2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സാമ്പത്തിക ക്രമക്കേട് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് 12 വര്‍ഷത്തെ തടവുശിക്ഷ

 

ക്വാലാലംപുര്‍: ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് 12 വര്‍ഷത്തെ തടവുശിക്ഷ. വിവാദമായ വണ്‍എംഡിബി കുംഭകോണത്തിലാണ് മുന്‍ പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ഇതോടെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ മലേഷ്യന്‍ നേതാവായി നജീബ് റസാഖ് മാറി. പൊതുവികസന ഫണ്ടായ വണ്‍ മലേഷ്യ ഡവലപ്‌മെന്റ് ബെര്‍ഹാദിന്റെ ഘടകമായ എസ്.ആര്‍.സി ഇന്റര്‍നാഷനലില്‍ നിന്ന് 450 കോടി യു.എസ് ഡോളര്‍ (7,400 കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
അധികാര ദുര്‍വിനിയോഗം, വിശ്വാസവഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 67കാരനായ നജീബിനെതിരെ ചുമത്തിയത്. പ്രതിക്കെതിരെയുള്ള ഏഴ് കുറ്റങ്ങള്‍ കോടതി ശരിവച്ചു. ഇതേ വിഷയത്തില്‍ അഞ്ച് കേസുകളിലായി 42 കുറ്റങ്ങള്‍ നജീബിനെതിരേ നിലവിലുണ്ട്. അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്നും വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും നജീബ് റസാഖ് പ്രതികരിച്ചു. തുക സഊദി രാജകുടുംബം സംഭാവന നല്‍കിയതാണെന്നും പൊതുഫണ്ടില്‍ നിന്നുള്ളതല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. രാജ്യത്തിന്റെ പൊതു ഫണ്ടിലേക്ക് പണം കണ്ടെത്താനായി ധനമന്ത്രിയുടെ കീഴില്‍ രൂപീകരിച്ച സര്‍ക്കാര്‍ ഏജന്‍സിയാണ് വണ്‍എംഡിബി. വിദേശങ്ങളില്‍ നേരിട്ട് നിക്ഷേപം നടത്തുകയും ആ പണം ഉപയോഗിച്ച് രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിലേക്കുള്ള പണമാണ് നജീബ് സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയത്.
നജീബിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ 700 ദശലക്ഷം യു.എസ് ഡോളര്‍ എത്തിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. നജീബിന്റെ ഭാര്യയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതിയുടെ ഭാഗമായെന്നാണ് കണ്ടെത്തല്‍. വണ്‍എംഡിബി ആരോപണങ്ങളെ തുടര്‍ന്ന് നജീബിന്റെ മലായ് പാര്‍ട്ടി 2018ല്‍ അധികാരത്തില്‍ നിന്ന് പുറത്തായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.