2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

Editorial

സി.പി.എമ്മും കോണ്‍ഗ്രസ്സും മാറണം


ഓരോ ദിവസം കഴിയുംതോറും ഇന്ത്യ ഫാസിസത്തിന്റെ പിടിയിലേക്ക് കൂടുതല്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുന്ന ഈ ദുരന്തകാലത്ത് പ്രത്യയശാസ്ത്രശാഠ്യത്തില്‍ തൂങ്ങി കണ്‍മുമ്പിലെ യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സി.പി.എമ്മും രാജ്യത്തെ മാറിവരുന്ന രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഇനിയുമൊരു നിയതമായ തീരുമാനമെടുക്കാനാവാതെ ഉഴറുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സും നയപരിപാടികളില്‍ കാതലായ മാറ്റം വരുത്തുന്നില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയുടെ നില തന്നെ അത്യന്തം അപകടത്തിലാവും. ബംഗാളില്‍ കാലിനടിയിലെ മണ്ണു മുഴുവന്‍ ഒലിച്ചുപോയിട്ടും യാഥാര്‍ഥ്യത്തിന് നേരെ മുഖം തിരിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും സത്യമറിഞ്ഞ ബംഗാള്‍ ഘടകത്തിന്റെ തിരിച്ചറിവിലേക്ക് അല്‍പമെങ്കിലും അടുത്തുവന്നത് ശുഭസൂചനയാണ്. ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പോളിറ്റ് ബ്യറോക്ക് പിന്നാലെ കേന്ദ്ര കമ്മിറ്റിയും തള്ളിയെങ്കിലും ബംഗാള്‍ ഘടകത്തിന്റെ ആവശ്യം മാനിച്ച് മതേതര ജനാധിപത്യ കക്ഷികളുമായി നീക്കുപോക്കിന് അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രകമ്മിറ്റി. സുപ്രിംകോടതിയുടെ ആജ്ഞപോലും തൃണവല്‍ഗണിച്ച് അഭിഭാഷകര്‍ കവലച്ചട്ടമ്പികളായി കോടതികള്‍ക്കുള്ളിലും കഴിഞ്ഞ ദിവസം പുറത്തും കൂത്താടുമ്പോള്‍ ജനങ്ങള്‍ നീതിക്കായി ഏത് വാതിലിലാണ് മുട്ടേണ്ടതെന്ന ആശങ്കയാണ് രാജ്യത്ത് ഉയര്‍ന്നിരിക്കുന്നത്. ഇത്തരമൊരവസരത്തില്‍ രാജ്യത്തെ ജനാധിപത്യ മതേതര പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.

