2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സുരക്ഷാവലയത്തില്‍ മക്കയും പരിസരവും

നിസാര്‍ കലയത്ത്

മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മക്കയും പരിസരവും കനത്ത സുരക്ഷാവലയത്തില്‍. വിവിധ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് സുരക്ഷാ ജീവനക്കാരാണ് ഹറമിന്റെ പരിസരങ്ങളില്‍ സസൂക്ഷമം ജാഗ്രതയിലുള്ളത്. സ്ഥിരം സേവനത്തില്‍ നിയമിക്കുന്ന സൈനികര്‍ക്ക് പുറമെ സിവില്‍ സര്‍വിസ്, സിവില്‍ ഡിഫന്‍സ് എന്നീ വിഭാഗവും തീര്‍ഥാടകരുടെ സേവനത്തിനും സുരക്ഷയ്ക്കും രംഗത്തുണ്ട്.

ഇതിനു പുറമെ ഹറമിലെ തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് എട്ടുവകുപ്പുകളുടെ സഹകരണത്തോടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളുമുണ്ട്. ഹജ്ജിന് ഭംഗം വരുത്തുന്ന നടപടി മനപൂര്‍വം തീര്‍ഥാടകരുടെ ഭാഗത്തു നിന്നുണ്ടായാല്‍ അവരെ കായികമായി നേരിടാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശമുണ്ട്. സുരക്ഷയുടെ ഭാഗമായി ഓരോ തീര്‍ഥാടകരെയും സൂക്ഷമായി പരിശോധിച്ചാണ് മക്കയിലേക്ക് കടത്തി വിടുന്നത്. അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നതിനും മറ്റുമായി മക്കയിലേക്ക് കടക്കുന്നത് തടയാന്‍ ഏഴു സ്ഥലങ്ങളിലാണ് പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ത്വാഇഫ് മക്ക റോഡിലെ ബുഹൈത്വ, സൈല്‍ റോഡിലെ ഖുര്‍നുല്‍ മനാസില്‍, അല്‍ഹദായിലെ വാദി മുഹര്‍റം, ജിദ്ദ മക്ക എക്‌സ്പ്രസ് റോഡ്, മക്ക മദീന റോഡ്, പഴയ ജിദ്ദ മക്ക റോഡ് തുടങ്ങി സ്ഥലങ്ങളിലാണ് പ്രധാന ചെക്ക് പോയിന്റുകള്‍ ഒരുക്കിയിരിക്കുന്നത്.
തിരക്ക് കുറക്കാന്‍ പ്രധാന ചെക്ക് പോയിന്റുകളിലെത്തുന്നതിന് മുമ്പ് താത്കാലിക പരിശോധന കേന്ദ്രങ്ങളുമുണ്ടാകുമെന്ന് സുരക്ഷ അധികൃതര്‍ വ്യക്തമാക്കി. ഹജ്ജ് അനുമതി പത്രമുള്ളവരാണെന്നും വാഹനം നിശ്ചിത നിബന്ധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തിയാല്‍ താത്കാലിക ചെക്ക് പോയന്റുകളില്‍ വച്ച് വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ പതിക്കും. പ്രധാന ചെക്ക് പോസ്റ്റുകളിലെ പരിശോധന നടപടികള്‍ വേഗത്തിലാക്കാനാണിത്. സര്‍വിസ് റോഡുകളിലൂടെയും മലമ്പാതകളിലൂടെയും നുഴഞ്ഞുകയറുന്നത് നിരീക്ഷിക്കാനും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഓരോ ചെക്ക് പോയിന്റുകള്‍ക്കടുത്തും പിടിയിലാവുന്നവരെ താമസിപ്പിക്കാനും വിരലടയാളമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും പ്രത്യേക കേന്ദ്രങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 4410 പേരെ അസീര്‍ പ്രവിശ്യയില്‍ നിന്നും പിടികൂടി. ഇവരില്‍ സ്വദേശികളും വിദേശികളുമുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇവരെ തുടര്‍ നടപടിക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അനധികൃതമായി ഹജ്ജിന് വാഹനത്തില്‍ കൊണ്ടുപോവുന്നവര്‍ക്ക് 15 ദിവസം തടവും തീര്‍ഥാടകര്‍ക്ക് 15000 റിയാല്‍ വീതം പിഴയുമുണ്ടാകും. ഇതിനു പുറമെ വാഹനം കണ്ടുകെട്ടും. വിദേശിയാണെങ്കില്‍ നാട് കടത്തും.
അതിനിടെ വ്യാജ പാസ്‌പോര്‍ട്ടുകളില്‍ ഹജ്ജിനെത്തിയ സിറിയന്‍ തീര്‍ഥാടകനടക്കമുള്ള 26 പേരെ പിടികൂടി. ഇവരുടെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കണ്ടെത്തിയയായി സഊദി പാസ്‌പോര്‍ട്ട് മേധാവി കേണല്‍ സുലൈമാന്‍ അല്‍ യഹ്‌യ അറിയിച്ചു. ഇവര്‍ പാസ്‌പോര്‍ട്ട് ഫോട്ടോയില്‍ തിരിമറി നടത്തിയതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഹജ്ജ്‌വിസയില്‍ ഇതുവരെ കൃത്രിമങ്ങള്‍ കണ്ടെത്തിയിട്ടില്ല. വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തുന്നതിന് ‘ജവാസാത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ‘പുതുതായി രണ്ടു ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു ഉപയേഗിച്ചാണ് തീര്‍ഥാടകരെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷ ബാധിത രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ പ്രത്യേക സുരക്ഷാ വിഭാഗമാണ് നിലവില്‍ പരിശോധിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News