2018 August 16 Thursday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

സാബ്, അല്‍അവ്വല്‍ ബാങ്കുകള്‍ ലയിക്കുന്നു

നിസാര്‍ കലയത്ത്

 

ജിദ്ദ : സഊദി ബ്രിട്ടീഷ് ബാങ്കും (സാബ്) അല്‍അവ്വല്‍ ബാങ്കും ലയിക്കുന്നു. ഇക്കാര്യത്തില്‍ ഇരു ബാങ്കുകളും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ലയനത്തിന് ഇരു ബാങ്കുകളും പ്രാഥമിക ധാരണയിലെത്തിയതായി അല്‍അവ്വല്‍ ബാങ്ക് അറിയിച്ചു.

ലയനത്തിലൂടെ സൗദിയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് നിലവില്‍വരും. ലയനത്തിലൂടെ നിലവില്‍വരുന്ന പുതിയ ബാങ്കിന്റെ ആസ്തി 7700 കോടി ഡോളറാകുമെന്നാണ് കണക്കാക്കുന്നത്.

സൗദിയില്‍ ഇരുപതു വര്‍ഷത്തിനിടയിലെ പ്രധാന ബാങ്ക് ലയനമാണിത്. സാമ്പത്തിക പരിവര്‍ത്തന പദ്ധതി നടപ്പാക്കുന്നതിനും എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സൗദി അറേബ്യ ശ്രമിക്കുന്നതിനിടെയാണ് പുതിയ ലയനം. ഓഹരി കൈമാറ്റ നിരക്കില്‍ ഇരു ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡുകള്‍ ധാരണയിലെത്തിയിട്ടുണ്ട്.

സാബിന്റെ നാല്‍പതു ശതമാനം ഓഹരികള്‍ എച്ച്.എസ്.ബി.സി ഹോള്‍ഡിംഗ്‌സിനും അല്‍അവ്വല്‍ ബാങ്കിന്റെ നാല്‍പതു ശതമാനം ഓഹരികള്‍ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്റിനുമാണ്. ലയന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് തീരുമാനത്തിലെത്തിയതായി ഇരു ബാങ്കുകളും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറിയിച്ചിരുന്നു. അതേസമയം ലയനത്തിന് ഇരു ബാങ്കുകളും അന്തിമ കരാറിലെത്തിയിട്ടില്ല.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.