2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സാധ്യത ഉപയോഗിച്ചാല്‍ ശത്രു വീഴുമെന്നുറപ്പ്

പിണങ്ങോട് അബൂബക്കര്‍ 9847700450

 

2014 ല്‍ താമര വിരിഞ്ഞത് രണ്ടു കാരണം കൊണ്ടായിരുന്നു. ഒന്ന്, നരേന്ദ്രമോദിയുടെ വാഗ്ദാന പെരുമഴ. രണ്ടാമത്തേത്, രണ്ടാം യു.പി.എ സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്ന ഹിമാലയന്‍ അഴിമതിയാരോപണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മങ്ങിത്തുടങ്ങിയ പ്രതിച്ഛായയും നേതൃദാരിദ്ര്യവും കോര്‍പ്പറേറ്റ് ഭീമന്മാരുടെ കളംമാറിക്കളിയും കോണ്‍ഗ്രസിനു തിരിച്ചടിയായി.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന പ്രാദേശിക രാഷ്ട്രീയചിന്തകളും അത്തരമൊരു രാഷ്ട്രീയപരിസരം നിര്‍മ്മിക്കുന്നതില്‍ കോണ്‍ഗ്രസിനു സംഭവിച്ച പാളിച്ചകളും പാര്‍ട്ടിയുടെ ബൗദ്ധികകേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ടെന്നു കരുതാന്‍ ന്യായമില്ല. വടക്കേയിന്ത്യയിലെ പ്രബല സംസ്ഥാനങ്ങളില്‍ രൂപപ്പെട്ടുവന്ന ബദല്‍രാഷ്ട്രീയം കോണ്‍ഗ്രസ് നേതൃത്വത്തിനു സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ സാധിച്ചില്ല.
നരസിംഹറാവുവിന്റെ നാട്ടില്‍ സിനിമാതാരമായ എന്‍.ടി രാമറാവുവിന് അട്ടിമറി നടത്താന്‍ എന്തുകൊണ്ടു കഴിഞ്ഞു. കാമരാജ് നാടാര്‍ ഭരിക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത തമിഴകത്ത് കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തിനു വേണ്ടി മത്സരിക്കേണ്ടിവന്നു. കോണ്‍ഗ്രസിന്റെ തറവാട്ടുഭൂമി കൂടിയായ ഉത്തര്‍പ്രദേശില്‍നിന്ന് ആ പാര്‍ട്ടി നിഷ്‌കാസിതമായി. യു.പിയിലെ മതേതരവോട്ടുകള്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും പകുത്തെടുത്തപ്പോള്‍ വര്‍ഗീയത സൃഷ്ടിച്ച് ബി.ജെ.പിക്ക് ഓടിക്കയറാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് കുത്തനെ വീഴുകയും ചെയ്തു.

മാറ്റത്തിന്റെ കാറ്റ്

2019 ലെ പൊതുതെരഞ്ഞെടുപ്പിനു ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുണ്ട്. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. 20 സംസ്ഥാനങ്ങളില്‍ മുന്‍ ആര്‍.എസ്.എസ്സുകാരാണ് ഗവര്‍ണര്‍മാര്‍. രാഷ്ട്രപതിയും ഉപരാഷ്ട്രപതി പദവികളുള്‍പ്പെടെ എല്ലാ താക്കോല്‍സ്ഥാനങ്ങളിലും ആര്‍.എസ്.എസ്സുകാരാണ്. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത, പ്രത്യയശാസ്ത്രപരമായിത്തന്നെ സ്വേച്ഛാധിപത്യ നിലപാടുള്ള സംഘടനയാണ് ആര്‍.എസ്.എസ്.
ബി.ജെ.പി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിയാല്‍ ഇന്ത്യയെന്ന രാജ്യനാമം ‘ഭാരതം’ എന്നാക്കി മാറ്റാന്‍ ഒരുങ്ങി നില്‍ക്കുകയാണവര്‍. മതേതരരാജ്യം എന്ന വാക്ക് ഭരണഘടനയില്‍ നിന്നു മായ്ച്ച് ‘ഹിന്ദുരാഷ്ട്രം’ എന്ന് എഴുതിച്ചേര്‍ക്കുമെന്നും ഭയക്കേണ്ടിയിരിക്കുന്നു. മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളോട് കഴിഞ്ഞ അഞ്ചുവര്‍ഷം അനുവര്‍ത്തിച്ച ശത്രുതാപരമായ നിലപാടിനു ശക്തികൂടാനാണു സാധ്യത.

