2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

സി.പി.എം വിടുന്നുവെന്ന് വ്യാജപ്രചാരണം: പി.ജയരാജന്‍ പരാതി നല്‍കി

കണ്ണൂര്‍: താന്‍ സി.പി.എം വിടുന്നുവെന്ന സമൂഹമാധ്യങ്ങളിലെ വ്യാജ പ്രചാരണത്തിനെതിരേ വിശദീകരണവുമായി പി.ജയരാജന്‍.
പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന് പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.
തിരുവോണ ദിവസമാണു ‘പി.ജയരാജന്‍ സി.പി.എം വിടുന്നു, ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നു സൂചന’ എന്ന തരത്തില്‍ ബി.ജെ.പി നിയന്ത്രിത ചാനലായ ജനം ടി.വിയുടെ ലോഗോവച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിച്ചത്.
ഇതേതുടര്‍ന്നു സി.പി.എം നേതാക്കളെയും പി.ജയരാജനെയും തേടി പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരവധി വിളികളാണ് എത്തിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ജയരാജന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ആര്‍.എസ്.എസ് ചാനലായ ജനം ടി.വിയുടെ ലോഗോ വച്ച പോസ്റ്ററുകളാണു കാണുന്നത്. പ്രചരിപ്പിക്കുന്നത് സംഘികളും മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളും. ഇതോടെ വ്യാജവാര്‍ത്താ പ്രചാരണത്തിനു പിന്നില്‍ സംഘ്പരിവാറും മുസ്‌ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന്’ വ്യക്തമായതായും പി.ജയരാജന്‍ വിശദീകരിച്ചു. പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണു സംഘികള്‍. അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേദിവസം ഭീകരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ കെ.വി സുധീഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതും 20 വര്‍ഷം മുന്‍പ് തിരുവോണ നാളില്‍ തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തിലാണെന്ന് ഓര്‍ക്കണം. സംഘ്പരിവാര ശക്തികള്‍ക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സി.പി.എം പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കു പോരാടിയ ആളാണു താന്‍. വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നും പി.ജയരാജന്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.