
പുനലൂര്‍ (കൊല്ലം): സഹോദരിയെ കഴുത്തറുത്ത് കൊന്നശേഷം സഹോദരന് ആത്മഹത്യക്ക് ശ്രമിച്ചു. കരവാളൂര്‍ വട്ടമണ്‍ കല്ലുവിള പുത്തന്‍വീട്ടില്‍ മേഴ്സി(52)യാണ് കൊല്ലപ്പെട്ടത്. സഹോദരന് തോമസ് ഡാനിയലിനെ (68) പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഇരുവരും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. സഹോദരിയെ കൊന്നശേഷം ഇവരുടെ വീടിനുസമീപമുള്ള കുടുംബവീട്ടിലെത്തിയാണ് തോമസ് ഡാനിയല്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബഹളംകേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് നാടുവിട്ടുപോയ തോമസ് ഡാനിയേല്‍ അടുത്തിടെയാണ് തിരികെയെത്തിയത്.
താന്‍ മരിച്ചാല്‍ സഹോദരിക്ക് ആരുമില്ലാതാകുമെന്ന ചിന്ത ഇയാള്‍ക്കുണ്ടായിരുന്നതായി പരിസരവാസികള്‍ പറയുന്നു. മേഴ്സിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും സൂചനയുണ്ട്. മേഴ്സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച മേഴ്സി തോമസും സഹോദരനും അവിവാഹിതരാണ്. ഫോട്ടോ മേഴ്സി