2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സിവില്‍ സര്‍വിസ് ഫലം പ്രഖ്യാപിച്ചു; മലപ്പുറം സ്വദേശിക്ക് 33ാം റാങ്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് ഫലം പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ ടീനാ ദാബി ഒന്നാംറാങ്കും ജമ്മുകശ്മിരില്‍ നിന്നുള്ള റെയില്‍വേ ഓഫിസര്‍ അതാര്‍ ആമിര്‍ ഉള്‍സഫിഖാന്‍ രണ്ടാം റാങ്കും നേടി. ഇന്ത്യന്‍ റവന്യൂ സര്‍വിസ് ഓഫിസറായ ഡല്‍ഹി സ്വദേശി ജസ്മീത് സിങ് സന്ധുവിനാണ് മൂന്നാം റാങ്ക്. അതേസമയം, മലയാളിയായ മലപ്പുറം വളാഞ്ചേരി കാവുമ്പുറം മാമ്പഴിക്കളം ജയരാജന്‍ ഉണ്ണിയുടെ മകന്‍ ഒ. ആനന്ദ് 33ാം റാങ്ക് കരസ്ഥമാക്കി. ഡല്‍ഹിയിലെ ലേഡി ശ്രീരാം കോളജില്‍നിന്നു ബിരുദം നേടിയ 22കാരിയായ ടീനാ ആദ്യശ്രമത്തില്‍ തന്നെ ഒന്നാംറാങ്ക് നേടുകയായിരുന്നു. എന്നാല്‍, ദക്ഷിണ കശ്മിരിലെ അനന്ത്‌നാഗില്‍ നിന്നുള്ള 23കാരനായ അതാര്‍ രണ്ടാം ശ്രമത്തിലാണ് രണ്ടാംറാങ്ക് നേടിയത്. ലക്‌നൗവിലെ ഇന്ത്യന്‍ റെയില്‍വേസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിലിരിക്കേയാണ് വീണ്ടും പരീക്ഷ എഴുതിയത്.മൂന്നാംറാങ്ക് നേടിയ ജസ്മീത് 2014ല്‍ സിവില്‍ സര്‍വിസ് പരീക്ഷയില്‍ ജയിക്കുകയും ഇന്ത്യന്‍ റവന്യൂ സര്‍വിസില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

കേരളത്തിന്റെ അഭിമാനമായി ആനന്ദ്

വളാഞ്ചേരി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ 33ാം റാങ്ക് നേടിയ മലപ്പുറം വളാഞ്ചേരി സ്വദേശി ആനന്ദ് മലയാളികളുടെ അഭിമാനമായി. തിരുവനന്തപുരം സിവില്‍ സര്‍വിസ് അക്കാദമിയിലാണ് സിവില്‍ സര്‍വിസ് കോച്ചിങ് പഠനം നടത്തിയത്. വളാഞ്ചേരി ടൗണില്‍ വ്യാപാരിയാണ് പിതാവ്. അമ്മ മിനി മാവണ്ടിയൂര്‍ ഹയര്‍ െസക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്.

1078 പേരാണ് സിവില്‍ സര്‍വിസിന് അര്‍ഹത നേടിയതെന്ന് യു.പി.എസ്.സി അറിയിച്ചു. ഇതില്‍ 499 പേര്‍ ജനറല്‍ കാറ്റഗറിയും 314 പേര്‍ മറ്റ് പിന്നോക്ക വിഭാഗത്തിലും 176 പേര്‍ പട്ടികജാതിയിലും 89 പേര്‍ പട്ടികവര്‍ഗത്തിലും പെടുന്നവരാണ്. 172 പേര്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ടെന്നും യു.പി.എസ്.സി അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.