2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

സി.പി.എം ജാതി-മത സര്‍വേ; കണ്ണൂരില്‍ രാഷ്ട്രീയ വിവാദം

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി.പി.എം ജാതി-മത വിവരങ്ങള്‍ ഉള്‍പ്പെട്ട സര്‍വേ നടത്തുന്നതിനെ ചൊല്ലി കണ്ണൂരില്‍ രാഷ്ട്രീയ വിവാദം. കണ്ണൂര്‍ അടക്കമുള്ള മലബാര്‍ ജില്ലകളില്‍ സര്‍വേ പൂര്‍ത്തിയായി. പ്രളയം കാരണം തെക്കന്‍ ജില്ലകളില്‍ സര്‍വേ പൂര്‍ത്തിയായിട്ടില്ല. പ്രത്യേക ഫോറം തയാറാക്കി ബ്രാഞ്ച് അടിസ്ഥാനത്തിലാണ് സര്‍വേ. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വേക്കെതിരേ കണ്ണൂരില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും രംഗത്തെത്തി. 

സര്‍ക്കാര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭവന സന്ദര്‍ശനം നടത്തി വിവര ശേഖരണം നടത്തുന്ന സി.പി.എമ്മിന്റെ പ്രവര്‍ത്തനത്തെ തടയാന്‍ സര്‍ക്കാര്‍ ഉടന്‍ തയാറാകണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പല വീടുകളിലും കയറി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും പേരുപറഞ്ഞ് പ്രവാസികളുടെ വോട്ടുകള്‍ നേടാനുള്ള ഗൂഢശ്രമമാണ് സര്‍വേയ്ക്കു പിന്നില്ലെന്നും മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയും ആരോപിച്ചു.
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സി.പി.എം ബൂത്ത് കമ്മിറ്റികള്‍ക്കാണ് സര്‍വേയുടെ ചുമതല. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളാണ് സര്‍വേയുടെ മേല്‍നോട്ടം വഹിക്കുന്നത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ച് ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ വിവരങ്ങളാണ് ഈ സര്‍വേയിലൂടെ ശേഖരിക്കുന്നത്. വ്യക്തികളുടെ ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, രാഷ്ട്രീയ-സാമുദായിക ആഭിമുഖ്യം തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയവ സംബന്ധിച്ചും ചോദ്യാവലിയില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞയാഴ്ച പൂര്‍ത്തീകരിക്കേണ്ട സര്‍വേയുടെ സമയപരിധി പ്രളയത്തെ തുടര്‍ന്ന് ഈമാസം അവസാനംവരെ നീട്ടി. ജില്ലയിലെ സി.പി.എം ശക്തികേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം സര്‍വേ പൂര്‍ത്തിയായെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
രണ്ടു മാസം മുന്‍പ് ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ് സര്‍വേ നടത്തുന്നത്. ഈ മാസം അവസാനത്തോടെ സര്‍വേ പൂര്‍ത്തിയാക്കി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് നല്‍കാനാണ് നിലവില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കിയ നിര്‍ദേശം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.