2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

സിറിയ: ബൂത്വിയുടെ നിലപാട് തന്നെയായിരുന്നു ശരി

സിറിയയില്‍  ജനാധിപത്യാവകാശത്തിനായി തുടങ്ങിയ ജനകീയ സമരം വന്‍പരാജയം തന്നെയാണെന്ന് എല്ലാവരും സമ്മതിച്ചിരിക്കുകയാണ്.  അക്രമ നടപടികളുള്ള അസദിന്റെ അപ്രമാദിത്യ സിറിയയായിരുന്നു തീര്‍ത്തും അരക്ഷിതമായ ഇന്നത്തെ സിറിയയേക്കാള്‍ നല്ലതെന്ന് സമ്മതിക്കാത്തവരുണ്ടാകില്ല. സമരം തുടങ്ങുമ്പോള്‍ തന്നെ ഇത് മുന്‍കൂട്ടി കാണുകയും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഒരു സിറിയന്‍ പണ്ഡിതനുണ്ടായിരുന്നു, സഈദ് റമദാന്‍ അല്‍ ബൂത്വി. തുര്‍ക്കിയില്‍ ജനിച്ച റമദാന്‍ അല്‍ ബൂത്വി കമാല്‍ പാഷയുടെ മതനിരാസ ഭരണകാലത്താണ് സിറിയയിലേക്ക് കുടിയേറുന്നത്. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം തന്റെ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്.
 അദ്ദേഹം സിറിയന്‍ ജനതയോട് പറഞ്ഞു, ”പള്ളികളെ നശിപ്പിക്കാനും രാജ്യത്ത് കുഴപ്പമുണ്ടാക്കാനും ശ്രമിക്കുന്നവരുടെ ആഹ്വാനങ്ങള്‍ക്ക് നിങ്ങള്‍ ചെവി കൊടുക്കരുത്’. എന്നാല്‍ ബൂത്വിയുടെ വാക്കുകളോട്  നേര്‍വിപരീതമായിരുന്നു ഇഖ്‌വാനീ പണ്ഡിതനായ യൂസുഫ് അല്‍ ഖറദാവിയുടെ നിലപാട്. അസദിന്റെ ഭരണത്തിനെതിരേ ശക്തമായി പ്രതികരിച്ച ഖറദാവി അസദിനെ പിന്തുണക്കുന്നവരെയും നശിപ്പിക്കാന്‍ പ്രക്ഷോഭകാരികളോട് ആഹ്വാനം ചെയ്തിരുന്നു. ഇസ്രാഈലിനെതിരേ പോരാടുന്നതിനേക്കാള്‍ മഹത്വരമാണ് അസദിനെപ്പോലെയുള്ള അക്രമകാരികളായ ഭരണാധികാരികള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്നതെന്ന് വരെ പറഞ്ഞ ഖറദാവി ബൂത്വിയെ കണക്കിന് വിമര്‍ശിക്കാനും മറന്നില്ല. ആളുകളെ വഴികേടിലേക്ക് നയിക്കുന്ന ബുദ്ധിശൂന്യനായ വ്യക്തിയാണ് ബൂത്വിയെന്നായിരുന്നു ഖറദാവി തുറന്നടിച്ചത്. ഖറദാവിയുടെ നിലപാടിനെതിരേ ബൂത്വിയും രംഗത്തെത്തി. പിഴച്ച മാര്‍ഗമാണ് ഖറദാവി പിന്തുടരുന്നതെന്നും ഫിത്‌നയുടെ വാതില്‍ തുറക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ബൂത്വി തിരിച്ചടിച്ചു.
ബൂത്വി-ഖറദാവി അഭിപ്രായ ഭിന്നതയോടെ പണ്ഡിതന്മാര്‍ ഈ പക്ഷത്തും ചേര്‍ന്നു. സൂഫി സരണി പിന്‍പറ്റുന്ന പണ്ഡിതര്‍ ബൂത്വിയെ പിന്തുണക്കുകയാണ് ചെയ്തത്. തന്റെ നിലപാടിന് ബൂത്വി കൊടുക്കേണ്ടത് സ്വന്തം ജീവനായിരുന്നു. 2011 മസാറയില്‍ 84 പേരുടെ ജീവനപഹരിച്ച ചാവേറാക്രമണത്തില്‍ ബൂത്വിയും കൊല്ലപ്പെട്ടു. ബൂത്വി എന്താണോ ഭയപ്പെട്ടത് അത് തന്നെ സിറിയയില്‍ സംഭവിച്ചു. 