2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

സിന്നജെന്‍ ഖത്തറുമായി ആറ് മില്യന്‍ ഡോളറിന്റെ മരുന്ന് കയറ്റുമതി കരാറില്‍ ഒപ്പുവച്ചു

ദോഹ: തുര്‍ക്കിഷ് ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ സിന്നജെന്‍ ഖത്തറിലെ വന്‍കിട മരുന്ന് കമ്പനിയായ ഇബ്‌നുസീന മെഡിക്കലുമായി ആറ് മില്യന്‍ ഡോളറിന്റെ കരാര്‍ ഒപ്പുവച്ചു. ഇബ്‌നുസീനയുമായുള്ള കരാര്‍ പ്രകാരം ജൈവസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഖത്തറിന്റെ ഉയര്‍ന്ന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പുതിയ കരാറിലൂടെ സാധിക്കുമെന്ന് സിന്നജെന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഫര്‍ഹത് ഫര്‍സിയെ ഉദ്ധരിച്ച് ടര്‍ക്കിഷ് വാര്‍ത്താ ഏജന്‍സിയായ അനദോലു റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ തുര്‍ക്കിയില്‍ നിന്നും ഖത്തറിലേക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി 1.2 മില്ല്യന്‍ ഡോളറിന്റേതാണ് നടക്കുന്നത്. പുതിയ ആറ് മില്യന്‍ ഡോളറിന്റെ കരാറോടെ തുര്‍ക്കിയില്‍ നിന്നും ഖത്തറിലേക്കുള്ള മരുന്ന് കയറ്റുമതിയില്‍ അഞ്ചിരട്ടി വര്‍ധനവാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയില്‍ കമ്പനി വികസനത്തിന്റെ ഭാഗമായി 100 മില്യന്‍ ഡോളറാണ് നിക്ഷേപിക്കുന്നത്. ഗവേഷണം, വികസനം, കമ്പനിയുടെ ഫാക്ടറി നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ഉപയോഗപ്പെടുത്തുക. ജൈവസാങ്കേതിക ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ്, സെയില്‍സ് രംഗങ്ങളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ഇബ്‌നുസീന ജനറല്‍ മാനേജര്‍ ശരീഫ് ശെഹാത പറഞ്ഞു. ശരീരത്തിലെ വിവിധ കലകള്‍, കാന്‍സര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സന്ധിവാതം, രക്തജന്യ രോഗങ്ങള്‍ തുടങ്ങിയവക്കുള്ള മരുന്നുകളാണ് കൂടുതല്‍ വിതരണം നിര്‍വഹിക്കുക. അല്‍ ഫൈസല്‍ ഹോള്‍ഡിംഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇബ്‌നുസീന മെഡിക്കല്‍സാണ് ഖത്തറിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പോളത്തിന്റെ പകുതിയോളം കൈകാര്യം ചെയ്യുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള പങ്കാളിത്തം രണ്ടു രാജ്യങ്ങളിലേയും സാമ്പത്തിക വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ഗുണപ്രദമായി സ്വാധീനിക്കുമെന്ന് ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഫിക്‌റെത് ഓസര്‍ അഭിപ്രായപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.