2018 November 21 Wednesday
വിഡ്ഢികള്‍ പാതിനിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയിടുന്നു. ബുദ്ധിമാന്‍മാര്‍ തടാകംപോലെ ശാന്തരാകുന്നു

സിവില്‍ കേസുകളില്‍ ഇടപെടുന്ന പൊലിസുകാര്‍ സര്‍വിസില്‍ തുടരണോ: ഹൈക്കോടതി

കൊച്ചി: സിവില്‍ കേസുകളില്‍ ഇടപെടുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സര്‍വിസില്‍ തുടരണോയെന്നത് സംബന്ധിച്ച് ഹൈക്കോടതി ആഭ്യന്തര സെക്രട്ടറിയുടെയും സംസ്ഥാന പൊലിസ് മേധാവിയുടെയും റിപ്പോര്‍ട്ട് തേടി.
കൂട്ടുകച്ചവടക്കാരനുമായുള്ള തര്‍ക്കം നിലനില്‍ക്കേ പരാതിയില്ലാതെ തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ഒരുങ്ങുന്നതായി ചൂണ്ടിക്കാട്ടി തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി വിശദീകരണം തേടിയത്. ഉടുമ്പന്നൂര്‍ സ്വദേശി വിജോ സ്‌കറിയയുമായി പാര്‍ണര്‍ഷിപ്പില്‍ നടത്തിവരികയായിരുന്ന സ്ഥാപനത്തില്‍ നിന്ന് ഹരജിക്കാരന്‍ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിരിഞ്ഞതായി ഹരജിയില്‍ പറയുന്നു.
എന്നാല്‍ കണക്കുകള്‍ സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നിലനില്‍ക്കുകയായിരുന്നു. ഇതിനിടെ ഏതെങ്കിലും പരാതിയോ കേസോ ഇല്ലാതെ തൊടുപുഴ സി.ഐ ശ്രീമോന്‍ തന്നെ സ്റ്റേഷനിലേക്ക് നിര്‍ബന്ധിച്ചു വിളിച്ചു വരുത്തിയെന്ന് ഹരജിയില്‍ പറയുന്നു.
ഹാജരായാല്‍ നിര്‍ബന്ധപൂര്‍വം തന്നില്‍ നിന്ന് ചെക്കുകളും മറ്റ് രേഖകളും ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങാനുള്ള ശ്രമമുണ്ടാകുമെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. നിയമവിരുദ്ധവും അധികാരമില്ലാതെയും തന്നെ വിളിച്ചുവരുത്താനുള്ള നടപടി തടയണമെന്നും തന്നെ പീഡിപ്പിക്കാനും അപമാനിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകരുതെന്നുമാണ് ഹരജിയിലെ ആവശ്യം.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി സി.ഐക്കെതിരേ ആരോപണമുണ്ട്.
നേരത്തെ രണ്ട് സിവില്‍ കേസുകളില്‍ ഇടപെട്ടതായി പരാതിയുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരേയാണ് ഇപ്പോഴത്തെ ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ ഒരു പരാതി തള്ളിപ്പോയെങ്കിലും മറ്റൊരു പരാതിയില്‍ ഉദ്യോഗസ്ഥനെ താക്കീത് നല്‍കിയിട്ടുള്ളതാണ്.
ഇത്തരം ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ആഭ്യന്തര സെക്രട്ടറിയേയും ഡി.ജി.പിയേയും കേസില്‍ കക്ഷി ചേര്‍ത്ത് വിശദീകരണം തേടിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News