2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സി.പി.എമ്മിന്റെ ബി.ജെ.പി വിരുദ്ധത വാക്കില്‍ മാത്രം: പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വാക്കില്‍ മാത്രമാണ് സി.പി.എമ്മിന്റെ ബി.ജെ.പി വിരുദ്ധതയെന്നു മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ.കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അതു പ്രവൃത്തിയിലാണ് കാണേണ്ടത്. കാസര്‍കോട്ടും മഞ്ചേശ്വരത്തുമെല്ലാം ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് അവര്‍ തുടരുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസും യു.പി.എയുമാണു ബി.ജെ.പിയെ എതിരിടുന്നത്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് മുന്നണിയെ സഹായിക്കുന്ന സി.പി.എം കേരളത്തില്‍ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് ലീഗ്ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

തോല്‍വി ഉറപ്പായതോടെയാണ് എല്‍.ഡി.എഫ് യു.ഡി.എഫിനെതിരേ ബി.ജെ.പി ബന്ധം ആരോപിക്കുന്നത്. കാസര്‍കോടും മഞ്ചേശ്വരവുമാണ് ബി.ജെ.പിയുമായി ശക്തമായ മത്സരം നടക്കുന്നത്. രണ്ടിടത്തും യു.ഡി.എഫിന് തൊട്ടുപിറകില്‍ ബി.ജെ.പിയാണ്. അവര്‍ക്കെന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് എല്‍.ഡി.എഫ് നേടുന്ന വോട്ടിനനുസരിച്ചാവും. നാദാപുരം മേഖലയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനവും അപകടവും ആവര്‍ത്തിക്കുന്നതു ഗൗരവതരമാണ്. സംഭവത്തില്‍ പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ മരണപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സമാധാനത്തോടെ കഴിഞ്ഞിരുന്ന വടകര-നാദാപുരം മേഖലയെ ആയുധപ്പുരയാക്കാനും സമാധാനം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരേ ശക്തമായ ബഹുജനവികാരം ഉയരണം. ആയുധനിര്‍മാണവും സ്‌ഫോടനവും ആവര്‍ത്തിക്കുന്ന സി.പി.എം അത്തരം കാര്യങ്ങളില്‍ നിന്നു പിന്‍മാറണം. ബോംബ് നിര്‍മാണത്തെയും സ്‌ഫോടനത്തെയും കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തന്റെ പേരില്‍ ഒരു കേസുമില്ലെന്നു പത്രികാസമര്‍പ്പണത്തിലും മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഒട്ടേറെ കേസ്സുകളില്‍ പ്രതിയായവരാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. അത്തരം ശ്രമങ്ങളൊന്നും വിലപ്പോവില്ല. മദ്യനയത്തിലും എല്‍.ഡി.എഫിന്റേത് ഒളിച്ചുകളിയാണ്. അവര്‍ പറഞ്ഞതിന്റെ പൊരുള്‍ ഭരണത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കുമെന്നാണ്.
കാസര്‍കോട്ടെ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന് എല്‍.ഡി.എഫ് തന്നെ സമ്മതിക്കുന്നു. അതിലേറെ ലഭിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. എല്ലാ ജില്ലകളിലും യു.ഡി.എഫ് വലിയ കുതിപ്പ് നടത്തും. വ്യാജ ആരോപണങ്ങള്‍ കൊണ്ട് അതു തടയാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, ട്രഷറര്‍ പി.കെ.കെ.ബാവ, മന്ത്രി ഡോ. എം.കെ.മുനീര്‍, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ എം.സി.മായിന്‍ഹാജി, പി.എം.എ.സലാം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.