2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സിംഗിള്‍ ഡ്യൂട്ടി: കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കി

നിലമ്പൂര്‍: സിംഗിള്‍ ഡ്യൂട്ടിയുടെ പേരില്‍ കെ.എസ്.ആര്‍.ടി.സി വെട്ടിച്ചുരുക്കിയതില്‍ മലയോരത്തെ ജനങ്ങളുടെ ഏക ബസ് സര്‍വീസും. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളിലൂടെയുള്ള ഏക ബസ് സര്‍വീസാണ് വെട്ടിചുരുക്കലില്‍പ്പെട്ടത്. രാവിലെ 6.50-നും ഉച്ചക്ക് 11.40-നും വൈകുന്നേരം 4.40-നുമാണ് നിലമ്പൂര്‍ നിന്ന് അകമ്പാടം-കക്കാടംപൊയില്‍ വഴി തിരുമ്പാടിയിലേക്ക് സര്‍വീസ് നടത്തിയിരുന്നത്.
വൈകുന്നേരം 4.40-ന് നിലമ്പൂര്‍ നിന്ന് പുറപ്പെട്ട് അകമ്പാടം-കക്കാടംപൊയില്‍ വഴി കോഴിപ്പാറയിലേക്ക് പോയിരുന്ന സര്‍വീസാണ് സിംഗില്‍ ഡ്യൂട്ടിയുടെട പേരില്‍ റദ്ദാക്കിയത്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്ന സര്‍വീസ് കൂടിയാണിത്. നിലവില്‍ 12-ന് ശേഷം അകമ്പാടത്ത് നിന്ന് കക്കാടംപൊയിലിലേക്ക് സര്‍വീസ് ഇല്ലാത്ത അവസ്ഥയുമുണ്ട്. 2013-ലാണ് മലയോര ജനതയുടെ ആവശ്യാര്‍ഥം ഈ സര്‍വീസ് ആരംഭിച്ചത്.
ഉച്ചക്ക് ശേഷം ബസ് സര്‍വീസ് മുടങ്ങുന്നതോടെ പഞ്ചായത്തിന്റെ ആസ്ഥാനമായ അകമ്പാടത്ത് എത്തുന്നവര്‍ക്ക് കക്കാടംപൊയില്‍, വാളാന്തോട് ഭാഗങ്ങളിലേക്കെത്തണമെങ്കില്‍ നാനൂറ് രൂപ മുടക്കി ഓട്ടോറിക്ഷയോ എണ്ണൂറു രൂപ മുടക്കി ജീപ്പ് വാടകക്ക് വിളിച്ചോ പോകേണ്ടിവരും. അല്ലാത്തപക്ഷം അരീക്കോട്-കൂമ്പാറ വഴി 60 കിലോമീറ്ററോളം സഞ്ചരിച്ച് വേണം കക്കാടംപൊയിലില്‍ എത്താന്‍. ദിവസേന 8,000 ത്തിനും 10,000 ത്തിനു ഇടയില്‍ വരുമാനമുണ്ടായിരുന്ന സര്‍വീസായിരുന്നു ഇത്. എട്ടുമണിക്കൂര്‍ ഡ്യൂട്ടിയുടെ പേരില്‍ സര്‍വീസ് വെട്ടിക്കുറക്കുമ്പോഴും ഇതിലെ ജീവനക്കാര്‍ പത്തുമണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ സര്‍വീസ് മുടക്കേണ്ട ആവശ്യമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഒന്‍പത് ആദിവാസി കോളനി നിവാസികള്‍ക്കും എണ്ണൂറോളം മലയോര കര്‍ഷക കുടുംബങ്ങള്‍ക്കും ഏക ആശ്രയമായിരുന്നു ഈ സര്‍വീസ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.