2017 May 29 Monday
ആലീസ് വാക്കര്‍

സി.എസ്.ഐ സഭയുടെ സിനഡ് സമ്മേളനത്തിന് അക്ഷരനഗരി വേദിയാകും

കോട്ടയം: മുപ്പത്തിയെട്ട് വര്‍ഷത്തിനു ശേഷം സി.എസ്.ഐ സഭയുടെ പരമോന്നത സമിതിയായ സിനഡ് സമ്മേളനത്തിന് അക്ഷരനഗരി വേദിയാകുന്നു. സഭയുടെ അധ്യക്ഷനേയും അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളേയും തെരഞ്ഞെടുക്കുന്ന സിനഡ് സമ്മേളനം ശനിയാഴ്ച തുടങ്ങി 17നു സമാപിക്കും.
സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ സഭയുടെ 24 മഹായിടവകകളില്‍നിന്നുള്ള തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ക്കുപുറമെ വിദേശസഭകളില്‍ നിന്നും പങ്കാളിത്ത സഭകളില്‍ നിന്നുമുള്ള ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 500 അംഗങ്ങളാണ് 35ാമത് സിനഡ് സമ്മേളനത്തില്‍ പങ്കെടുക്കുക. എല്ലാ വന്‍കരകളിലും ആരാധനാലയങ്ങളുള്ള സഭയുടെ സിനഡ് സമ്മേളനത്തില്‍ വിവിധ വന്‍കരകളില്‍നിന്നും പ്രത്യേക ക്ഷണിതാക്കളായി പ്രതിനിധികള്‍ പങ്കെടുക്കും.
മോഡറേറ്റര്‍ റവ. ഡോ. ജി ദൈവാശീര്‍വ്വാദം, ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍, ജനറല്‍ സെക്രട്ടറി റവ. ഡോ. ഡാനിയേല്‍ രത്‌നാകര്‍ സദാനന്ദ, ട്രഷറര്‍ റോബര്‍ട്ട് ബ്രൂസ് എന്നിവര്‍ സിനഡിന് നേതൃത്വം നല്‍കും. കൂടാതെ സി. എന്‍.ഐ മോഡറേറ്റര്‍ മോസ്റ്റ്. റവ. ഡോ. പ്രദീപ് കുമാര്‍ സാമന്ത് റായ്, അഖില ലോക മെതഡിസ്റ്റ് സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ബിഷപ്പ്. ഡോ. ഐവാന്‍ എബ്രഹാംസ്, കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന്‍ ജനറല്‍ സെക്രട്ടറി. റവ. ഡോ. കോളിന്‍ കോവാന്‍, വേള്‍ഡ് കമ്മ്യൂണിയന്‍ ഓഫ് റിഫോംഡ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി റവ. ക്രിസ്റ്റഫര്‍ ഫെര്‍ഗ്യൂസന്‍ തുടങ്ങിയ ലോക സഭാ നേതാക്കള്‍എന്നിവര്‍ മുഖ്യാതിഥികളായി എത്തും. 14നു രാവിലെ 9.30 ന് പ്രാരംഭ ആരാധനയോടുകൂടി സിനഡ് സമ്മേളനം ഔദ്യേഗികമായി ആരംഭിക്കുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.