2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

സാക്കിറിന്റെ സംഘടന രാജീവ് ഗാന്ധി ഫൗണ്ടേഷന് 50 ലക്ഷം സംഭാവന നല്‍കിയെന്ന്

ന്യൂഡല്‍ഹി: ഇസ്‌ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടന രാജീവ് ഗാന്ധി ഫൗണ്ടേഷന് 50 ലക്ഷം സംഭാവന നല്‍കിയെന്ന് വാര്‍ത്ത. തീവ്രവാദ ബന്ധമാരോപിച്ച് സാക്കിര്‍ നായിക്കിന്റെ സംഘടനയ്‌ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ കരുനീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. 2011ലാണ് രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് സാക്കിറിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പണം നല്‍കുന്നത്.

ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സ്‌ഫോടനത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗം കേട്ടിരുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇദ്ദേഹം വിവാദത്തിലായത്. സാക്കിര്‍ നായിക്കിന്റെ സംഘടനയെ വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സംഭാവന നല്‍കിയ കാര്യത്തില്‍ അപാകതയൊന്നുമില്ലെന്നും ഇരു സംഘടനകളും രാജ്യത്തെ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും ഇസലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വക്താവ് പറഞ്ഞു. സര്‍ക്കാറിന്റെ ചില സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സംഘടനയുടെ വക്താവ് ആരിഫ് മാലിഖ് പറഞ്ഞു. സംഭാവന നല്‍കി അഞ്ചു വര്‍ഷത്തിനു ശേഷം ആരോപണം ഉന്നയിക്കുന്നത് നിഘൂഢമാണെന്നും അദ്ദേഹം പറഞ്ഞു.  
സംഭാവന വാങ്ങിയ സമയത്ത് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ സര്‍ക്കാര്‍ നിരീക്ഷണ പരിധിയില്‍ കൊണ്ടുവന്നിട്ടില്ലായിരുന്നുവെന്നും അതിനാല്‍ ഇതില്‍ തെറ്റൊന്നുമില്ലെന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.