2018 November 19 Monday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

സി.പി.എമ്മിന്റേത് വര്‍ഗീയതയെ ‘തലോടല്‍’ നയം

കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നത് ഏറെ ആശങ്കയോടെയാണു മതേതര സമൂഹം നോക്കിക്കണ്ടത്. 17 തവണ മത്സരിച്ചു പരാജയപ്പെട്ട ഒ രാജഗോപാല്‍ എന്ന മുതിര്‍ന്നനേതാവിലൂടെ ആദ്യമായി നേമത്തു താമരവിരിയച്ചതിനു പിന്നില്‍ ആരാണെന്ന ചോദ്യത്തിന്റെ ഉത്തരംകണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. പതിനാലാം നിയമസഭയിലെ കേരളത്തിന്റെ ഇരുപത്തിരണ്ടാമത്തെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് താമരയും അരിവാളും തമ്മിലുള്ള അവിശുദ്ധബാന്ധവത്തിന്റെ അവസാനത്തെ ഉദാഹരണമായി നില്‍ക്കുന്നു.
നല്ലൊരു പേരിനുടമയും തന്റെ പഴയയൊരു സുഹൃത്തും ധാരാളംവിഷയങ്ങളില്‍ ‘യോജിപ്പു’ള്ളയാളുമായതിനാലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാമകൃഷ്ണനെ പിന്തുണച്ചതെന്നാണു രാജഗോപാല്‍ പ്രസ്താവിച്ചത്. ധര്‍മത്തിന്റെ ആള്‍രൂപമായ ശ്രീരാമന്റെയും ധര്‍മത്തെ സംരക്ഷിക്കുന്ന ശ്രീകൃഷ്ണന്റെയും പേരുകള്‍ കൂടിച്ചേര്‍ന്നതിനാലാണു ശ്രീരാമ കൃഷ്ണനു വോട്ടുചെയ്തതെന്ന വെളിപ്പെടുത്തല്‍ വിചിത്രമാണ്.
നേമത്തു താന്‍ ജയിക്കാന്‍ സി.പി.എം സഹായിച്ചതിനുള്ള പ്രത്യുപകാരമാണോ നിയസഭയിലെ ഈ കൂട്ടുകെട്ട്. ആര്‍.എസ്.എസ് നയിക്കുന്ന കേന്ദ്രസര്‍ക്കാറിനെ പ്രീതിപ്പെടുത്തുവാന്‍ ബി.ജെ.പി. വോട്ട് ഞങ്ങള്‍ക്കു വേണ്ടെന്നു പറയാന്‍പോലും മടികാണിച്ച മുഖ്യനാണു കേരളത്തിലുള്ളത്. ബി.ജെ.പി സഖ്യത്തിനു ബദലാവാന്‍ സാധിക്കാത്ത സി.പി.എമ്മിനെ പ്രോത്സാഹിപ്പിക്കാന്‍ ബി.ജെ.പി സകലയടവുകളും പയറ്റുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ്സെന്ന മതേതരപ്രസ്‌നാനത്തിന്റെ പതനമാണു വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നത്.
വര്‍ഗീയപ്രീണനം നടത്തി മതേതരച്ചേരിയെ തകര്‍ക്കാന്‍ നോക്കുന്ന സി.പി.എം നേതൃത്വം തീക്കൊള്ളികൊണ്ടാണു തലചൊറിയുന്നതെന്ന വസ്തുത അംഗീകരിക്കേണ്ടതുണ്ട്. അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടി സകലവര്‍ഗീയ ശക്തികളെയും കൂട്ടുപിടിച്ചു മതേതരസമൂഹത്തെ കബളിപ്പിച്ചു നേടിയ വിജയം ആപല്‍ക്കരമായ സൂചനകള്‍ തരുന്നു.
ഒരു നാണയത്തിന്റെ ഇരുപുറങ്ങളായ ബി.ജെ.. പിയും സി.പി.എമ്മും കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരിക്കുമ്പോള്‍ മതേതരസമൂഹം ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തംനാട് വര്‍ഗീയ സംഘട്ടന്നങ്ങളുടെയും രാഷ്ട്രീയപകപോക്കലിന്റെയും വിനാശഭൂമികയായി മാറും

സി.കെ. ഗഫൂര്‍, കാടാമ്പുഴ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.