2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

സഹികെട്ടാണ് കാനം മുണ്ടുടുത്ത മോദീ എന്ന് നാമകരണം ചെയ്തത്!!

കുഞ്ഞഹമ്മദ്,പട്ടാമ്പി അറാര്‍

 

തങ്ങളുടെസഹോദരസംഘടനയുടെനേതാവും തങ്ങളുടെ മുന്നണി മുഖ്യമന്ത്രികൂടിയായ പിണറായി സഖാവിനെ എത്രസഹികെട്ടാണ് സി.പി.ഐ നേതാവ് കാനംരാജേന്ദ്രന് മുണ്ടുടുത്ത മോദീ എന്ന് അരിശത്തോടെ വിളിക്കേണ്ടി വന്നതെന്ന് അറുവഷളന്‍ ശശീന്ദ്രനെ വീണ്ടും തന്നിഷ്ടപ്രകാരം മന്ത്രിയാക്കിയതിലൂടെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കയാണ്. കേവലംചായക്കച്ചവടക്കാരനായിരുന്നു താനെന്ന് പറഞ്ഞ് പ്രധാനമന്ത്രിയായ മോദി തന്റെ ആരോഗ്യസംരക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി ചെലവാക്കുന്ന ലക്ഷങ്ങളും ഇതിനോടകം വിവാദമായതാണ്.എന്നിട്ടും ധിക്കാരനിലപാടുകളില്‍ ഒരു മാറ്റവും മോദി ഇതുവരെ വരുത്തിയിട്ടില്ല. മാനവികതയെക്കുറിച്ച് വാചാലമാകുന്ന മോദിതന്നെ പശുവിനെ ഭുജിക്കുന്നവര്‍ക്ക് വധശിക്ഷയെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നു. ഫാഷിസം രാജ്യത്തെ വിഴുങ്ങുന്ന നിലയിലെത്തിനില്‍ക്കുന്നു എന്ന് ബോധ്യപ്പെടാത്ത ഒരു മതേതരവാദിയും ഇന്ന് ഇന്ത്യയിലില്ല. എല്ലാ മതേതരവാദികളും എല്ലാംമറന്ന് യോജിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഉരുവിടുന്നവരാണ് പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയടക്കം സര്‍വരും. അന്നേരവും അധികാരദണ്ഡ് കാട്ടി ധിക്കാരപൂര്‍വം അത് ഞങ്ങള്‍ തനിച്ച് നോക്കിക്കൊള്ളാം എന്നാണ് പിണറായി നിലപാട്. തലയില്‍ ആള്‍താമസമുള്ള ആരെങ്കിലും പറയുമോ മോദിയേയും സംഘികളേയും ഞങ്ങള്‍ തനിച്ചുനേരിട്ടുകൊള്ളാമെന്ന്. ഇവിടെയാണ് കാനം വിളിച്ച മുണ്ടുടുത്ത മോദീനാമകരണം അന്വര്‍ഥമാവുന്നത്. മോദിയെക്കുറിച്ചും ബി.ജെ.പിയെക്കുറിച്ചും ഇവര്‍പറയുന്ന വിരോധമുണ്ടെങ്കില്‍ ഒരുകാരണവശാലും രണ്ടാമതൊരിക്കല്‍കൂടി മോദി അധികാരത്തില്‍ വരുന്നതൊഴിവാക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കയാണ് സി.പി.എം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ വാക്കാല്‍ ബി.ജെ.പി വിരോധം വിളമ്പുകയും കര്‍മത്തില്‍ അവരുടെ തിരിച്ചുവരവിനവസരം സൃഷ്ടിക്കാനുമാണ് യെച്ചൂരിയെ തള്ളി മോദീ അനുകൂല നിലപാട് വിളിച്ചുപറയുന്നത്.
അതിലേറെ ഞെട്ടിപ്പിക്കുന്നതാണ് വലിയവായില്‍ മതേതരത്വവും പ്രത്യേകിച്ച് മുസ്‌ലിം സംരക്ഷണം പ്രസംഗിച്ചുനടക്കുന്ന സി.പി.എം. പതിനാലു ജില്ലാകമ്മിറ്റി സെക്രട്ടറിമാരില്‍ ഒരാള്‍പോലും മുസ്‌ലിമായിട്ടില്ല.സൈബര്‍പോരാളികള്‍എമ്പതുശതമാനവും മാപ്പിളസഖാക്കളാണെന്നിരിക്കെ കണ്ണൂര്‍ ജില്ലാ 49 അംഗ കമ്മിറ്റിയില്‍ മരുന്നിനായി ഒരു ഷംസീര്‍ മാത്രമാണ് അതിലുള്ളതെന്ന് സംഘികളടക്കം ആശ്ചര്യപ്പെടുന്നു. കണ്ണൂരില്‍ ഖബര്‍സ്ഥാന്റെ വിഷയത്തിലായാലും ബാങ്ക് വിളിസംബന്ധമായും ബി.ജെ.പിക്കാരേക്കാള്‍ മുസ്‌ലിംകളെ ദ്രോഹിക്കാറ് സഖാക്കളാണെന്ന്, കണ്ണൂര്‍ക്കാരായ പല സുഹൃത്തുക്കളും പങ്കുവച്ചിരുന്നത് എത്രശരിയാണെന്ന് അടിവരയിടുന്നതാണ് കണ്ണൂരിലെ49സി.പി.എംകമ്മറ്റി! ഈ രീതി ശരിയല്ലെന്ന് പറയാന്‍ പിണറായിഭക്തരില്‍ ചുണയുള്ള ഒരാളുമില്ല. പെന്‍ഷന്‍പോലും കൊടുക്കാന്‍ വഹ ഇല്ലാതെ ഉഴലുമ്പോള്‍ അരലക്ഷം കയുടെ കണ്ണടയും അറുവഷളനെ വീണ്ടും മന്ത്രിയാക്കുന്നതുമൊക്കെ സാംസ്‌കാരിക കേരളത്തിന് ചേര്‍ന്നതല്ലെന്ന് ഉറക്കെ പറയേണ്ടവര്‍ ഈ വൃത്തികേടുകളേയും വലിയ വിപ്ലവമായും പിണറായി വിജയന്റെ മഹത്വമായും കാണുന്നു! സാക്ഷരകേരളമേ ലജ്ജിക്കുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.