
ദമസ്കസ്: സിറിയയിലെ ഇദ്ലിബില് തമ്പടിച്ചിരിക്കുന്ന തീവ്രവാദികളെ പുറത്താക്കി ‘വൃത്തിയാക്കണ’മെന്ന് ഇറാന്. ഇന്നലെ ദമസ്കസിലെത്തിയ ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സൈന്യം ഇദ്ലിബിലെത്തി അവിടെയുള്ള തീവ്രവാദികളെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിറിയയെ പുനര്‍നിര്‍മിക്കണം. അതിന് എല്ലായിടത്തുനിന്നും തീവ്രവാദികളെ ഇല്ലാതാക്കണം. ഇദ്ലിബിനെ സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്കു തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിറിയയില്‍ അവശേഷിക്കുന്ന ഏക വിമത കേന്ദ്രമാണ് ഇദ്ലിബ്. ഇവിടെ പകുതിയിലേറെ ആളുകളും സര്‍ക്കാരിനെതിരാണ്. ഇവിടത്തെ വിമതര്‍ക്കെതിരേ യോജിച്ച പോരാട്ടം നടത്താന്‍ റഷ്യയും സിറിയയും തീരുമാനിച്ചതിനു പിന്നാലെയാണ് ഇറാന് വിദേശകാര്യ മന്ത്രിയുടെ അഭിപ്രായപ്രകടനം.
ദമസ്കസിലെത്തിയ മുഹമ്മദ് ജവാദ് ശരീഫ് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദടക്കം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം.