2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

സാമൂഹ്യനീതിവകുപ്പില്‍ നടന്നത് വിസ്മയാവഹമായ പ്രവര്‍ത്തനം

താരതമ്യേന അപ്രധാനമായ വകുപ്പ് കൃത്യമായ ആസൂത്രണത്തിലൂടെയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും ജനപ്രിയവകുപ്പായി മാറിയെന്ന അത്ഭുതസത്യമാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ സാമൂഹ്യനീതിവകുപ്പ് നമ്മുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതികള്‍ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പാക്കിയതിനുള്ള അവാര്‍ഡ് അങ്ങനെ മൂന്നുതവണ സംസ്ഥാനത്തെ സാമൂഹ്യനീതിവകുപ്പിനു കിട്ടുകയും ചെയ്തു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് ഈ നേട്ടം ലഭിക്കുന്നത്. ഒരുതവണ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്നും രണ്ടുതവണ നരേന്ദ്രമോദിയില്‍നിന്നും അതേറ്റു വാങ്ങാനുള്ള ഭാഗ്യം ലഭിച്ച മന്ത്രിയാണ് ഡോ. എം.കെ മുനീര്‍. സി.എ.എന്‍ ഡയമണ്ട് സ്‌റ്റേറ്റ് അവാര്‍ഡ്, ഇന്തോ-ബ്രിട്ടീഷ് അവാര്‍ഡ്, കോമണ്‍വെല്‍ത്ത് അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങളും ഈ മന്ത്രിയെ തേടിയെത്തി.

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് യു.ഡി.എഫ് ആവിഷ്‌കരിച്ചു വിജയകരമായി നടപ്പാക്കിയ കുടുംബശ്രീ യില്‍ ഇന്നു 35000 അംഗങ്ങളുണ്ട്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലധികം കുടുംബശ്രീ അംഗങ്ങളെ മത്സരരംഗത്തു കൊണ്ടുവന്നതും അതില്‍ 7376 പേരെ വിജയിപ്പിച്ചെടുത്തതും മന്ത്രി എം.കെ. മുനീറിന്റെ ശ്രമഫലമായാണ്. വിവിധ ക്ഷേമപെന്‍ഷനുകള്‍ കൈപറ്റുന്ന 32 ലക്ഷം ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ സ്വന്തം അക്കൗണ്ടിലേക്കു പെന്‍ഷന്‍ എത്തിക്കുന്ന ‘ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍’ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കി. ഇതുകാരണം പെന്‍ഷന്‍ വാങ്ങുന്നതിനു ഗുണഭോക്താക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാനായി. ഐ.കെ.എം സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയതോടെ സാമൂഹ്യനീതിവകുപ്പ് നടപ്പാക്കിവരുന്ന പദ്ധതികളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ജനങ്ങള്‍ക്കു നേരിട്ടറിയാനും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കാനും അവസരം ലഭിച്ചു.
 
അട്ടപ്പാടി മേഖലയില്‍ പോഷകാഹാരക്കുറവുമൂലം കുട്ടികള്‍ മരണമടയുന്ന അവസ്ഥ തടയാന്‍ ‘കമ്യൂണിറ്റി കിച്ചണ്‍’ സംവിധാനത്തിനു തുടക്കം കുറിച്ചു. പിന്നീട്, ദാരിദ്ര്യമനുഭവിക്കുന്ന പല മേഖലകളിലായി 136 കമ്യൂണിറ്റി കിച്ചണുകള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ സാമൂഹികനീതിവകുപ്പിനു സാധിച്ചു. നിരാശ്രയരായ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വൃദ്ധര്‍ക്കുംവേണ്ടി കേരളത്തിലെ 135 മണ്ഡലങ്ങളിലായി 90 3ജി അംഗനവാടികള്‍ ആരംഭിക്കുകയും പോഷകാഹാരങ്ങളും വൈദ്യസഹായങ്ങളും നല്‍കുകയും ചെയ്തു.  

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ രോഗികള്‍ക്കും പരിചരിക്കുന്നവര്‍ക്കും സൗജന്യ ഭക്ഷണവിതരണ പദ്ധതി ഏര്‍പ്പെടുത്തി. കിഡ്‌നി, ലിവര്‍ എന്നിവ മാറ്റിവച്ചവര്‍ക്ക് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ പ്രതിമാസം ആദ്യ അഞ്ചു വര്‍ഷത്തേയ്ക്ക് 1,100 രൂപ നല്‍കിവരുന്ന സമാശ്വാസപദ്ധതിയും മാതാവോ പിതാവോ ഇരുവരുമോ നഷ്ടപ്പെട്ടുപോയ 70,000 കുട്ടികളെ പുനരധിവസിപ്പിക്കുന്ന സ്‌നേഹപൂര്‍വം പദ്ധതിയും  ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന വൃക്കരോഗികള്‍ക്കും ഹീമോഫീലിയ രോഗികള്‍ക്കും ഏര്‍പ്പെടുത്തിയ 1,100 രൂപ പ്രതിമാസപെന്‍ഷനും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള സൗജന്യ തൊഴില്‍ പരിശീലനപദ്ധതിയും ഷീ ടാക്‌സി പദ്ധതിയും മറ്റും എടുത്തുപറയേണ്ടവയാണ്. 103 അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് 50,000 രൂപ വീതം വിവാഹസഹായം നല്‍കാനായി. ‘നിഷ്’ യൂണിവേഴ്‌സിറ്റിയാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയതും ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ രൂപീകരണം ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരണം തുടങ്ങിയവയെല്ലാം എം.കെ മുനീര്‍ നടപ്പിലാക്കിയ മറ്റു നേട്ടങ്ങളാണ്.

ഇങ്ങനെ സമ്മതിദായകര്‍ക്കു നല്‍കിയ വാഗ്ദാനങ്ങളും അതിലേറെയും പൂര്‍ത്തിയാക്കി നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ വീണ്ടും മന്ത്രി എം.കെ മുനീര്‍ മത്സരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷനില്‍ കന്നിയങ്കം കുറിച്ചു രാഷ്ട്രീയരംഗത്തേയ്ക്കു കടന്നുവന്നതു മുതല്‍ അഴിമതിയുടെ കറപുരളാതെ സമൂഹത്തിലെ നിരാശ്രയര്‍ക്കു വേണ്ടി സേവനംചെയ്തുവെന്ന ചാരിതാര്‍ഥ്യം തനിക്കുണ്ടെന്നും ഡോ. മുനീര്‍ പറയുന്നു. സെക്രട്ടറിയേറ്റില്‍ ചടഞ്ഞിരുന്നു ഫയലുകള്‍ ഒപ്പിട്ടുനല്‍കാതെ രാവും പകലും സഞ്ചരിച്ചു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നുള്ള സഹകരണം തന്റെ വകുപ്പിനെ ജീവകാരുണ്യമേഖലയാക്കി മാറ്റുന്നതില്‍ അദ്ദേഹത്തിനുസഹായകമായി.

അഡ്വ. ലൈല അഷ്‌റഫ്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.