2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

സാങ്കേതിക വിദ്യയുടെ ദുരുപയോഗം: നിയമനിര്‍മാണം വേണം

വിവര സാങ്കേതിക രംഗത്ത് അത്ഭുതകരമായ വളര്‍ച്ചയും അതിന്റെ സ്വാധിനവും ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ലോകം ഒരു സൈബര്‍ ഗ്രാമമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇന്ന് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണവും അനുനിമിഷം കൂടിക്കെണ്ടിരിക്കുന്നു. മൊബൈല്‍ ഫോണുകളിലും ഇന്ന് ഇന്റര്‍നെറ്റ് സൗകര്യം സാധ്യമായതോടെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

ലോക ജനസംഖ്യയേക്കാള്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ലോകത്തുണ്ട് എന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. സാങ്കേതികത്തികവാര്‍ന്ന സ്മാര്‍ട്ട് ഫോണുകള്‍ രംഗം കയ്യടക്കിയതോടെ ഇന്റര്‍നെറ്റ് ലഹരിക്കടിമപ്പെട്ട് കൊണ്ട്് മുഴുസമയവും മൊബൈലില്‍ വിരല്‍ ചലിപ്പിച്ച് കൊണ്ടിരിക്കുകയാണ് നവ തലമുറ. 35വയസ്സില്‍ താഴെയുളളവരാണ് കൂടുതലായി ഇന്റര്‍നെറ്റ് ഉപയോക്താക്കളെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
വ്യാജ പ്രൊഫൈലുകളിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും വാട്‌സ്ആപ്പിലൂടെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുളള ലൈംഗികാതിക്രമങ്ങള്‍,ഓണ്‍ലൈന്‍ തട്ടിപ്പ്,ഓണ്‍ലൈന്‍ പെണ്‍വാണിഭം തുടങ്ങി അനേകം സൈബര്‍ ക്രൈമുകളുടെ വാര്‍ത്തകള്‍ ദിനംപ്രതി വാര്‍ത്താമാധ്യമങ്ങളിലൂടെ അച്ചുനിരത്തിക്കൊണ്ടിരിക്കുന്നത് നാമേവരും കാണുന്നവരാണ്. ദിവസവും ഒരു കോടി ആളുകളും സെക്കന്റില്‍ 12പേര്‍ എന്ന കണക്കില്‍ ഓരോ വര്‍ഷവും 318 ദശലക്ഷം ആളുകള്‍ സൈബര്‍കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ സൈബര്‍ അതിക്രമങ്ങള്‍ നടക്കുന്നത് അമേരിക്കയിലാണ്. ചൈന,ജര്‍മനി,ബ്രിട്ടണ്‍,ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലായുളളത്. ഇന്ത്യയാകട്ടെ സൈബര്‍ കുറ്റക്യത്യങ്ങളുടെ പട്ടികയില്‍ 11ാം സ്ഥാനത്തുമാണ്.

സോഷ്യല്‍ മീഡിയ പ്രചുരപ്രചാരം നേടിയതോടെ കേരളത്തിലും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. 2011 മെയ് മുതല്‍ 2016 മെയ് വരെ യുളള കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള ലൈംഗിക അക്രമങ്ങള്‍ ഓണ്‍ലൈന്‍ തട്ടിപ്പ്,ഓണ്‍ലൈന്‍ പെണ്‍വാണിഭം തുടങ്ങിയവ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 631 സൈബര്‍ കേസുകളാണ്. ലൈംഗികാതിക്രമത്തിന്റെ ഇനത്തില്‍ 371 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 353 സ്ത്രീകള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായപ്പോള്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുകളുമായി ബന്ധപ്പെട്ട് 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പും ഇക്കാലത്ത് വ്യാപകമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.37 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത് നടന്നിട്ടുളളത്.

സൈബര്‍ കുറ്റകൃത്യങ്ങളെ തടയുന്നതിനെ സഹായിക്കുന്ന സൈബര്‍ വിദഗ്ദരും എത്തിക്കല്‍ ഹാക്കര്‍മാരും കൂട്ടായി പ്രവര്‍ത്തിക്കുന്ന ‘സൈബര്‍ ഡോം’ പോലോത്ത സൗകര്യങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടും സാമൂഹിക മാധ്യമ രംഗത്ത് റിപ്പോര്‍ട്ട് ചെയ്തതും ചെയ്യാത്തതുമായ നിരവധി സൈബര്‍ ക്രൈമുകളാണ് ദിനേന നടന്ന് കൊണ്ടിരിക്കുന്നത്.

ഇത്തരത്തില്‍ നവമാധ്യമങ്ങളുടെ ദുരുപയോഗം കാരണമായി വ്യക്തി ജിവിതത്തെയും സാമൂഹിക ജീവിതത്തെയും ഹാനികരമായി ബാധിക്കുന്ന പരിതസ്ഥിതിയില്‍ നിന്ന് സമൂഹത്തെ മുക്തമാക്കാന്‍ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയുന്നതിന് നിയമനിര്‍മാണം നടത്തണം.

കെ.ഉനൈസ് വളാഞ്ചേരി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.