അധികാരസ്ഥാനങ്ങളില്‍ എത്തിയാല്‍ മാത്രമേ അവകാശങ്ങള്‍ പങ്കുവയ്ക്കാനാവൂവെന്നു ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കര്‍ ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. ഗുജറാത്തുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു മുസ്‌ലിം സാമാജികര്‍ ജയിച്ചുവരാതായിട്ടു പതിറ്റാണ്ടുകളായി. മുസ്‌ലിം പേരുള്ള സ്ഥാനാര്‍ഥികളെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പോലും മത്സരിപ്പിക്കുന്നില്ല. അതു ബി.ജെ.പിയെ ഭയക്കുന്നതു കൊണ്ടോ മൃദുഹിന്ദുത്വം പ്രകടിപ്പിച്ചു ജയിച്ചുകയറാമെന്ന ധാരണ കൊണ്ടോ ആണ്.
പ്രായോഗിക രാഷ്ട്രീയസമീപനങ്ങളും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തിയനുസരിച്ചു പരിഗണിക്കാനുള്ള മനസ്സും കോണ്‍ഗ്രസ് കാണിച്ചാല്‍ യു.പി.എക്കു തന്നെയാണ് 2019 അവസരം നല്‍കാനിടയുള്ളത്. ലോക്‌സഭയില്‍ ഒരുഘട്ടത്തില്‍ കൈനിറയെ സീറ്റുമായി ലോക്‌സഭയില്‍ തിളങ്ങിനിന്നിരുന്ന കോണ്‍ഗ്രസ് 45 ലേയ്ക്കു ചുരുങ്ങേണ്ടി വന്നത് പ്രാദേശികരാഷ്ട്രീയ സാധ്യതകള്‍ ഉപയോഗപെടുത്തുന്നതില്‍ വന്ന അപചയം മൂലമാണ്. മാറിമാറി വരുന്ന രാഷ്ട്രീയസാഹചര്യങ്ങളോടു കോണ്‍ഗ്രസിനു സമരസപ്പെടാന്‍ സാധ്യമാവാതെ വന്നു.

ബിംബവല്‍കൃത രാഷ്ട്രീയം

ഇന്ദിരാഗാന്ധിയുടെ കാലത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബിംബവല്‍കൃത രീതി പ്രകടമായ വ്യതിയാനത്തിനു വിധേയമായി. ദേശീയരാഷ്ട്രീയപ്രസ്ഥാനത്തിന്റെ രാഷ്ട്രീയയുക്തി പ്രാദേശികവാദവും വികസനവുമെന്ന തലത്തിലേയ്ക്കു മാറി. 1952 ലെ ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് തങ്ങള്‍ വോട്ടര്‍മാരാണോ, ആര്‍ക്കാണു വോട്ടു ചെയ്യേണ്ടത്, എന്തിനു വോട്ടു ചെയ്യണം എന്നിങ്ങനെയുള്ള സന്ദേഹങ്ങളുണ്ടായിരുന്നില്ല. അന്നവര്‍ക്ക് ഒരു പാര്‍ട്ടിയെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. ഗാന്ധിജിയും നെഹ്‌റുവും അതായിരുന്നു അവരുടെ സങ്കല്‍പ്പത്തിലെ നേതാക്കള്‍.

