2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

സാമ്പത്തിക പ്രതിസന്ധി: മന്ത്രിമാരടക്കമുള്ളവരൂടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ സഊദി രാജാവിന്റെ ഉത്തരവ്

നിസാര്‍ കലയത്ത്

 

ജിദ്ദ: എണ്ണ വിലയിടവിനെത്തുടന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും 20 ശതമാനം ശമ്പള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ഇരു ഹറമുകളുടെയും സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്.

ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശമ്പളം ആനുകൂല്യങ്ങളെ വെട്ടിക്കുറച്ചതെന്നും രാജാവ് അറിയിച്ചു. ഇതിനു പുറമേ രാജ്യത്തെ പരമോന്നത കൂടിയാലോചന ശൂറ കൗണ്‍സിലെ അംഗങ്ങളുടെ 15 ശതമാനവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു.

ഇതുവഴി സ്വദേശികളുടെ ഏകദേശം മൂന്നില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കും. എന്നാല്‍ ദക്ഷിണ അതിര്‍ത്തിയില്‍ സൈനിക നടപടിയില്‍ പങ്കെടുക്കുന്ന സൈനികരെയും വിദേശങ്ങളില്‍ സൈനിക, ഇന്റലിജന്‍സ് ഓപ്പറേഷനുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അലവന്‍സ് അനുവദിക്കും.

വാര്‍ഷിക അലവന്‍സ് വിതരണത്തില്‍ ഉള്‍പ്പെടുത്തേണ്ട സൈനികരെ നിര്‍ണയിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് രൂപംനല്‍കുന്നതിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതുസംബന്ധിച്ച നാല് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.

ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം വാര്‍ഷിക അലവന്‍സ് വിതരണവും വേതന വര്‍ധനവും നിര്‍ത്തിവെക്കാനും രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ സര്‍വീസ് ജീവനക്കാര്‍ക്കുള്ള നിരവധി അലവന്‍സുകളും റദ്ദാക്കി.

മറ്റ് ചില അലവന്‍സുകളിലും കുറവു വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്.

പൊതുവരുമാനം വര്‍ധിപ്പിക്കുന്നതിന് അടുത്തിടെ നിരവധി തീരുമാനങ്ങള്‍ സഊദിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ധന, വൈദ്യുതി, ജല നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. വിസാ ഫീസുകളും ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളും ഉയര്‍ത്തുകയും ചെയ്തു. പുതിയ ഫീസുകള്‍ ഒക്‌ടോബര്‍ രണ്ടിന് നിലവില്‍വരും.

തെക്കന്‍ അതിര്‍ത്തിയില്‍ യെമനുമായി 18 മാസമായി തുടരുന്ന സൈനിക ഇടപെടല്‍ ഭാഗമായും വന്‍ സാമ്പത്തിക ബാധ്യതയാണ് സഊദി വഹിക്കുന്നത്. യോഗത്തില്‍ ഉപ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ്. ഡെപ്യൂട്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെ കാബിനറ്റ് മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.