2018 April 16 Monday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

Editorial

സുപ്രിം കോടതിവിധി പ്രതീക്ഷാ നിര്‍ഭരം


ഇന്ത്യയിലെ സമകാലീന രാഷ്ട്രീയ അന്തരീക്ഷത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കിയേക്കാവുന്ന വിധിപ്രസ്താവം സുപ്രിംകോടതി നടത്തിയിരിക്കുകയാണ്. ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.

മതം, ജാതി, വര്‍ഗം, ഭാഷ എന്നീ അടിസ്ഥാനത്തില്‍ അവ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്നും അങ്ങനെ വന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ 123(3) ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കുമെന്നും സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കുമെന്നുമാണ് ഏഴംഗ ബെഞ്ചില്‍ നാലു പേരുടെയും സുപ്രധാനമായ വിധി. ഏതെങ്കിലും സ്ഥാനാര്‍ഥി മതത്തെയോ വര്‍ഗത്തെയോ വംശത്തെയോ ഭാഷയെയോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗപ്പെടുത്തി വിജയിച്ചുവന്നാല്‍ സഭാ അംഗത്വം അസാധുവായിത്തീരും. ഏതെങ്കിലും പുരോഹിതനോ മത മേലധ്യക്ഷനോ സാമുദായിക നേതാവോ സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ഥിച്ചാലും ഇതുതന്നെയായിരിക്കും അന്തിമ ഫലം. 1995ല്‍ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് ഒരു തെരഞ്ഞെടുപ്പ് കേസില്‍ ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന്, ഈ വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ 2014 ഫെബ്രുവരിയില്‍ സുപ്രിംകോടതി തീരുമാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിന്റെ നേതൃത്വത്തില്‍ ഏഴംഗ ബെഞ്ചില്‍ നിന്ന് സുപ്രധാനമായ വിധി വന്നിരിക്കുന്നത്. ഹിന്ദുത്വത്തെ കുറിച്ച് കോടതി പരാമര്‍ശിച്ചില്ലെങ്കിലും മതവും ജാതിയും രാഷ്ട്രീയത്തില്‍ ഇടപെടുന്നത് വിലക്കിക്കൊണ്ടുള്ള വിധി ശ്രദ്ധേയം തന്നെ. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യക്തിപരമാണെന്നും ഇത്തരം ബന്ധങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും ഏഴംഗ ബെഞ്ചില്‍ നാലുപേരും നിരീക്ഷിച്ചപ്പോള്‍ മതം ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നിരിക്കെ അത് വ്യക്തിയുടെ മൗലികാവകാശം കൂടിയാണെന്നും ആ നിലക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ മൗലികാവകാശം ഉപയോഗപ്പെടുത്തുന്നതില്‍ അപാകതയില്ലെന്നും മൂന്നംഗങ്ങള്‍ വാദിച്ചുവെങ്കിലും ഭൂരിപക്ഷത്തിന്റെ നിരീക്ഷണം സുപ്രിംകോടതിയുടെ വിധിയായി വരുകയായിരുന്നു.

മതേതര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ രണ്ട് നിലയിലും തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലവും കൂടിയാണിത്. രാജ്യം ഭരിക്കുന്നവരില്‍ നിന്നാണ് ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത് എന്നതാണ് ഏറെ പരിതാപകരം. നരേന്ദ്രമോദി ഓരോരോ നിയമങ്ങള്‍ കൊണ്ടുവന്ന് ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഒരു ജനതയെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ ഉയര്‍ന്ന മൂല്യമുള്ള നോട്ടു നിരോധിച്ചത് ഒരു ഉദാഹരണം മാത്രം. ഇതുസംബന്ധിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റില്‍ ഒരു പ്രസ്താവന പോലും അദ്ദേഹം നടത്തിയില്ല. തുടര്‍ന്നുണ്ടായ പാര്‍ലമെന്റ് ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തില്ല. അമ്പത് ദിവസം കഴിഞ്ഞു പിന്നെയും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഫ്രീ ബജറ്റ് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അപകടകരമായ സന്ദേശമാണ് ഇതുവഴി പ്രധാനമന്ത്രി രാജ്യത്തിനു നല്‍കിയത്. നിയമനിര്‍മാണ സഭയായ പാര്‍ലമെന്റ് ഒന്നുമല്ലെന്നും തന്റെ തീരുമാനം തന്നെയാണ് പ്രധാനമെന്നുമുള്ള സന്ദേശം ഇത് ജനാധിപത്യത്തിന്റെ മരണമണിയാണ്.

അതുപോലെ വരാനിരിക്കുന്ന ഏഴു നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമെന്ന നിലയിലാണ് രാജ്യത്ത് അസഹിഷ്ണുതാപരമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. മതപരമായും ജാതീയമായും ജനങ്ങളെ വേര്‍തിരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ സംഘ്പരിവാര്‍ ധൃതഗതിയിലാണ് നിര്‍വഹിച്ചുപോരുന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകം മുതല്‍ രോഹിത് വെമുലയുടെ ആത്മഹത്യയും മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകവും ഈ നിലയിലാണ് കാണേണ്ടത്. യു.പിയില്‍ മുസ്‌ലിംകളുടെ ഭീഷണിയെ തുടര്‍ന്ന് ഹിന്ദുക്കള്‍ ഗ്രാമങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകുന്നുവെന്ന് ബി.ജെ.പി എം.പിയുടെ നേതൃത്വത്തില്‍ കുപ്രചാരണം നടത്തിയതും ജനങ്ങളെ വര്‍ഗീയപരമായി വേര്‍തിരിക്കുവാനും അതുവഴി തെരഞ്ഞെടുപ്പില്‍ വിജയം നേടുവാനുമായിരുന്നു.

നിരവധി ദലിതുകളും ന്യൂനപക്ഷങ്ങളും ബി.ജെ.പി ഭരണകൂടത്തിന്റെ വര്‍ഗീയമായ സമീപനങ്ങളെ തുടര്‍ന്ന് അസ്വസ്ഥമായി കഴിഞ്ഞുപോരുമ്പോള്‍ സുപ്രിംകോടതിയുടെ വിധി അതീവ പ്രാധാന്യമര്‍ഹിക്കുന്നു. യു.പിയടക്കം ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സുപ്രിംകോടതിയുടെ വിധി വര്‍ഗീയ ഫാസിസ്റ്റ് കക്ഷികള്‍ക്ക് കനത്ത പ്രഹരമാകും. മതത്തിന്റെയും ജാതിയുടെയും വര്‍ഗത്തിന്റെയും ഭാഷയുടെയും പേരില്‍ രാജ്യത്തെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഛിദ്രശക്തികള്‍ക്കുള്ള താക്കീതുകൂടിയാണ് സുപ്രിംകോടതി വിധി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.