ഇന്ത്യ വളര്‍ന്നു വലുതാകുന്നതിനൊത്ത് വോട്ടര്‍മാരുടെ ചിന്ത മാറി. തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കുന്നവരെക്കുറിച്ച് അവര്‍ ആലോചിച്ചു തുടങ്ങി. ഈ രാഷ്ട്രീയവിദ്യാഭ്യാസം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു കഴിഞ്ഞില്ല. ജനങ്ങളുടെ മനസ്സു പിടിച്ചെടുക്കുന്നതില്‍ അവ പരാജയപ്പെട്ടു.
അതോടെ വോട്ടര്‍മാര്‍ പാര്‍ട്ടികളെ മാറിമാറി പരീക്ഷിക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ കുറേക്കാലമായി കണ്ടുവരുന്ന പ്രതിഭാസം ഈ മാറിമാറി പരീക്ഷിക്കലാണ്. മൊറാര്‍ജി ദേശായി, ചരണ്‍സിങ്, വിശ്വനാഥ് പ്രതാപ് സിങ്, ചന്ദ്രശേഖര്‍ എന്നിങ്ങനെയുള്ളവര്‍ രാഷ്ട്രീയാസന്ദിഗ്ധാവസ്ഥയിലെ സാധ്യത ഉപയോഗപ്പെടുത്തല്‍ കല പയറ്റി ജയിച്ചവരാണ്. സ്വന്തം കാലിനടയില്‍ മണ്ണില്ലാത്ത അവരെല്ലാം നമ്മുടെ ദേശീയ പാരമ്പര്യ സങ്കല്‍പ്പങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയവരുമാണ്,
കോണ്‍ഗ്രസ് വിരോധത്തിനൊപ്പം വ്യക്തിവിരോധവും ജനതയുടെ ചിന്താഗതി മാറ്റിമറിക്കുന്നതിനു മനഃസാക്ഷിക്കുത്തില്ലാതെ ഉപയോഗിച്ചവരാണ് ഇവരെല്ലാം. കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം ഇപ്പോള്‍ മാത്രമാണു ബി.ജെ.പി ഏറ്റെടുത്തത്. അതു തുടങ്ങിവച്ചത് മൊറാര്‍ജി ഉള്‍പ്പെടെയുള്ളവരായിരുന്നു. നെഹ്‌റു കുടുംബത്തോടുള്ള കുടിപ്പകയും ചിലര്‍ ആയുധമാക്കി. അതിന്റെയെല്ലാം ശിക്ഷ അനുഭവിക്കേണ്ടിവന്നത് ഇന്ത്യയിലെ ജനങ്ങള്‍ക്കാണ്. അതിന്റെയെല്ലാം ഗുണഫലം കിട്ടിയത് ബി.ജെ.പിക്കാണ്.

അനുകൂല ഘടകം

തമിഴ്‌നാട്, കേരളം, കര്‍ണാടകം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യു.പി.എയുടെ നില ഭദ്രമാണ്. കെജ്‌രിവാളുമായി ബന്ധം ഉറപ്പിച്ചതോടെ ഡല്‍ഹിയും ഭദ്രമായി. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആംആദ്മി പാര്‍ട്ടി ബന്ധം മെച്ചപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിക്കും. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി എസ്.പി, ബി.എസ്.പി സഖ്യം വന്നതോടെ മതേതരവോട്ടുകളുടെ ഏകീകരണം ഫലപ്രദമല്ലാതാകും. ഇവിടെ കോണ്‍ഗ്രസിനാണു നഷ്ടം. കോണ്‍ഗ്രസ് പക്ഷത്തുള്ള പാരമ്പര്യ ന്യൂനപക്ഷ വോട്ടുകള്‍ക്കു കോണ്‍ഗ്രസിനെ ഒന്നാംസ്ഥാനത്തെത്തിക്കാനാകില്ല, 80 സീറ്റുള്ള യു.പി.യില്‍ നിന്നു പരമാവധി പത്തില്‍ താഴെ സീറ്റുകളേ കോണ്‍ഗ്രസിനു ലഭിക്കൂ.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നില വളരെയേറെ മെച്ചപ്പെടുത്തും. വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ ബി.ജെ.പിയെ ക്ഷീണിപ്പിക്കും. ജമ്മുകശ്മിരിലും ബി.ജെ.പിക്കു 2014 ലെ നിലവാരത്തിലെത്താന്‍ കഴിയില്ല. തെരഞ്ഞെടുപ്പു ചിത്രം നല്‍കുന്ന പ്രധാന സൂചന ഭാരതീയ ജനതാപാര്‍ട്ടിയെ ശിക്ഷിക്കാന്‍ ഇന്ത്യന്‍ വോട്ടര്‍മാരുടെ മനസ്സു പറയുന്നുണ്ടെന്നാണ്.

