2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സുരേഷ്‌ഗോപിക്ക് രാജ്യസഭാസീറ്റ് നല്‍കിയത് സംസ്ഥാന നേതൃത്വത്തിനുള്ള മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് സുരേഷ് ഗോപിക്ക് രാജ്യസഭാസീറ്റു നല്‍കിയത് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് ദേശീയ നേതൃത്വം നല്‍കിയ മുന്നറിയിപ്പ്. കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റാക്കിയിട്ടും സംസ്ഥാനത്ത് ബി.ജെ.പിക്കുള്ളിലെ കലഹം തീരാത്തതിലാണ് ദേശീയ നേതൃത്വത്തിന് അതൃപ്തിയുള്ളത്. കുമ്മനത്തെ പ്രസിഡന്റാക്കിയപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നു വിട്ടു പോയവരെ തിരിച്ചു കൊണ്ടു വരണമെന്ന് അമിത്ഷാ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനു ശ്രമിച്ചില്ലായെന്നും കേന്ദ്ര ബി.ജെ.പി ഘടകത്തിന് അഭിപ്രായമുണ്ട്. സുരേഷ് ഗോപിയെ നേരത്തെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചപ്പോഴും സംസ്ഥാന ഘടകം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ കേരളത്തിന് അനുവദിച്ചിട്ടുള്ള ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പട്ടിക നല്‍കുന്നതിലും തമ്മില്‍ തല്ല് തുടര്‍ന്നു കൊണ്ടിരുന്നു. സുരേഷ് ഗോപിയെ സംസ്ഥാനഘടകത്തിന്റെ അഭിപ്രായത്തെ മാനിക്കാതെ നേരിട്ടു നിയമിച്ചതു കേരള ഘടകത്തിന് പാഠമാകട്ടെയെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്.

10 വര്‍ഷത്തെ ഇടവേളക്ക് ശേഷം പി.പി മുകുന്ദന്‍ ബി.ജെ.പി ആസ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ഒരു നേതാവു പോലും മുകുന്ദനെ സ്വീകരിക്കാന്‍ മാരാര്‍ജി ഭവനിലെത്താത്തതും കേന്ദ്ര ഘടകത്തിന് അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത്് പരസ്യമായ ഈ നിലപാട് എടുത്തതിനെ അമിത്ഷാ തന്നെ നേരിട്ട് കുമ്മനത്തെ വിളിച്ച് അതൃപ്തി അറിയിച്ചതാണ് വിവരം. ആര്‍.എസ്.എസിന്റെ സമ്മര്‍ദ്ദം വഴിയാണ് കുമ്മനം മുകുന്ദന്റെ വരവിനെ അനുകൂലിച്ചത്. വരവ് മുന്‍കൂട്ടി അറിയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്ക് പറഞ്ഞ് കുമ്മനം ഒഴിഞ്ഞുമാറുകയായിരുന്നു. തലസ്ഥാനത്തുണ്ടായിരുന്ന മറ്റു നേതാക്കളും ജില്ലാ ഭാരവാഹികളും അന്ന് എത്തുകയും ചെയ്തില്ല.

മുകുന്ദന്റെ തിരിച്ചുവരവില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ക്കുള്ള എതിര്‍പ്പ് തുടരുന്നതിന്റെ സൂചന നല്‍കുകയായിരുന്നു വിട്ടു നില്‍ക്കല്‍. അതേ സമയം, മുകുന്ദനെ ഏതെങ്കിലും കോര്‍പറേഷന്റെ ചെയര്‍മാന്‍ ആക്കണമെന്ന് ആര്‍.എസ്.എസ് നേതൃത്വം അമിത് ഷായോട് ആവശ്യപ്പെട്ടതായി അറിയുന്നു. അതിനിടെ എന്‍.ഡി.എ സംസ്ഥാന കണ്‍വീനറാക്കണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടിക്ക് മുന്നിലുണ്ട്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ സംസ്ഥാന ഘടകത്തില്‍ വീണ്ടും അഴിച്ചുപണിയുണ്ടാകുമെന്നും ദേശീയ നേതൃത്വം സൂചന നല്‍കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.