2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

സാമ്പത്തിക സംവരണം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള തന്ത്രം: കെ.പി.എ മജീദ്

 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം മുന്നോക്ക സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടുള്ള തന്ത്രമാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഈ വിഷയത്തില്‍ എല്ലാ സംവരണ സമുദായങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എ.എസ് സംവരണ അട്ടിമറിക്കും സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനുമെതിരേ എം.എസ്.എഫ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എ.എസിന്റെ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് കടുത്ത അനീതിയാണ്. നിയമ വകുപ്പും, എസ്.സി, എസ്.ടി കമ്മിഷനും, ന്യൂനപക്ഷ കമ്മിഷനും സംവരണം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല.
എ.ജിയുടെ നിയമോപദേശമാണ് നടപ്പാക്കുന്നതെന്നാണ് വിശദീകരണം. എന്നാല്‍ എ.ജി മുഖ്യമന്ത്രിയുടെ താല്‍പര്യത്തിന് അനുസരിച്ച് മാത്രമേ നിയമോപദേശം നല്‍കുകയുള്ളൂ. പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണ ആനുകൂല്യം നല്‍കിയിട്ടും സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രാതിനിധ്യം കുറവാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് പോലും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എന്‍.എ ഖാദര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ.എ.എസില്‍ സംവരണവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
സംവരണ വിഷയത്തിലായാലും ഏക സിവില്‍കോഡ് വിഷയത്തിലായാലും ഫാസിസ്റ്റുകളുടെ അതേ നിലപാടാണ് ഇടതുമുന്നണിയും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ മാരായ അഡ്വ.എം. ഉമ്മര്‍, എന്‍.എ നെല്ലിക്കുന്ന് , പി.ഉബൈദുള്ള, മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍, ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ യൂജിന്‍ പെരേര, ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍, വി.ആര്‍ ജോഷി, ഡോ.പി നസീര്‍ ബീമാപള്ളി റഷീദ്, പ്രൊഫ.തോന്നക്കല്‍ ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.പി നവാസ് സ്വാഗതവും ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.