2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സുന്ദരിയാക്കും തക്കാളി

ശാക്കിര്‍ തോട്ടിക്കല്‍

നമ്മുടെ സൗന്ദര്യ സങ്കല്‍പങ്ങളിലും ആഹാരക്രമത്തിലും തക്കാളി നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. തക്കാളി ഭാരതത്തിലെത്തിയിട്ട് അധികകാലമായിട്ടില്ല. ജന്മംകൊണ്ട് അമേരിക്കക്കാരനാണെങ്കിലും ഇപ്പോള്‍ ലോകത്ത് എല്ലായിടത്തും ഇത് കൃഷിചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
100 ഗ്രാം തക്കാളിയിലെ പോഷകങ്ങള്‍
ജലാംശം    –    94%
പ്രോട്ടീന്‍    –    1.5ഗ്രാം
കൊഴുപ്പ്    –    0.2ഗ്രാം     ധാതുക്കള്‍-    0.4ഗ്രാം
നാരുകള്‍    –    1.1ഗ്രാം     കാര്‍ബോ
ഹൈഡ്രേറ്റ്-    9.8ഗ്രാം
ഇരുമ്പ്    –    0.4ഗ്രാം     വൈറ്റമിന്‍    –    27മി.ഗ്രാം
തക്കാളിയിലെ
ഔഷധഗുണം

 ദിവസവും അത്താഴത്തിനു ശേഷം ഒന്നോ രണ്ടോ തക്കാളി കഴിക്കുന്നത് മലബന്ധമൊഴിവാക്കും. വൈറ്റമിന്‍ എയും സിയും ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാത്സിയം, സള്‍ഫര്‍ എന്നീ ധാതുക്കളും ഉയര്‍ന്ന തോതില്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് വിളര്‍ച്ചയുള്ളവര്‍ക്കും മോണരോഗത്തിനും പല്ലിന്റെയും എല്ലിന്റെയും വളര്‍ച്ചയ്ക്കും  ഉത്തമം. മൂലക്കുരുരോഗികള്‍ ദിവസവും ഒരോ ഗ്ലാസ് തക്കാളി നീരുകഴിക്കുന്നത് ആശ്വാസം നല്‍കും.
 ദഹന പ്രക്രിയ ത്വരിതപ്പെടുത്തുന്ന ഗ്യാസ്ട്രിക് ജ്യൂസ് സ്രവിപ്പിക്കാനുള്ള കഴിവ് തക്കാളി നീരിനുണ്ട്. അതുകൊണ്ടാണ് ദഹനശേഷി വര്‍ധിപ്പിക്കാന്‍ തക്കാളിക്ക് കഴിയുമെന്ന് പറയുന്നത്.
 മുഖസൗന്ദര്യവര്‍ധനവിനും തക്കാളി ഉപയോഗിക്കാം. മുഖത്ത് എണ്ണമയം കൂടുമ്പോള്‍ തക്കാളിനീരില്‍ അല്‍പം മുതിരപ്പൊടി ചേര്‍ത്ത് മുഖത്തുതേച്ച് കുറച്ച് സമയത്തിനു ശേഷം കഴുകിക്കളയുക. എണ്ണമയം മാറും.
 തക്കാളിക്ക് ചുവപ്പ് നിറം നല്‍കുന്ന ലൈസോലിന്‍ എന്ന രാസവസ്തു ക്യാന്‍സറിനെതിരെയുള്ള നല്ലൊരു പ്രതിരോധകമായി നിലകൊള്ളുന്നതിനാല്‍ നിത്യേന തക്കാളി കഴിക്കുന്നത് വന്‍കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
 നേത്രരോഗം, കരള്‍രോഗം, ഹൃദ്രോഗം എന്നിവയ്‌ക്കെല്ലാം തക്കാളി ഉത്തമമാണ്. ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാല്‍ രക്തക്കുറവുള്ള രോഗികള്‍ക്ക് തക്കാളിനീര് നിര്‍േദശിക്കാറുണ്ട്. വാര്‍ധക്യം തടയാന്‍ തക്കാളി ഒരു പരിധിവരെ സഹായിക്കുന്നു.
 ഇരുമ്പു കൂടാതെ കാത്സിയം, ഫോസ്ഫറസ്, കരോട്ടിന്‍ തയാമിന്‍ എന്നിവയും തക്കാളിയിലുണ്ട്. നൂറുഗ്രാം തക്കാളിയില്‍ 20 കലോറി ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു.
 ആഹാരത്തില്‍ സസ്യപോഷകങ്ങളുടെ കുറവുമൂലമുണ്ടാകുന്ന ഒരു ത്വക്ക് രോഗമാണ് സ്‌കര്‍വി. ഈ അസുഖം വരാതിരിക്കാന്‍ തക്കാളിയുടെ ഉപയോഗം പ്രയോജനപ്പെടും. പക്ഷേ തക്കാളി പൊതുവെ വേവിച്ചു കറിയാക്കി ഉപയോഗിക്കുന്നതുകൊണ്ട് ഇതിന്റെ പോഷകഗുണം കാര്യമായി നഷ്ടപ്പെടുന്നുണ്ട്.
 വര്‍ഷം മുഴുവന്‍ ലഭ്യമാകുന്ന ഈ ഉത്തമ ഫലം പാനീയമായി ഉപയോഗിക്കുന്നത് നല്ലതാണ്. റഷ്യന്‍ സലാഡ് എന്ന പേരില്‍ അന്താരാഷ്ട്ര ഹോട്ടലുകളില്‍ വിളമ്പുന്ന ‘പൊങ്ങച്ച ഡിഷി’ലെ പ്രധാനഘടകങ്ങള്‍ തക്കാളിയും വെള്ളരിക്കയും കനം കുറച്ച് അരിഞ്ഞെടുത്തതാണ്. ഗുണ സമ്പുഷ്ടമായ ഇത്തരം ഡിഷുകള്‍ നമ്മുടെ വീടുകളില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.