2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

‘സാമ്പത്തികനില സുഭദ്രം’

തിരുവനന്തപുരം: വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുമ്പോഴും സംസ്ഥാനത്തെ സാമ്പത്തികനില ഭദ്രമെന്ന് സര്‍ക്കാര്‍. ഖജനാവ് കാലിയാണെന്നും ശമ്പളം മുടങ്ങുമെന്നമുള്ള പ്രചാരണങ്ങള്‍ വ്യാപകമാകുമ്പോഴും റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം 2016 മാര്‍ച്ച് 31ന് 1643 കോടി രൂപ മിച്ചത്തിലാണ് 2015-16 സാമ്പത്തിക വര്‍ഷം അവസാനിച്ചത്. മികച്ച സാമ്പത്തിക മാനേജ്‌മെന്റിന്റെ പ്രതിഫലനമായാണ് സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാനായത്.

സാധാരണ മാറിമാറി വരുന്ന മന്ത്രിസഭകള്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഖജനാവ്് പൂര്‍ണമായും കാലിയാക്കുകയും സാമ്പത്തികഭാരം അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുകയാണു പതിവ്. കഴിഞ്ഞതവണ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേയും കാത്തിരുന്നതു കാലിയായ ഖജനാവാണ്. എന്നാല്‍ അടുത്തതവണ അധികാരമേല്‍ക്കുന്ന സര്‍ക്കാരിന് ഇത്തരത്തിലുള്ള അഗ്നിപരീക്ഷണങ്ങളെ നേരിടേണ്ടിവരില്ലെന്നതാണു യാഥാര്‍ഥ്യം.
സര്‍ക്കാര്‍ ട്രഷറികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഈ അവസാനനാളുകളില്‍ മുന്‍കാലങ്ങളില്‍ എന്നപോലെ സുഗമമായി നടന്നുവരുന്നു.

ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ വിതരണം, ക്ഷേമപെന്‍ഷന്‍ വിതരണം, യൂനിവേഴ്‌സിറ്റി നോണ്‍ പ്ലാന്‍ ഫണ്ട് വിതരണം എന്നിവയെല്ലാം മുടക്കമില്ലാതെ ലഭ്യമാകുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ആദ്യപാദ വായ്പാ പരിധിയായ 4300 കോടി രൂപയില്‍ 1000 കോടി രൂപ മാത്രമാണു സര്‍ക്കാര്‍ ഇതുവരെ വിനിയോഗിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു റിസര്‍വ് ബാങ്ക് അനുവദിച്ച വേയ്‌സ് ആന്‍ഡ് മീന്‍സ് പരിധിയുടെ പകുതിപോലും സര്‍ക്കാരിന് ഈ മാസം വരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നതും ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ നിരക്കിലുള്ള ശമ്പളം ഏതാണ്ട് പൂര്‍ണമായി വിതരണം ചെയ്തതും സര്‍ക്കാരിന് ഏറെ നേട്ടമായി. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ സമരങ്ങളും സംസ്ഥാനത്തുണ്ടായില്ല.
ശമ്പളവും പെന്‍ഷനും മെയ് മാസം മുതല്‍ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ബാങ്ക് വഴിയാക്കിയിരുന്നു. ഈ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ആദ്യമായി മാറിയപ്പോള്‍ ഉണ്ടായ ചില സാങ്കേതിക തകരാറുകള്‍ മൂലമാണ് ഏതാനും പേരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതില്‍ കാലതാമസം ഉണ്ടായത്.
ഇതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ട്രഷറിയിലും ധനകാര്യവകുപ്പിലും പ്രത്യേക ഹെല്‍പ് ഡെസ്‌ക് തുടങ്ങുകയും സമയബന്ധിതമായി പരാതികള്‍ പരിഹരിക്കുകയും ചെയ്തു. അവ കൃത്യസമയത്തു പരിഹരിക്കുന്നുണ്ടോയെന്നു ധനകാര്യ സെക്രട്ടറി നേരിട്ട് അവലോകനം നടത്തുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഹെല്‍പ് ഡെസ്‌കില്‍ പരിഹരിക്കപ്പെടാതെ വന്നാല്‍ ധനകാര്യ സെക്രട്ടറിക്കു നേരിട്ടു പരാതി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

 

പ്രതിസന്ധിയെന്നതു വ്യാജപ്രചാരണം

സാമ്പത്തിക പ്രതിസന്ധിമൂലം പെന്‍ഷന്‍ വിതരണവും ശമ്പളവിതരണവും മുടങ്ങിയെന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി.
സര്‍ക്കാര്‍ ട്രഷറികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളില്‍ എന്നപോലെ സുഗമമാണ്. ശമ്പളവും പെന്‍ഷനും മെയ് മുതല്‍ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ബാങ്ക് വഴിയാക്കിയിരിക്കുകയാണ്. ഈ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ആദ്യമായി മാറിയപ്പോള്‍ ഉണ്ടായ ചില സാങ്കേതിക തകരാറുകള്‍ മൂലമാണ് ഏതാനും പേരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതില്‍ കാലതാമസം ഉണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.