ്. എതിര്‍ശബ്ദങ്ങള്‍ അനുവദിക്കില്ലെന്നു ശഠിക്കുന്നവരെയാണു ഫാഷിസ്റ്റുകള്‍ എന്നു പറയുക.
ഗൗരിയുടെ മരണം ആഘോഷിച്ച ഈ പെണ്‍കുട്ടിയുടെ ഫേസ് ബുക് പോസ്റ്റ് ഒറ്റപ്പെട്ട സംഭവമല്ല. ഈ പെണ്‍കുട്ടിയുടെ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന മതാന്ധമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു നിരവധി പേര്‍ പ്രതികരിച്ചുകണ്ടു. സമൂഹമാധ്യമങ്ങളില്‍ ഇതേപോലെ ‘മതേതറ’കളെന്നും മറ്റും പരിഹസിച്ചുകൊണ്ടുള്ള നിരവധി പ്രതികരണങ്ങള്‍ കണ്ടു.
ചാനല്‍ചര്‍ച്ചകളില്‍ ഗൗരിയുടെ മരണത്തെ നിസ്സാരവല്‍ക്കരിച്ച എത്രയോ സംസാരങ്ങള്‍ കേട്ടു. അതില്‍ ഒരാളുടെ ക്വിസ് മാസ്റ്റര്‍ രീതിയിലുള്ള ചോദ്യം, ‘ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവരുംമുമ്പ് ആ പേര് കേട്ട എത്ര മാധ്യമപ്രവര്‍ത്തകരെങ്കിലുമുണ്ട് ‘എന്നതായിരുന്നു. അദ്ദേഹത്തോടു വിനീതമായി ഒരു കാര്യം ഉണര്‍ത്തിക്കട്ടെ. ഇത്തരം പൈശാചികമായ കൊലപാതകളെ അധിക്ഷേപിക്കാന്‍ ഇന്ത്യയിലെ 132 കോടി ജനങ്ങളുടെയും പേരും നാളും അറിഞ്ഞുവയ്ക്കണമെന്നില്ല, സാര്‍.
ഇതോടെ ഒരു കാര്യം ബോധ്യമായി. ഗാന്ധിയുടെ വധത്തെ ന്യായീകരിക്കാന്‍ അക്കാലത്തും പിന്നീടു കുറേയേറെക്കാലവും ആരും രംഗത്തുവന്നിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ കൊന്നതു ഞങ്ങളുടെ ആളുകളല്ല എന്നു പറയുന്നവര്‍ തന്നെ അടുത്തശ്വാസത്തില്‍ അത്തരം വധങ്ങളെ ന്യായീകരിക്കുകയാണ്. ‘ഏതോ ഒരു തള്ളയെ ആരോ വെടിവച്ചുകൊന്നു!’എന്നു വിളിച്ചുകൂവി അനുയായികളുടെ എണ്ണം പെരുപ്പിക്കുകയാണ്.
ഗൗരി ലങ്കേഷിന്റെ കൊലപാതകവാര്‍ത്ത വന്നപ്പോള്‍ അടുത്ത ചില സുഹൃത്തുക്കള്‍ ഉപദേശിച്ചു, ‘എഴുത്തിലും ചര്‍ച്ചകളിലുമൊക്കെ വാക്കുകളുപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. നമ്മുടെ നാട് പഴയതുപോലെയല്ല.’
ശരിയാണ്, നമ്മുടെ നാട് പഴയതുപോലെയല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.