ബി.ജെ.പിക്കു വാഗ്ദാനങ്ങള്‍ നടപ്പാക്കാനായില്ല, നോട്ട് നിരോധനം ദുരന്തം വിതച്ചു, വര്‍ഗീയധ്രുവീകരണമുണ്ടാക്കി ജനങ്ങളെ ശത്രുക്കളാക്കി മാറ്റി, ഭാരതം ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിപ്പിടിച്ച സഹിഷ്ണുത തകര്‍ക്കാന്‍ ശ്രമിച്ചു. ഇതെല്ലാം ബി.ജെ.പിക്കു ദോഷവും കോണ്‍ഗ്രസിനു ഗുണവുമാണ്. ഇത്തരം അനുകൂലഘടകങ്ങള്‍ ഉണ്ടായിട്ടും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളെ വിശ്വാസത്തിലെടുത്തു ഫാസിസത്തിനെതിരേ ഒരു കേന്ദ്രീകൃത പോരാട്ടത്തിനു കളമൊരുക്കാന്‍ കഴിയാതെ വന്നാല്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിസ്ഥാനത്തു വരും.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അധിക റോളില്ല. അവരുടെ സ്വാധീനമേഖലകളില്‍ അവര്‍ തകര്‍ന്നു തുടങ്ങി. തെലങ്കാന, പശ്ചിമബംഗാള്‍, ത്രിപുര, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം ഒരു കാലത്തു ഇടതുപക്ഷം ശക്തമായിരുന്നു. ഇന്ന് ആ ഇടതുപക്ഷ ബെല്‍റ്റുകള്‍ ക്ഷയിച്ചുകഴിഞ്ഞു. മതേതര ബദല്‍ എന്ന അടിസ്ഥാന രാഷ്ട്രീയമേഖല കോണ്‍ഗ്രസ് പാര്‍ട്ടി സഗൗരവം പരിഗണിച്ചില്ല. മൃദുഹിന്ദുത്വം തീവ്രഹിന്ദുത്വം പോലെ ഭാരതീയ സങ്കല്‍പ്പങ്ങള്‍ക്കുചേരാത്ത ഘടകമാണ്. മതേതരത്വം തന്നെയാണു ഭാരതത്തിന്റെ അതിജീവനോപാധി.

ആണ്‍കുട്ടി

എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തഴക്കമുള്ള നേതാവിന്റെ തലത്തിലേയ്ക്ക് ഉയര്‍ന്നു കഴിഞ്ഞു. പാര്‍ലമെന്റിലും പുറത്തും അഞ്ചുവര്‍ഷമായി രാഹുല്‍ മോദിക്കും ഫാസിസത്തിനുമെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു. ഇന്ത്യന്‍ മനസ്സ് അതുള്‍ക്കൊണ്ടിട്ടുണ്ട്. നെഹ്‌റു കുടുംബം രാജ്യത്തിനു നല്‍കിയ സംഭാവന ഇന്ത്യക്കു മറക്കാനാവില്ല. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വലിയ ജനാധിപത്യവാദി ആയിരുന്നില്ല. നെഹ്‌റു അടിയുറച്ച ജനാധിപത്യവാദിയും കറകളഞ്ഞ മതേതരവാദിയുമായിരുന്നു. ഇന്ത്യയെ പടുകുഴിയില്‍ നിന്നു കരകയറ്റിയത് നെഹ്‌റുവിന്റെ നയങ്ങളാണ്.

നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയും, അവരുടെ മകന്‍ രാജീവ് ഗാന്ധിയും അധികാരക്കസേരയില്‍ സുഖിച്ചിരുന്നവരല്ല, ഇന്ത്യയുടെ ദേശീയതക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരാണ്. അവരുടെ വാക്കിലും പ്രവൃത്തിയിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നു. ആ ആത്മാര്‍ത്ഥത രാഹുലിന്റെ വാക്കിലും പ്രവൃത്തിയിലുമുണ്ട്.
രാഷ്ട്രീയത്തില്‍ ഗാന്ധിജിയുടെ വീക്ഷണമാണ് ഏറ്റവും പ്രബുദ്ധം. ലക്ഷ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ ഗാന്ധിയന്‍ മാര്‍ഗമാണു നാം പിന്തുടരേണ്ടത്. ഐന്‍സ്റ്റീനെപ്പോലൊരു വിഖ്യാതശാസ്ത്രജ്ഞന്‍ പറഞ്ഞപോലെ ‘മജ്ജയും മാംസവുമുള്ള ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്നു വരുംതലമുറ വിശ്വസിക്കില്ല. കറകളഞ്ഞ ദേശീയവാദിയായിരുന്നു ഗാന്ധിജി. ഈ ദേശീയബോധം രാഹുല്‍ഗാന്ധിയും സ്വന്തമാക്കിയിട്ടുണ്ട്.

