2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സി.എച്ച് ലൈബ്രറിയില്‍ മാലോകരറിയുന്ന സി.എച്ച് മാരിയത്ത്

മലബാറിന്റെ ധൈഷണിക സിരാകേന്ദ്രമായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സി.എച്ച് മുഹമ്മദ് കോയ ലൈബ്രറിയില്‍ എപ്പോഴും പുഞ്ചിരിതൂകുന്ന ഒരാളെക്കാണാം, സി.എച്ച് മാരിയത്ത്. വിധിയുടെ തിരിച്ചടികള്‍ നിരന്തരമുണ്ടായിട്ടും അവയെ സധൈര്യം നേരിട്ട എഴുത്തുകാരി, ചിത്രകാരി, എല്ലാത്തിനും പുറമേ, മാലോകര്‍ക്കു ചിരപരിചിതയാണ് മാരിയത്ത്.

മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ ചുങ്കത്തറ ചോലശ്ശേരി സൈതലവി ഹാജിയുടേയും സൈനബയുടേയും രണ്ടാമത്തെ മകളാണിവര്‍. സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പനിവന്ന് ഇരുകാലുകളും തളര്‍ന്നു. കുഴഞ്ഞുപോയ പാദങ്ങള്‍ ആ കുരുന്നു മനസിനെ തളര്‍ത്തിയില്ല. രണ്ടാം ക്ലാസിനു ശേഷം അവര്‍ക്കു സ്‌കൂളില്‍ പോകാന്‍ സാധിച്ചില്ല.
എന്നാല്‍, പത്താം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചു ചരിത്രത്തിന്റെ ഗതി മാറ്റി. ചിത്രം വരയും പുസ്തകമഴുത്തും അവരെ വ്യത്യസ്തയും വിശ്വപ്രസിദ്ധയുമാക്കി. വിധിയുടെ തിരിച്ചടികളും അവര്‍ണനീയമായ നിരവധി ശാരീരിക പ്രയാസങ്ങളും ഒന്നിച്ചനുഭവിച്ചുകൊണ്ടുതന്നെ തന്റെ പ്രീഡിഗ്രി, ഡിഗ്രി പഠനം അവര്‍ മുന്നോട്ടുകൊണ്ടുപോയി. മലപ്പുറം ലളിതകലാ അക്കാദമിയില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിലൂടെ അവര്‍ നാട്ടുകാര്‍ക്കും ചിരപരിചിതയായി. നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തി.

ആകാശവാണിയിലും വ്യത്യസ്ഥ ചാനലുകളിലും നിരവധി പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ‘കാലം മായ്ച കാല്‍പാടുകള്‍’ മാരിയത്തിന്റെ ആത്മകഥയാണ്. ഇതിപ്പോള്‍ നാലാം പതിപ്പുവരെ പ്രസിദ്ധീകരിക്കപ്പെട്ടു. കന്നട ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു.

ആത്മകഥ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വുമന്‍സ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍വന്നതോടെ പുതിയൊരു ലോകംകൂടി മാരിയത്തിനു മുന്നില്‍ തുറന്നു. യൂനിവേഴ്‌സിറ്റി ഉള്‍പ്പെടുന്ന ജില്ലകളിലെ മികവുറ്റ വനിതയെന്ന പുരസ്‌കാരം നല്‍കി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇവരെ ആദരിച്ചു. 2012ല്‍ മാര്‍ച്ച് എട്ടിന് ലോക വനിതാദിനത്തിലായിരുന്നു ആയിരങ്ങളെ സാക്ഷിയാക്കി മാരിയത്തിനെ സര്‍വകലാശാല ആദരിച്ചത്.

പിന്നെ ഇഷ്ടപ്പെടുന്ന പുസ്തകലോകത്തേക്കായിരുന്നു പ്രയാണം. പ്രതിസന്ധികളില്‍ പ്രത്യാശയേകാന്‍ മറ്റുള്ളവര്‍ക്ക് മാതൃകയായ പുസ്തകങ്ങളുടേയും കലകളുടെയും നാടറിയുന്ന ഈ കൂട്ടുകാരിക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈബ്രറി അസിസ്റ്റന്റായി നിയമനം നല്‍കി. ഇപ്പോള്‍ രണ്ടു വര്‍ഷത്തിലധികമായി പതിനായിരക്കണക്കിനു പുസ്തകങ്ങളുമായി സല്ലപിക്കുകയാണിവര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News