2011 ഫെബ്രുവരിയില്‍ തുടങ്ങിയ പ്രക്ഷോഭം തുടങ്ങുമ്പോള്‍ സമാധാനപരമായിരുന്നെങ്കിലും പിന്നീടത് രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധമായി പരിണമിച്ചു. പ്രക്ഷോഭകാരികള്‍ ഫ്രീ സിറിയന്‍ ആര്‍മിയെന്ന പേരില്‍ ശക്തിപ്രാപിച്ചു. അല്‍ നുസ്‌റ ഫ്രണ്ട് എന്ന സലഫീ കക്ഷിയും ഇതില്‍ ചേര്‍ന്നതോടെ ഫ്രീ സിറിയന്‍ ആര്‍മി ഗവണ്‍മെന്റ് സേനക്കെതിരേ ശക്തമായ മുന്നേറ്റം നടത്തി. ഇതര രാജ്യങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ സേനയെ സഹായിച്ചത് പോലെ പാശ്ചാത്യ രാജ്യങ്ങള്‍ സിറിയന്‍ പ്രതിപക്ഷത്തിന് അത്യാധുനിക ആയുധങ്ങള്‍ നല്‍കി സഹായിച്ചു. സര്‍ക്കാര്‍ സേനയും പാശ്ചാത്യപിന്തുണയുള്ള പ്രതിപക്ഷവും തമ്മില്‍ ശക്തമായ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് സര്‍വ തീവ്രവാദ ഗ്രൂപ്പുകളേയും അപ്രസക്തമാക്കി ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്ന പേരില്‍ ഐ.എസ്.ഐ.എസ് പിറവിയെടുക്കുന്നതും സിറിയയില്‍ ശക്തരാവുന്നതും. സിറിയന്‍ യുദ്ധം ഇതോടെ മൂന്ന് കക്ഷികള്‍  തമ്മിലുള്ളതായി.
സിറിയന്‍ ആഭ്യന്തര യുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യം ഏതാണ്ട് തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. അറബ് വസന്തം എന്ന പേരില്‍ നടന്ന പ്രക്ഷോഭങ്ങള്‍ രാജ്യത്തെ തീര്‍ത്തും അരക്ഷിതമാക്കിയെന്നും അത് വലിയൊരു പരാജയമായിരുന്നെന്നും ഇന്ന് വ്യക്തമായിരിക്കുകയാണ്.    
പുതുതായി നടത്തിയ സര്‍വേ പ്രകാരം ബശ്ശാറിന്റെ ഭരണത്തിനുള്ള പിന്തുണ വര്‍ധിച്ച് വരികയാണ്. ഈ സര്‍വേ പ്രകാരം 47 ശതമാനം പേരും ബശ്ശാറിന്റെ ഭരണത്തെ പിന്തുണക്കുന്നവരാണ്. വെറും 37ശതമാനം പേര്‍ മാത്രമാണ് ഇന്ന് ഭരണകൂടത്തെ എതിര്‍ക്കുന്നത്. അദ്ദേഹത്തോടുള്ള അനുഭാവം കൊണ്ടല്ല ഈ പിന്തുണ വര്‍ധിച്ചത്, മറിച്ച് ശാന്ത സുന്ദര ജീവിതം നയിക്കാനുള്ള ആഗ്രഹം കൊണ്ടാണ്.   രാജ്യം മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതോടെ അതുവരെ പ്രക്ഷോഭത്തെ അനുകൂലിച്ചിരുന്ന ഖറദാവി പോലെയുള്ള ഇഖ്‌വാനി പണ്ഡിതര്‍ തിരശ്ശീലക്ക് പിന്നിലേക്ക് മറഞ്ഞു. ബൂത്വിയുടെ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. അതെ, ഭരണാധികാരിയെ തകര്‍ക്കാനുള്ള ശ്രമം ഒടുവില്‍ രാജ്യത്തെ തന്നെ കുട്ടിച്ചോറാക്കി. ബൂത്വിയുടെ നിലപാട് ശരിവച്ച് ഭരണകൂടത്തെ അംഗീകരിച്ച് നിന്നിരുന്നുവെങ്കില്‍ ഭരണകൂടത്തിന്റെ ചില അശുഭകരമായ നടപടികള്‍ മാത്രമേ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നുള്ളൂ. ഇതിപ്പോള്‍ രാജ്യത്തെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.

          ഒ.പി റാശിദ് ഹുദവി കൊടുവള്ളി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.