ബംഗാളിലെ സി.പി.എം ഘടകം പാര്‍ട്ടി ബംഗാളില്‍ നാമാവശേഷമാകുന്നതിനെ തൊട്ടറിയുകയും ആ മരണക്കുഴിയുടെ വക്കില്‍ നിന്നും തിരിഞ്ഞുനടക്കുവാന്‍ പാര്‍ട്ടിയെ പുനര്‍ നിര്‍മിക്കുവാനാവശ്യമായ പ്രായോഗികസമീപനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ അവിടെ പ്രത്യയശാസ്ത്ര ശാഠ്യം പറഞ്ഞ് വിഘാതം സൃഷ്ടിക്കുന്നത് ഫാസിസത്തിന് ബംഗാളില്‍ എളുപ്പത്തില്‍ വേരുറപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ. ബംഗാളില്‍ സി.പി.എം വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ മുന്നണി ഒന്നിച്ച് നില്‍ക്കുന്നത് കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസിനെ മാത്രമല്ല പരാജയപ്പെടുത്താനാവുക. ബി.ജെ.പിയുടെ ബംഗാളിലെ വളര്‍ച്ചയെയും ഇല്ലാതാക്കാന്‍ കഴിയും. ബംഗാളില്‍ കേന്ദ്രകമ്മിറ്റിയുടെയും പോളിറ്റ് ബ്യൂറോയുടെയും ഹിതമനുസരിച്ച് സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണി വേറിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ പാര്‍ട്ടിയെ പിന്നെ ബംഗാളില്‍ അന്വേഷിക്കേണ്ടി വരില്ല. പകരം അവിടെ ബി.ജെ.പി ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. കേരളത്തിലെ കാര്യം പറഞ്ഞ് ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ക്കുന്നത് ബാലിശമാണ്. കേരളത്തില്‍ സി.പി.എം കോണ്‍ഗ്രസ്സുമായി കൊമ്പുകോര്‍ത്തപ്പോഴും കേന്ദ്രത്തില്‍ രണ്ടാം യു.പി.എ സര്‍ക്കാരിനെ താങ്ങിനിര്‍ത്തിയതില്‍ മുഖ്യപങ്കു വഹിച്ചത് സി.പി.എമ്മായിരുന്നല്ലോ. എന്നിട്ട് കേരളത്തിലെ സി.പി.എമ്മിന് പരുക്കൊന്നും പറ്റിയില്ലെങ്കില്‍ ബംഗാളിലെ നീക്കുപോക്കു കൊണ്ടും അതുണ്ടാവുകയില്ല. എന്നാല്‍ സി.പി.എമ്മുമായി കോണ്‍ഗ്രസ്സ് കേരളത്തില്‍ സഖ്യമാവാനോ ധാരണയുണ്ടാക്കുവാനോ ശ്രമിക്കുന്നതും രാഷ്ട്രീയ വിഡ്ഢിത്തമായിരിക്കും. ബംഗാളിലെ അവസ്ഥയല്ല കേരളത്തിലേത്. ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസ്സ് അടക്കമുള്ള ജനാധിപത്യ കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ബി.ജെ.പി വളരും. കേരളത്തില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും യോജിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബി.ജെ.പിയായിരിക്കും അതിന്റെ നേട്ടം കൊയ്യുക. ഫാസിസത്തിന്റെ കൊടിയടയാളവുമായി വരുന്ന ബി.ജെ.പിയെ തൂത്തെറിയേണ്ടത് മതേതര ജനാധിപത്യ പാര്‍ട്ടികളുടെ ബാധ്യതയാണെന്നിരിക്കെ പ്രത്യയശാസ്ത്ര കടുംപിടുത്തില്‍ നിന്ന് പ്രായോഗിക നിലപാടുകള്‍ സ്വീകരിക്കുവാന്‍ രാജ്യത്തെ മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സന്നദ്ധമാകണം.
വര്‍ഗീയതയെ എതിര്‍ക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടുവാന്‍ തയാറല്ല എന്നത് ആശാസ്യമല്ല. കോണ്‍ഗ്രസ്സ് ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളാണെന്നാണ് അവരില്‍ സി.പി.എം കാണുന്ന മഹാപാതകം. അതിനാല്‍ ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും ഇടതുപക്ഷ ചേരിയില്‍ നിന്നും ചെറുത്തു തോല്‍പ്പിക്കുക എന്ന ആശയം നല്ലത് തന്നെ. പക്ഷേ ഇന്നത്തെ ഇന്ത്യയില്‍ അത് പുലരുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ്സിന്റെ ആഗോളവല്‍ക്കരണ വക്താവ് സ്വഭാവത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ദുര്‍ബലമായ ഇടതുപക്ഷത്തിന് കഴിയില്ല എന്നിരിക്കെ അവരോടൊപ്പം കൂട്ടുചേര്‍ന്ന് ആഗോളവല്‍ക്കരണത്തില്‍ നിന്നും പിന്തിരിപ്പിക്കാനല്ലേ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷം ചെയ്യേണ്ടത്? ബിഹാറിലെ തെരഞ്ഞെടുപ്പു ഫലത്തില്‍ നിന്നും സി.പി.എം അതാണ് പഠിക്കേണ്ടതും.
വര്‍ഗീയതയെയും ആഗോളവല്‍ക്കരണത്തെയും ഒന്നിച്ചെതിര്‍ക്കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ബിഹാറില്‍ ഇടതുപക്ഷം വേറിട്ട് മത്സരിച്ച് തൂത്തെറിയപ്പെട്ടത്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനം ലംഘിക്കാതെ നീക്കുപോക്ക് അടവുകളുമായി സി.പി.എം ഇന്ത്യയിലെ രാഷ്ട്രീയാന്തരീക്ഷത്തെ അഭിമുഖീകരിക്കണം. അതിന് പാര്‍ട്ടിയെ പുനര്‍ നിര്‍മിക്കേണ്ടിയിരിക്കുന്നു. യെച്ചൂരി നടത്തുന്ന ശ്രമവും അതാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് പതനത്തില്‍ നിന്നും കരകയറുവാന്‍ കാര്യമാത്രപ്രസക്തമായ നയപരിപാടികള്‍ ഇനിയും ആവിഷ്‌ക്കരിച്ചിട്ടില്ല. പാര്‍ട്ടി പല സംസ്ഥാനങ്ങളിലും അതാത് സ്ഥലങ്ങളിലെ പ്രാദേശിക കക്ഷികളുടെ രണ്ടാം പാര്‍ട്ടിയായോ മൂന്നാം പാര്‍ട്ടിയായോ ആണ് സഖ്യത്തില്‍ ഏര്‍പ്പെടുന്നത്. ബിഹാറില്‍ അതാണ് അനുവര്‍ത്തിച്ചതും. ഇത് കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിന് ഒട്ടും സഹായകരമാവുകയില്ല.
മഹത്തായ രാഷ്ട്രീയ പാരമ്പര്യവും പൈതൃകവുമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വടവൃക്ഷമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സെന്ന് ചുരുങ്ങിയപക്ഷം അതിന്റെ നേതാക്കളെങ്കിലും മനസ്സിലാക്കണം. പ്രാദേശിക പാര്‍ട്ടികളുടെ തിട്ടൂരത്തിന് കാത്തിരിക്കാതെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് വേണം ജനാധിപത്യ മതേതര മുന്നണികള്‍ക്ക് നേതൃത്വം നല്‍കാന്‍. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വേണം രാജ്യത്ത് മതേതര ജനാധിപത്യ ചേരി രൂപംകൊള്ളാന്‍. ആസുരമായ ഒരു കാലഘട്ടത്തിലൂടെ ഇന്ത്യാ മഹാരാജ്യം കടന്നുപോകുമ്പോള്‍ കണ്‍തുറന്ന് യാഥാര്‍ഥ്യങ്ങളെ കാണാന്‍ മതേതര ജനാധിപത്യ രാഷ്ട്രീയ കക്ഷികള്‍ തയാറാകുന്നില്ലെങ്കില്‍ പിന്നെയതിന് കാത്തിരിക്കേണ്ടി വരില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.