2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സി.എ.ജി റിപ്പോര്‍ട്ട് അവഗണിക്കാന്‍ സി.പി.എം തീരുമാനം

 

 

ജലീല്‍ അരൂക്കുറ്റി
തിരുവനന്തപുരം : പൊലിസിലെ അഴിമതിയും വീഴ്ചകളും ചൂണ്ടിക്കാണിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് വിവാദം രാഷ്ട്രീയപ്രേരിതമായി കണ്ട് അവഗണിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
യു.ഡി.എഫ് കാലത്തെ അഴിമതിയെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ നിഗമനം. ഇതിന് ഇടതുമുന്നണി മറുപടി പറയേണ്ട. മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞുകൊള്ളും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പു അടുത്തിരിക്കെ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് ഇടതുമുന്നണിയുടെ തീരുമാനം.
റിപ്പോര്‍ട്ടിലെ യു.ഡി.എഫ് ഭരണകാലത്തെ ഇടപാടുകള്‍ ചൂണ്ടിക്കാണിച്ച് പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതൊഴികെ ബാക്കിയെല്ലാ കേസുകളും യു.ഡി.എഫ് കാലത്തുണ്ടായതാണെന്നാണ് വിലയിരുത്തല്‍.
പതിവില്ലാതെ സി.എ. ജി വാര്‍ത്താസമ്മേളനം വിളിച്ച് കണ്ടെത്തലുകള്‍ പറഞ്ഞതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന സൂചന നല്‍കിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്.
സാധാരണ സി.എ.ജി റിപ്പോര്‍ട്ടുകള്‍ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുന്നില്‍ എത്തുമ്പോള്‍ മറുപടിയും വിശദീകരണവും നല്‍കി പരിഹരിക്കാറാണ് പതിവെന്നും അതുതന്നെ ഇപ്പോഴുമുണ്ടാകും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇന്നും നാളെയും നടക്കുന്ന സി.പി.എം സംസ്ഥാന സമിതിയില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും.

സര്‍ക്കാര്‍ മൗനം തുടരുന്നു

റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം തുടരുകയാണ്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗവും തുടര്‍നടപടിയെടുത്തില്ല. വിഷയം അജന്‍ഡയില്‍ ഇല്ലാതിരുന്നതിനാല്‍ ചര്‍ച്ച ചെയ്തില്ല.
2017ല്‍ വിഴിഞ്ഞം പദ്ധതിയില്‍ ക്രമേക്കേടുണ്ടെന്ന സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍വച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഡി.ജി.പിയെ പേരെടുത്തു പറഞ്ഞ് ഗുരുതരമായ കണ്ടെത്തലുകള്‍ നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നശേഷം ചേര്‍ന്ന രണ്ടാമത്തെ മന്ത്രിസഭായോഗമായിരുന്നു ഇന്നലത്തേത്. റിപ്പോര്‍ട്ടില്‍ എടുത്ത നടപടിയടക്കം മൂന്നു മാസത്തിനകം സര്‍ക്കാര്‍ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് കൈമാറണം.
കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടും.
ഇതിന്റെ അടിസ്ഥാനത്തിലുള്ള വിശദീകരണത്തിനു ശേഷമാണ് റിപ്പോര്‍ട്ട് അക്കൗണ്ട്‌സ് കമ്മിറ്റി തയാറാക്കുക.
പിന്നീട് ഡി.ജി.പി അടക്കമുള്ളവരെ കമ്മിറ്റി നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടും. ഈ നടപടിക്രമങ്ങള്‍ക്കുള്ള സാവകാശം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.