2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

സഹീറിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

മലപ്പുറം: എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന പരാതിയുമായി ബന്ധുക്കള്‍. സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ഥി കാസര്‍കോട് പടന്ന സ്വദേശി സഹീറി (17)നെ കഴിഞ്ഞ രണ്ടിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നത്.

കോളജ് അധികൃതരുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സ്ഥാപന അധികൃതര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ മലപ്പുറത്തു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മതനിഷ്ഠയിലും പഠനത്തിലും ഏറെ മുന്നിലായിരുന്ന സഹീര്‍ ആത്മഹത്യ ചെയ്യില്ലെന്നും എല്ലാവരോടും നല്ലനിലയിലാണ് പെരുമാറിയിരുന്നതെന്നും കുടുംബം പറയുന്നു.
എടവണ്ണ പൊലിസ് തയാറാക്കിയ എഫ്.ഐ.ആറില്‍ വൈകിട്ട് 5.15നു കുട്ടി മരിച്ചതായി പറയുന്നുണ്ട്. എന്നാല്‍, കേവലം ഒരു കിലോമീറ്റര്‍ ദൂരമുള്ള പൊലിസ് സ്റ്റേഷനില്‍ അന്നു രാത്രി 9.10നാണ് അധികൃതര്‍ വിവരമറിയിച്ചത്. പിറ്റേന്നു രാവിലെ ഒന്‍പതിനു മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍വച്ചാണ് പൊലിസ് മൃതദേഹം പരിശോധിക്കുന്നത്.
തൂങ്ങിമരിച്ചതായി പറയുമ്പോഴും മൃതദേഹം ആദ്യം കണ്ടതും ഇറക്കിവച്ചതും കയര്‍ അഴിച്ചുമാറ്റിയതും ആശുപത്രിയിലെത്തിച്ചതും ആരാണെന്ന കാര്യത്തില്‍ പരസ്പരവിരുദ്ധ മറുപടിയാണ് സ്ഥാപന അധികൃതര്‍ നല്‍കുന്നത്. നീക്കം ചെയ്‌തെന്നു പറയപ്പെടുന്ന കയര്‍ ഇതുവരെ പൊലിസിനു ലഭിച്ചിട്ടില്ല. പത്തു ദിവസം പിന്നിട്ടിട്ടും സ്ഥാപനത്തിന്റെ മുന്‍വശത്തുള്ള സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടില്ല. ഉന്നതതല ഇടപെടലുകളാണ് ഇതിനു കാരണമെന്നു സംശയിക്കുന്നതായും പറഞ്ഞു.
അതേസമയം, ഹോസ്റ്റലില്‍ ചെന്നു പരിശോധിക്കാന്‍ തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും ഒടുവില്‍ ഇന്നലെ ആറു പൊലിസുകാരുടെ സാന്നിധ്യത്തില്‍ ഹോസ്റ്റലില്‍ ചെന്നതായും പിതാവ് പറഞ്ഞു. 80 കിലോഗ്രാമോളം തൂക്കമുള്ള സഹീര്‍ കയറിനിന്നതായി പറയുന്ന മേശ അത്രയും ഭാരം വഹിക്കാന്‍ ശേഷിയില്ലാത്തതാണ്. മുജാഹിദ് കുടുംബമായ തങ്ങള്‍ മതപഠനത്തിനുകൂടി പ്രചോദനമെന്ന നിലയിലാണ് ജാമിഅ നദ്‌വിയ്യയില്‍ ചേര്‍ത്തത്. സ്ഥാപനത്തില്‍ നടന്ന അരുതായ്മകള്‍ എന്തെങ്കിലും അറിഞ്ഞതാകാം കൊലപ്പെടുത്തിയതിനു പിന്നിലെന്നാണ് കുടുംബത്തിന്റെ സംശയം.
മൃതദേഹം സ്വദേശത്തു കൊണ്ടുപോകുന്നതിനോ വീട് സന്ദര്‍ശിക്കാനോ ഇതുവരെ ജാമിഅ നദ്‌വിയ്യ അധികൃതര്‍ തയാറായിട്ടില്ല. സഹീറിനു മാനസികാസ്വാസ്ഥ്യമുള്ളതായി ആദ്യത്തില്‍ അധ്യാപകര്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. അന്വേഷണത്തെ നിരുത്സാഹപ്പെടുത്തുകയും സ്ഥാപനത്തെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് കെ.എന്‍.എം നേതാക്കള്‍ സ്വീകരിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി, മലപ്പുറം ജില്ലാ പൊലിസ് സൂപ്രണ്ട്, ചൈല്‍ഡ്‌ലൈന്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ മാതാപിതാക്കള്‍ നേരില്‍ കാണും. ആവശ്യമെങ്കില്‍ സ്ഥാപനത്തിനുമുന്നില്‍ നിരാഹാരമിരിക്കുമെന്നും കുടുംബം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പിതാവ് പി.വി മുഹമ്മദ് സ്വാദിഖ്, ബന്ധുക്കളായ അഡ്വ. അബ്ദുല്‍ ലത്വീഫ്, പി.വി അര്‍ഷദ്, പി.വി മന്‍സൂര്‍, ടി.കെ മുസ്ത്വഫ പങ്കെടുത്തു. അതേസമയം, ഏറ്റവും മികച്ച വിദ്യാര്‍ഥിയും ഹോസ്റ്റല്‍ ലീഡറുമായിരുന്നു മരിച്ച സഹീറെന്നും കേസന്വേഷണത്തില്‍ സ്ഥാപനത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ജാമിഅ നദ്‌വിയ്യ അധ്യാപകനും ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയുമായ പി.കെ സകരിയ്യ സ്വലാഹി പ്രതികരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.