രാഹുല്‍ 52 ശതമാനം ഹിന്ദുവോട്ടര്‍മാരുള്ള വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ പ്രധാനമന്ത്രി പ്രതികരിച്ചത് ഹിന്ദുക്കളെ ഭയന്നോടിയെന്നാണ്. ഇന്ത്യയില്‍ ഏറ്റവുമധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന ഉത്തര്‍പ്രദേശിലെ 32 ശതമാനം ന്യൂനപക്ഷ വോട്ടുകളുള്ള അമേഠിയിലും രാഹുല്‍ മത്സരിക്കുന്നുണ്ട്. ഹിന്ദുക്കളും മുസ്‌ലിംകളും ദളിതരും പിന്നാക്കക്കാരും രാഹുല്‍ ഗാന്ധിയില്‍ രക്ഷകനെ കണ്ടു തുടങ്ങിയിട്ടുണ്ട്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് കടുത്ത പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കുകയും ഗുജറാത്തില്‍ ഒപ്പത്തിനൊപ്പം എത്തുകയും അംഗസംഖ്യ അധികമുണ്ടായിട്ടും ഫാസിസത്തെ തടയാന്‍ കര്‍ണാടകയില്‍ മൂന്നാം കക്ഷിയായ ജനതാദളിനു ഭരണം വിട്ടുകൊടുക്കുകയും ചെയ്ത് രാഹുല്‍ ഗാന്ധി കാണിച്ച രാഷ്ട്രീയസമീപനം ഇന്ത്യന്‍ മനസ്സു കീഴടക്കാന്‍ പര്യാപ്തമാണ്.

യോഗിയും കൊടിയും

സംസ്ഥാനം ഭരിക്കുന്നയാള്‍ക്ക് രാജ്യത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങളെപ്പറ്റിയും അവയുടെ കൊടികളെപ്പറ്റിയും അറിയില്ലെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടി പൊതുവിജ്ഞാന ക്ലാസ്സില്‍ ചേര്‍ത്തേണ്ടതാണ്. 1948 മാര്‍ച്ച് പത്തിനു വ്യവസ്ഥാപിതമായി രൂപീകരിക്കപ്പെടുകയും അന്നുമുതല്‍ ഇന്നുവരെ പേരും കൊടിയും മാറാതെ തുടരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. കേരള നിയമസഭയില്‍ പതിറ്റാണ്ടുകളായി മുസ്‌ലിം ലീഗ് സജീവസാന്നിധ്യമാണ്. പശ്ചിമബംഗാളില്‍ ഹസന്‍ സമാന്‍ എന്ന ലീഗ് പ്രതിനിധി വ്യവസായ മന്ത്രിയായിട്ടുണ്ട്. അസമിലും മഹാരാഷ്ട്രയിലും മുസ്‌ലിംലീഗിനു സാമാജികരുണ്ടായിട്ടുണ്ട്.

ലോകസഭയില്‍ മുസ്‌ലിം ലീഗ് പ്രതിനിധികളില്ലാത്ത കാലമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പു കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത ആധികാരിക രാഷ്ട്രീയപാര്‍ട്ടിയാണ്. എന്നിട്ടും മുസ്‌ലിം ലീഗിനെക്കുറിച്ചു യോഗി ആദിത്യനാഥിന് അറിയില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. വര്‍ഗീയത തലയ്ക്കു പിടിച്ചാല്‍ എന്തൊക്കെയാണു പറയുകയെന്നറിയില്ല. പാക് പതാകയില്‍ പച്ചയും വെള്ളയുമുണ്ട്, ചന്ദ്രക്കല വലതുഭാഗത്തേയ്ക്കു ചെരിഞ്ഞാണ്.

മുസ്‌ലിം ലീഗിന്റെ പതാക പച്ചയാണ്. ചന്ദ്രക്കല ഇടതുഭാഗത്തേയ്ക്കു ചെരിഞ്ഞാണ്. ഇതെങ്കിലും മനസ്സിലാക്കേണ്ടിയിരുന്നു. രാഷ്ട്രീയവിമര്‍ശനങ്ങളും വിയോജിപ്പുകളുമാവാം. അതിനെല്ലാം പരിധി ആവശ്യമാണ്. സന്യാസിയുടെ വേഷവും കാട്ടാളമനസ്സും ആര്‍ക്കും ഭൂഷണമല്ല.ഐക്യരാഷ്ട്രസഭ ഭീകരസംഘടനയില്‍പ്പെടുത്തിയ ആര്‍.എസ്.എസ്സാണ് യോഗിയുടെ പ്രവര്‍ത്തനക്കളരി. ഭീകര സംഘടനകളില്‍ പ്രവര്‍ത്തിച്ച്, പരിശീലിച്ചു വളര്‍ന്ന ഒരാള്‍ സന്യാസിയായാലും പ്രധാനമന്ത്രിയായാലും പഠിച്ചതു മറക്കാനിടയില്ല. മനസ്സുനിറയെ പകയും അന്ധമായ ഹിന്ദുത്വബോധവും ഫാസിസ്റ്റുകളെ കൂടുതല്‍ ഭീകരവാദികളാക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.