2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

 

ഹരാരെ: 37 വര്‍ഷം സിംബാബ്‌വെയെ അടക്കിഭരിച്ച മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ സിംഗപ്പൂരിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ബ്രിട്ടനില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയെടുത്തത്. സ്വാതന്ത്ര്യാനന്തരം 1980ല്‍ സിംബാബ്‌വേയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി മുഗാബെയെ തെരഞ്ഞെടുത്തു.
എന്നാല്‍ അധികാരത്തിലേറിയതോടെ അധികാരം പൂര്‍ണമായും തന്റെ കൈപ്പിടിയിലാക്കാനായി ശ്രമം. പ്രതിപക്ഷ സ്വരത്തെ അടിച്ചമര്‍ത്തുകയും ഭരണഘടനയെ മാറ്റുകയും ചെയ്ത മുഗാബെയെയാണ് പിന്നീട് ലോകം കണ്ടത്. ഒളിപ്പോര്‍ പോരാളിയില്‍ നിന്ന് സ്വേച്ഛാധിപതിയിലേക്കുള്ള യാത്രയായിരുന്നു ആ ജീവിതം. 1987ല്‍ ഭരണഘടന തിരുത്തി പ്രസിഡന്റ് പദവി ഏറ്റെടുത്തു. 2017 നവംബറില്‍ കടുത്ത ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സൈന്യം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
1924 ഫെബ്രുവരി 21ന് ഹരാരെയിലെ കത്തോലിക്ക കുടുംബത്തില്‍ ഒരു ആശാരിയുടെ മകനായി ജനിച്ച മുഗാബെ ദേശീയ വിപ്ലവകാരിയായാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. 1970കളില്‍ അദ്ദേഹം സര്‍ക്കാരിനെതിരേ ഗറില്ലാ കാംപയിന്‍ നടത്തി. 2000ത്തില്‍ വെള്ളക്കാര്‍ നാട്ടുകാരില്‍ നിന്നു കൈയേറിയ ഭൂമി അദ്ദേഹം തിരിച്ചുപിടിച്ചു. 1964ല്‍ ജയിലിലടക്കപ്പെട്ട അദ്ദേഹത്തെ പത്തു വര്‍ഷത്തിനു ശേഷമാണ് മോചിപ്പിച്ചത്. ഇതിനിടെ നാലു വയസുള്ള മകന്‍ മരണപ്പെട്ടപ്പോള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോലും അദ്ദേഹത്തെ അനുവദിച്ചില്ല.
സിംബാബ്‌വെ ആഫ്രിക്കന്‍ നാഷനല്‍ യൂനിയന്‍ സ്ഥാപക നേതാവായ അദ്ദേഹം 1973ല്‍ ജയിലിലായിരിക്കെയാണ് സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഭരണത്തിലേറിയ ശേഷം കറുത്തവര്‍ഗക്കാര്‍ക്ക് ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. 2008ലെ തെരഞ്ഞെടുപ്പില്‍ ഗുണ്ടകളെ ഉപയോഗിച്ചു രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തിയത് കടുത്ത പ്രതിഷേധത്തിനിടയാക്കി.
ദൈവത്തിനു മാത്രമേ തന്നെ നിഷ്‌കാസിതനാക്കാന്‍ കഴിയൂവെന്ന് പ്രസ്താവിച്ചിരുന്ന മുഗാബെ 100 വയസു വരെ താന്‍ രാജ്യം ഭരിക്കുമെന്ന് ഒരിക്കല്‍ പറയുകയുണ്ടായി. അതു നടന്നില്ലെങ്കിലും മരണപ്പെടുന്നതിനു രണ്ടു വര്‍ഷം മുന്‍പു വരെ അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിനു സാധിച്ചു.
മുഗാബെയുടെ നിര്യാണത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ, കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാറ്റ, താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മാഗുഫുലി, നമീബിയ പ്രസിഡന്റ് ഹേഗ് ജീന്‍ഗോബ്, നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ തുടങ്ങി ലോക നേതാക്കള്‍ അനുശോചിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.