2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

സുദാന്‍ പ്രക്ഷോഭത്തിന് അയവില്ല; 16 മരണം

 

കാര്‍ത്തൂം: പ്രസിഡന്റ് ഉമറുല്‍ ബഷീറും പ്രതിരോധ മന്ത്രികൂടിയായ പട്ടാളമേധാവി അവാദ് അബ്‌നു ഔഫും രഹസ്യാന്വേഷണവിഭാഗം മേധാവിയും രാജിവച്ചിട്ടും ശാന്തമാവാതെ സുദാന്‍. ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സിവിലിയന്‍ സര്‍ക്കാരിന് അധികാരം കൈമാറണമെന്നാണ് ജനങ്ങളുടെ പുതിയ ആവശ്യം.
രാജ്യത്തെ ഒഴിവുദിനമായ വെള്ളിയാഴ്ചയും ഇന്നലെയുമായി ആയിരക്കണക്കിനാളുകളാണ് തലസ്ഥാന നഗരിയായ കാര്‍ത്തൂമില്‍ ഉള്‍പ്പെടെ തെരുവിലിറങ്ങിയത്. പലസ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. കാര്‍ത്തൂമിലെ സൈനിക ആസ്ഥാനം സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു പുറത്ത് കര്‍ഫ്യൂ ലംഘിച്ച് നൂറുകണക്കിനാളുകളാണ് സിവിലിയന്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി തടിച്ചുകൂടിയത്.
അതേസമയം, വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായുണ്ടായ സംഘര്‍ഷങ്ങളില്‍ 16 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി സുദാന്‍ പൊലിസ് അറിയിച്ചു. നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളും സ്വകാര്യസ്വത്തുക്കളും ആക്രമിക്കപ്പെട്ടതായും സുദാന്‍ പൊലിസ് വക്താവ് ഹാഷിം അലി ഇന്നലെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അവാദ് രാജി പ്രഖ്യാപിച്ചതിനു പിന്നാലെ ആഹ്ലാദം പ്രകടിപ്പിക്കാനും ആയിരങ്ങള്‍ തെരുവിലിറങ്ങി. രണ്ടാമനും വീണെന്ന് അവര്‍ വിളിച്ചുപറഞ്ഞു. വെള്ളിയാഴ്ച രാത്രിയും സുദാനിലെ പ്രധാന നഗരങ്ങളിലൊക്കെയും ആള്‍ക്കൂട്ടം തമ്പടിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. രഹസ്യാന്വേഷണവിഭാഗം മേധാവിയായ സലാഹ് അബ്ദുല്ലാ മുഹമ്മദ് സാലിഹ് ഇന്നലെയാണ് രാജിവച്ചത്.

പ്രക്ഷോഭം ശക്തമായതോടെയാണ് 30 വര്‍ഷത്തെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് ഉമറുല്‍ ബഷീര്‍ വ്യാഴാഴ്ച രാജിവച്ചത്. പ്രതിരോധമന്ത്രിയായിരുന്ന അവാദിനായിരുന്നു പിന്നീട് ഭരണച്ചുമതല. എന്നാല്‍, അവാദിനെതിരെയും ജനരോഷം ശക്തമായതോടെ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹവും പടിയിറങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
ഇതോടെയാണ് സിവിലിയന്‍ സര്‍ക്കാര്‍ രൂപീകരണമാവശ്യപ്പെട്ട് ജനം പ്രക്ഷോഭം തുടര്‍ന്നത്. ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ അബ്ദുര്‍റഹ്മാന്‍ ആണ് മിലിട്ടറി കൗണ്‍സില്‍ പുതിയ മേധാവി.

ജനങ്ങള്‍ അക്രമാസക്തരാവരുതെന്നും ഉടന്‍ സിവിലിയന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മിലിട്ടറി കൗണ്‍സില്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.