2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

സിറിയയില്‍ വ്യോമാക്രമണം: ആക്രമണം നടത്തിയത് യു.എസ്, ബ്രിട്ടീഷ്, ഫ്രഞ്ച് സഖ്യസേന

ദമസ്‌കസ്: സിറിയക്കെതിരേ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കയും സഖ്യകക്ഷികളും. കഴിഞ്ഞയാഴ്ച കിഴക്കന്‍ ഗൂഥയിലെ ദൂമയില്‍ സാധാരണക്കാര്‍ക്കുനേരെ നടന്ന രാസായുധ പ്രയോഗത്തിനു തിരിച്ചടിയായാണ് ബ്രിട്ടീഷ്-ഫ്രഞ്ച് സൈന്യത്തോടൊപ്പം ചേര്‍ന്ന് അമേരിക്ക സിറിയന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചത്.
തലസ്ഥാനമായ ദമസ്‌കസിനടുത്തുള്ള മൂന്നു കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. 105 മിസൈലുകളാണ് മൂന്നുസൈന്യങ്ങള്‍ ചേര്‍ന്ന് സിറിയക്കെതിരേ വര്‍ഷിച്ചതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. എന്നാല്‍, മുപ്പതോളം മിസൈലുകളാണ് തങ്ങള്‍ക്കുനേരെ വന്നതെന്നും ഇതില്‍ 13 മിസൈലുകള്‍ തകര്‍ത്തതായും സിറിയന്‍ വ്യോമസേന അവകാശപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് നാട്ടുകാര്‍ക്കു പരുക്കേറ്റു. ആളപായം ഒഴിവാക്കാന്‍ നേരത്തെ കൃത്യമായ ആലോചനയിലൂടെ തയാറാക്കിയ പദ്ധതിയനുസരിച്ചാണ് ആക്രമണം നടന്നതെന്നും പദ്ധതി പൂര്‍ണമായും വിജയിച്ചതായും വൈകിട്ട് പെന്റഗണ്‍ വൃത്തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണത്തിനു തുടക്കമിട്ടത്. ദമസ്‌കസിലെ ഗവേഷണകേന്ദ്രത്തിനു നേരെയാണ് ആദ്യം ആക്രമണം നടന്നത്. രാസായുധ നിര്‍മാണത്തിനു വേണ്ട ഗവേഷണങ്ങള്‍ നടക്കുന്നത് ഇവിടെയാണെന്നാണ് അമേരിക്കയുടെ ആരോപണം. ഹോംസിലെ രണ്ട് രാസായുധ സംഭരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണു മറ്റു രണ്ട് ആക്രമണങ്ങള്‍ നടന്നത്. അതേസമയം, യു.എസ് സഖ്യസേന വര്‍ഷിച്ച 65 മിസൈലുകള്‍ സിറിയന്‍ സൈന്യം തകര്‍ത്തതായി ബ്രിട്ടന്‍ കേന്ദ്രമായുള്ള നിരീക്ഷണ സംഘമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് (എസ്.ഒ.എച്ച്.ആര്‍)അറിയിച്ചു. വടക്കന്‍ ദമസ്‌കസിലെ ജംറയയിലെയും വടക്കുപടിഞ്ഞാറന്‍ ദമസ്‌കസിലെ ബര്‍സെയിലെയും രണ്ട് ഗവേഷണ കേന്ദ്രങ്ങള്‍, ഹോംസിലെ ശാസ്ത്രഗവേഷണ കേന്ദ്രം, തെക്കന്‍ ദമസ്‌കസിലെ കിസ്‌വയിലും മെസെഹ് സൈനികതാവളത്തിനടുത്തുമുള്ള ആയുധപ്പുരകള്‍ എന്നിവയ്ക്കു നേരെയാണ് ആക്രമണം നടന്നതെന്നും എസ്.ഒ.എച്ച്.ആര്‍ അറിയിച്ചു. 103 മിസൈലുകളില്‍ 71ഉം തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ വകുപ്പും അവകാശപ്പെട്ടു.
ദൗത്യം സമ്പൂര്‍ണമായി വിജയിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. കാടത്തത്തിനും ക്രൂരതയ്ക്കുമെതിരേ അമേരിക്ക തങ്ങളുടെ ധാര്‍മികമായ അധികാരം പ്രയോഗിക്കുകയാണ് സിറിയയില്‍ ചെയ്തതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. നിയമപരവും ശരിയായതുമായ നടപടിയാണ് സഖ്യസേനയുടെ ആക്രമണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പ്രതികരിച്ചു. സിറിയയുടെ ക്രൂരതയ്‌ക്കെതിരേ ഇതല്ലാതെ മറ്റൊരു വഴിയില്ലായിരുന്നെന്നും മേ പറഞ്ഞു. എന്നാല്‍, രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ശക്തിയോടെ നേരിടാന്‍ സിറിയക്കും ജനങ്ങള്‍ക്കും കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ് യു.എസ് സഖ്യസേനയുടെ ആക്രമണമെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് പ്രതികരിച്ചു. സിറിയയിലെ ഭീകരവാദത്തെ പിന്തുണക്കുകയാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണം നടന്നയുടന്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവരെ അസദ് ഫോണില്‍ ബന്ധപ്പെട്ടു. ഇരുരാജ്യങ്ങളും സിറിയയ്ക്കു ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
യു.എസ് സഖ്യസേനയുടെ ആക്രമണത്തെ പുടിന്‍ ശക്തമായി അപലപിച്ചു. സംഭവം സിറിയയുടെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നു വിശേഷിപ്പിച്ച പുടിന്‍ സംഭവത്തില്‍ യു.എന്‍ രക്ഷാസമിതി അടിയന്തരമായി യോഗം ചേരണമെന്നും ആവശ്യപ്പെട്ടു.
സിറിയയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും മിസൈല്‍ വേധ സംവിധാനമായ എസ്-300 നല്‍കുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. ആക്രമണത്തെ അപലപിച്ച റൂഹാനി സിറിയയ്ക്കു വേണ്ട സൈനിക-സാമ്പത്തിക സഹായം നല്‍കുമെന്നും വ്യക്തമാക്കി.
അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണത്തിനു പിന്തുണയുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. ജര്‍മനി, തുര്‍ക്കി, കാനഡ, സഊദി അറേബ്യ, ഖത്തര്‍, ജപ്പാന്‍, ആസ്‌ത്രേലിയ, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങളാണു നടപടിയെ പിന്തുണച്ചത്. എന്നാല്‍, സിറിയക്കും സഖ്യരാജ്യങ്ങളായ റഷ്യ, ഇറാന്‍ എന്നിവയ്ക്കും പുറമെ ആക്രമണത്തെ വിമര്‍ശിച്ച് ചൈനയും ഹമാസും ലബനാനിലെ ഹിസ്ബുല്ലയും രംഗത്തെത്തി.
ലോകം മൂന്നാം ലോകയുദ്ധത്തിലേക്കാണു നീങ്ങുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം നടന്നത്. അപകടകരമായ നടപടികളിലേക്ക് നീങ്ങാതിരിക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും ശ്രദ്ധിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ റഷ്യയുടെ ആവശ്യപ്രകാരം യു.എന്‍ അടിയന്തര യോഗം ചേര്‍ന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.