2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സുലൈമാനി വധം യു.എസിനെ ഇസ്‌റാഈല്‍ സഹായിച്ചു

 

ജറൂസലം: ഇറാനിലെ ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്താന്‍ യു.എസിനെ ഇസ്‌റാഈല്‍ സഹായിച്ചെന്ന് റിപ്പോര്‍ട്ട്. ഈമാസം മൂന്നിനു നടന്ന സൈനികനടപടിയില്‍ അമേരിക്കക്ക് നിര്‍ണായക ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കിയത് ഇസ്‌റാഈലാണെന്ന് എന്‍.ബി.സി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
സൈനികനടപടിയെക്കുറിച്ച് നേരിട്ട് അറിവുള്ള കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള ഈ വാര്‍ത്ത ഇന്നലെ ടൈംസ് ഓഫ് ഇസ്‌റാഈലും പ്രസിദ്ധീകരിച്ചു.
ദമസ്‌കസില്‍ നിന്ന് ബഗ്ദാദിലേക്കുള്ള രാത്രി വിമാനത്തില്‍ സുലൈമാനിയുണ്ടെന്ന് സിറിയന്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍ യു.എസ് സേനക്കു നല്‍കിയ രഹസ്യവിവരം ഉറപ്പാക്കാന്‍ ഇസ്‌റാഈല്‍ നല്‍കിയ വിവരങ്ങള്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വിമാനം ലാന്‍ഡ് ചെയ്ത ശേഷം അദ്ദേഹം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും കാറിലേക്കു കയറുന്നതുമെല്ലാം പിന്തുടരുന്നതിന് മിസൈല്‍ തൊടുക്കാനുള്ള ഡ്രോണ്‍ ഉപയോഗിക്കുകയെന്നത് ലളിതമായ കാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുലൈമാനിയെ കൊലപ്പെടുത്തുന്ന സമയം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരത്തെ തന്നെ വിശദീകരിച്ചു കൊടുത്തിരുന്നതായി സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷം ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാനെതിരായ നടപടികള്‍ക്ക് സഹായിക്കുന്നതിന് ജനുവരി ഒന്നിന് നെതന്യാഹുവിന് ഫോണ്‍ ചെയ്ത പോംപിയോ യു.എസ് എംബസി ആക്രമണത്തിനു ശേഷവും നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
ഏതന്‍സിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് മേഖലയില്‍ നാടകീയമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിച്ചിരുന്നു. ഇതു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സുലൈമാനിയും ഇറാഖിലെ ശീഈ സായുധ സംഘടനാ നേതാവ് അബൂ മഹ്ദി മുഹന്‍ദിസും കൂടെയുള്ളവരും യു.എസ് ഡ്രോണില്‍ നിന്നു വിട്ട മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സുലൈമാനിയെ കൊലപ്പെടുത്താനുള്ള പദ്ധതി മുന്‍കൂട്ടി അറിഞ്ഞ യു.എസ് ഇതര രാജ്യത്തെ ഏക നേതാവ് നെതന്യാഹുവായിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊലപാതകത്തിന് ആവശ്യമായ വിവരങ്ങള്‍ യു.എസിനു നല്‍കിയത് സിറിയന്‍-ഇറാഖി ചാരന്മാരാണെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.