2017 November 13 Monday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

സി.കെ നായിഡു: കേരളത്തിന് വമ്പന്‍ തോല്‍വി

കൃഷ്ണഗിരി(വയനാട്): സി.കെ നായിഡു ട്രോഫി അണ്ടര്‍ 23 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അയല്‍പ്പക്കപ്പോരില്‍ കേരളത്തിന് 189 റണ്‍സിന്റെ വമ്പന്‍ തോല്‍വി. രണ്ട് ദിനങ്ങളും ആറ് വിക്കറ്റുകളും കൈയ്യിലുണ്ടായിട്ടും കേരളത്തിന് കൃഷ്ണഗിരിയില്‍ വിജയം പിടിക്കാനായില്ല. പന്തുകൊണ്ട് തമിഴ്‌നാടിനെ വരിഞ്ഞുകെട്ടിയ ഫനൂസ് ബാറ്റ് കൊണ്ടും തന്നാലാവും വിധം പൊരുതിയെങ്കിലും മറ്റുള്ളവര്‍ക്കൊന്നും പിന്തുണ നല്‍കാനായില്ല.
കഴിഞ്ഞ ദിവസത്തെ സ്‌കോറില്‍ തന്നെ ഫാബിദ് അഹമ്മദ് പുറത്തായതോടെ കേരളത്തിന്റെ പതനം തുടങ്ങി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി തമിഴ്‌നാടും തകര്‍ച്ചക്ക് ശക്തിയേകി. അഞ്ചിന് 92 എന്ന നിലയില്‍ കരകയറാന്‍ ഫനൂസ് ശ്രമം നടത്തിയെങ്കിലും മറ്റുള്ളവരില്‍ നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിച്ചില്ല. 26 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും നാല് ബൗണ്ടറിയുമടക്കം 36 റണ്‍ നേടിയ ഫനൂസ് മോഹന്‍പ്രസാതിന്റെ പന്തില്‍ ഷാരൂക് ഖാന് ക്യാച്ച് നല്‍കി പുറത്തായതോടെ കേരളത്തിന്റെ പരാജയം പൂര്‍ണമായി.
തമിഴ്‌നാടിനായി അശ്വത് മുകുന്ദന്‍ മൂന്ന് വിക്കറ്റുകളും സംറൂദ് ബട്ട്, മോഹന്‍പ്രസാദ് എന്നിവര്‍ രണ്ടും നായകന്‍ കൗഷിക്, അഭിനവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ നാലുകളികളില്‍ തമിഴ്‌നാടിന് 22 പോയിന്റായി.
ഇത്രയും കളികളില്‍ നിന്ന് കേരളത്തിനുള്ളത് നാല് പോയിന്റുകളാണ്. ഇതോടെ ടൂര്‍ണമെന്റിലെ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം ത്രിശങ്കുവിലായിരിക്കുകയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.