2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയിലെ മലയാളി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ദമ്മാം: സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയിലെ മലയാളി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം കല്ലറ പാങ്ങോട് സ്വദേശി രാജേന്ദ്രന്‍ നായരെയാണ് (55) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെിയത്. മുന്‍ സൈനികനാണിദ്ദേഹം. റൂമിലുള്ള ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. അല്‍കോബാര്‍ റാക്ക ആസ്ഥാനമായുള്ള അല്‍ ഹുസൈനി മാന്‍പവര്‍ കമ്പനിയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടുമാസം മുന്‍പ് മകള്‍ അശ്വനിയുടെ വിവാഹം നടത്തി നാട്ടില്‍ നിന്നും തിരിച്ചെത്തിയതാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്കു പിന്നിലെന്നാണ് വിവരം.

കടുത്ത സാമ്പത്തിക ബാധ്യതക്കൊപ്പം കമ്പനിയിലെ ശമ്പളവും അനന്തമായി നീണ്ടുപോയത് മൂലം കനത്ത മന:സംഘര്‍ഷത്തിലായിരുന്നുവത്രെ രാജേന്ദ്രനെന്നാണ് വിവരം. മൂന്ന് വര്‍ഷമായി സ്ഥാപനത്തില്‍ കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. മാസങ്ങളുടെ കുടിശ്ശികയാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. 200 ലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന അല്‍ ഹുസൈനി കമ്പനിയുടെ റാക്ക ക്യാംപില്‍ പതിനൊന്നു മാസം വരെ ഇഖാമ കാലാവധി കഴിഞ്ഞവരാണ് ഭൂരിഭാഗവും. ഇവരില്‍ നൂറോളം പേര്‍ മലയാളികളുമാണ്. ആനുകൂല്യങ്ങളും ശമ്പളവും ലഭിച്ചാല്‍ ഫൈനല്‍ എക്‌സിറ്റില്‍ പോവാന്‍ പലരും തയാറാണ്. എന്നാല്‍ കമ്പനി അധികൃതര്‍ അതിനൊരുക്കമല്ല.

ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരുവിധ നടപടിയുമുണ്ടായില്ല എന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. കേരള മുഖ്യമന്ത്രിയടക്കം പല ഉന്നത അധികാരികള്‍ക്കും ഇവര്‍ പരാതി അയച്ചിരുന്നു. തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സഊദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായ വാഗ്ദാനത്തിന് ശേഷവും അധികൃതരാരും ബന്ധപ്പെട്ടിട്ടില്ല. പെയിന്റിങ്, പ്ലംബിങ്, വയറിങ്, വര്‍ക് ഷോപ്പ്, നിര്‍മാണ തൊഴില്‍ തുടങ്ങി വിവിധ തരത്തിലുള്ള തൊഴില്‍ ചെയ്യുന്നവരാണ് നല്ലൊരു ശതമാനവും.

എ.സി ടെക്‌നീഷ്യനായി ജോലിചെയ്യുകയായിരുന്നു ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമാണുള്ളത്. മൂന്ന് മാസം മുമ്പാണ്് ഒരു മകളുടെ വിവാഹത്തിന്് നാട്ടില്‍ പോയി മടങ്ങിയത്തെിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും കമ്പനിയുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനും ശ്രമങ്ങള്‍ നടന്നു വരുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.