2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സിറിയയില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനപരമ്പര: 57 മരണം

ദമസ്‌കസ്: സിറിയിലെ ഹുംസിലും ദമസ്‌കസിലുമുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 57 പേര്‍ കൊല്ലപ്പെട്ടു. 107 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഏറെയും തദ്ദേശവാസികളാണ്. നാലു സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ദക്ഷിണ ദമസ്‌കസിലെ പ്രാന്തപ്രദേശമായ സയ്യിദ സൈനബിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ ഹുംസിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 42 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹുംസ് നഗരത്തിലെ അതിര്‍ത്തിയിലെ അല്‍ അര്‍മാന്‍ പ്രദേശത്താണ് സ്‌ഫോടനം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യു.കെ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററിയുടെ കണക്ക് പ്രകാരം മരണസംഖ്യ 46 ആണ്.

കൊല്ലപ്പെട്ടവരില്‍ 28 തദ്ദേശീയരും ഉള്‍പ്പെടുമെന്ന് ഇവര്‍ പറയുന്നു. ഹുംസ് നഗരത്തിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസം നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ മാസം സയ്യിദ സൈനബിലുണ്ടായ സ്‌ഫോടനത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഐ.എസ് ശക്തികേന്ദ്രമായ റഖയിലും അലെപ്പോയിലും ഐ.എസ് വിരുദ്ധ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഹുംസിലെ ആക്രമണം. അലെപ്പോയിലെ 18 ഗ്രാമങ്ങള്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയന്‍ സേന തിരിച്ചുപിടിച്ചിരുന്നു. റഖക്കും അലെപ്പോക്കും ഇടയില്‍ 40 കി.മി അകലെയുള്ള കിഴക്കന്‍ അലെപ്പോയിലെ ഗ്രാമങ്ങളാണിവ. ആക്രമണം ശക്തമായതിനെ തുടര്‍ന്ന് അരലക്ഷം പേരാണ് അലെപ്പോയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പലായനം ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.