2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സി.പി.എമ്മിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ഇ.പി മുഹമ്മദ്

കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി. ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സമാപന ചടങ്ങില്‍ ദീന്‍ദയാല്‍ ഉപാധ്യായ ജന്‍മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് നരേന്ദ്രമോദി സി.പി.എമ്മിനെ കടന്നാക്രമിച്ചത്.
ഇതര പ്രത്യയശാസ്ത്രം പിന്തുടരുന്നവരെ ആക്രമിക്കുന്നതു ജനാധിപത്യ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കൊലപാതക രാഷ്ട്രീയക്കാരെ വെറുതേ വിടില്ല. എന്നാല്‍ ബി.ജെ.പി ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കില്ല.
ചെറിയ സംസ്ഥാനമായ കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കു വേണ്ടി രാജ്യം മുഴുവന്‍ കൂടെ നില്‍ക്കും. കേരളത്തില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ സ്മരണയ്ക്കായി പുറത്തിറക്കിയ ‘ആഹുതി’ പുസ്തകം പാര്‍ട്ടി പ്രതിനിധികള്‍ രാജ്യമൊട്ടാകെ പ്രചരിപ്പിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
പ്രസംഗത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമങ്ങളെ പറയാതെ പറഞ്ഞ നരേന്ദ്രമോദി, മുസ്‌ലിംകളെ ബഹിഷ്‌കരിക്കുകയോ വേര്‍തിരിച്ചു നിര്‍ത്തുകയോ അല്ല വേണ്ടതെന്നും അവരെ ശാക്തീകരിക്കുകയാണു ചെയ്യേണ്ടതെന്നും ദീന്‍ദയാല്‍ ഉപാധ്യായ പറഞ്ഞിട്ടുണ്ടെന്നും സൂചിപ്പിച്ചു. എല്ലാവരെയും തുല്യരായി കാണുന്നതാണു ബി.ജെ.പിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും നയം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സമൂഹത്തിലെ അന്തിമവ്യക്തിയില്‍ വരെ എത്തിച്ചേരുകയെന്നതാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്‌കരിക്കാന്‍ ചര്‍ച്ച ശക്തമാകുകയാണ്.
വലിയ ചെലവുവരുന്ന നിലവിലെ രീതിക്കു മാറ്റംവരുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമാണ്. ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പാരീസ് ഉടമ്പടി ഇന്ത്യ ഒക്ടോബര്‍ രണ്ടിന് പ്രാബല്യത്തില്‍ വരുത്തും.
പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്ന രീതി നമ്മെ നാശത്തിലെത്തിക്കും. ഭൗമ താപനില രണ്ട് ഡിഗ്രി കൂടുന്നത് എങ്ങനെ തടയാമെന്നാണു ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ചൂട് രണ്ട് ഡിഗ്രി കൂടിയാല്‍ കേരളമടക്കം എല്ലാ തീരപ്രദേശങ്ങളേയും അതു ദോഷകരമായി ബാധിക്കും. ഏറ്റവും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രീതിയിലുള്ള ജീവിതശൈലി സ്വീകരിച്ച ആളായിരുന്നു ഗാന്ധിജി. അതുകൊണ്ടാണ് ഗാന്ധിജയന്തി ദിനം അത്തരമൊരു കരാറിലേര്‍പ്പെടാന്‍ നാം തിരഞ്ഞെടുത്തത്- അദ്ദേഹം പറഞ്ഞു.

വിവാദവിഷയങ്ങള്‍ തൊട്ടില്ല; പുതിയ പ്രഖ്യാപനങ്ങളില്ല

ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമാപിച്ചു

കോഴിക്കോട്: ബി.ജെ.പി ദേശീയതലത്തില്‍ ഉയര്‍ത്തിയ വിവാദവിഷയങ്ങള്‍ സ്പര്‍ശിക്കാതെയും പുതിയ പ്രഖ്യാപനങ്ങള്‍ നടത്താതെയുമാണ് മൂന്നു ദിവസമായി കോഴിക്കോട്ടു നടന്ന ദേശീയ കൗണ്‍സില്‍ സമ്മേളനം സമാപിച്ചത്.
ഗോവധ നിരോധനം, ഏകീകൃത സിവില്‍കോഡ്, രാമജന്മഭൂമി, കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തുകളയല്‍, വിലക്കയറ്റം, വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തുടങ്ങിയ വിവാദ വിഷയങ്ങളിലൊന്നും തൊടാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സമാപന ദിവസമായ ഇന്നലെ ദീന്‍ദയാല്‍ ഉപാധ്യായ ജന്‍മശതാബ്ദി ആഘോഷ ചടങ്ങിലെ പ്രസംഗത്തില്‍ പുതിയ പദ്ധതി പ്രഖ്യാപനത്തിനും അദ്ദേഹം തയാറായില്ല. സമ്മേളനത്തിന്റെ പ്രമേയം ഉറി ഭീകരാക്രമണത്തില്‍ ഒതുങ്ങുകയും ചെയ്തു.
ജനസംഘം അധ്യക്ഷനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ആശയങ്ങളായ ഗരീബി കല്യാണ്‍, അന്ത്യോദയ തുടങ്ങിയവയില്‍ ഊന്നി പാവപ്പെട്ടവര്‍ക്കും പിന്നോക്കക്കാര്‍ക്കുമായി ഒട്ടേറെ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും മോദി നിരാശപ്പെടുത്തുകയായിരുന്നു.
ദേശീയ പ്രസിഡന്റ് അമിത്ഷായുടെയോ മുന്‍ പ്രസിഡന്റുമാരായ വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുവര്‍ദാസ് തുടങ്ങിയ നേതാക്കളുടെയോ പ്രസംഗങ്ങളും പ്രതിനിധികളെ ആവേശത്തിലാക്കിയില്ല. മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയതുപോലുമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.