2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

“സഹായിക്കുന്നവരെ തടയരുതേ” കേന്ദ്ര സര്‍ക്കാരിനോട് കേരള നിയമസഭ

 

 

തിരുവനന്തപുരം: മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കേന്ദ്രം നല്‍കിയ 600 കോടി അപര്യാപ്തമാണെന്നും നാശനഷ്ടങ്ങളുടെ അന്തിമ കണക്കുകളുടെ അടിസ്ഥാനത്തില്‍ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും പര്യാപ്തമായ കേന്ദ്രസഹായം അനുവദിക്കണമെന്നും കേരള നിയമസഭ.
അതിബൃഹത്തായ പുനരധിവാസ,പുനര്‍നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുക്കുമ്പോള്‍ സാങ്കേതികമേഖലയിലും ധനസമാഹരണത്തിന്റെ കാര്യത്തിലും അന്താരാഷ്ട്രതലത്തിലുള്ള സഹകരണവും സഹായവും ആവശ്യമായി വരുമെന്നും അതിനാല്‍ വിദേശ രാജ്യങ്ങള്‍, ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍, ലോകബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ ഏജന്‍സികള്‍ എന്നിവ നല്‍കാന്‍ തയാറുളള സാമ്പത്തിക, സാങ്കേതിക സഹായവും സഹകരണവും പരമാവധി പ്രയോജനപ്പെടുത്തുന്ന നിലപാട് സ്വീകരിക്കണമെന്നും നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു.
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനമാണ് എട്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രമേയം പാസാക്കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണമെന്ന് ചര്‍ച്ചയ്‌ക്കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആഹ്വാനം ചെയ്തു. പ്രതിപക്ഷം നിര്‍ദേശിച്ച ചില ഭേദഗതികള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് പ്രമേയം അന്തിമമായി അംഗീകരിച്ചത്.
മഹാപ്രളയ ദുരന്തം കേരളത്തിന്റെ സമസ്തമേഖലകളിലും ഏല്‍പിച്ച ആഘാതം ഇനിയും പൂര്‍ണമായി കണക്കാക്കപ്പെട്ടിട്ടില്ല എന്നിരിക്കെ, ശാസ്ത്രീയാടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെയും പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയാറാക്കാന്‍ വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്ന് പ്രമേയം നിര്‍ദേശിച്ചു.
കേരളത്തിലെ 981 വില്ലേജുകളിലായി 55 ലക്ഷത്തോളം ആളുകള്‍ പ്രളയദുരന്തത്തിന് ഇരയായതായി കണക്കാക്കുന്നു. ദുരന്തത്തില്‍ 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. ഇതിന് പുറമേ, ഗുരുതരമായ പരുക്കുകള്‍ പറ്റിയ 140 പേരുമുണ്ട്. മരണസംഖ്യ പരമാവധി കുറയ്ക്കുകയും പ്രളയബാധിതരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുക എന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. മഹാദൗത്യത്തില്‍ കേന്ദ്ര, സംസ്ഥാന സംവിധാനങ്ങളും സ്വജീവന്‍ പണയപ്പെടുത്തി മത്സ്യത്തൊഴിലാളികളും യുവാക്കളും സന്നദ്ധപ്രവര്‍ത്തകരും സജീവമായി അണിനിരന്നു. ഇവരോടൊപ്പം ജനപ്രതിനിധികളാകെയും ദുരിതാശ്വാസ, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. ഇവരുടെയെല്ലാം സേവനം അഭിമാനപൂര്‍വം അനുസ്മരിക്കുന്നതോടൊപ്പം ഇവരോടുള്ള സംസ്ഥാനത്തിന്റെ കടപ്പാടും നന്ദിയും സഭ രേഖപ്പെടുത്തി. ഒരുമയുടെയും കൂട്ടായ്മയുടെയും മഹനീയ മാതൃകയായി ലോകം വിലയിരുത്തിയ ദിരുതാശ്വാസ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതുവഴിയുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണ് ഉണ്ടായതെന്ന വിമര്‍ശനം പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി. ഇതേക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആരോപണം പ്രഥമദൃഷ്ട്യാ വസ്തുതാവിരുദ്ധമാണെന്നും ഡാമുകളുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടായിട്ടില്ലെന്ന് ജലകമ്മിഷന്‍ വിലയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും സമര്‍ത്ഥിച്ചു. ഭരണ, പ്രതിപക്ഷ നിരകളില്‍ നിന്ന് 42 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം, മഹാപ്രളയത്തെ നേരിടാന്‍ നാട് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ചര്‍ച്ചകളില്‍ വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെവിടെ നിന്നൊക്കെ സഹായം തേടാന്‍ പറ്റുമോ, അതെല്ലാം നേടും. കേന്ദ്രത്തില്‍ നിന്ന് ഇനിയും സഹായം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സഹായം പ്രതീക്ഷിക്കുന്നുണ്ട്. യു.എ.ഇയിലെ ഓരോ വീട്ടിനും ഒരു മലയാളി സ്പര്‍ശമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ഒരു മലയാളി ബന്ധം കാണും. അത്രത്തോളം ആത്മബന്ധം ആ നാടിന് നമ്മുടെ നാടുമായിട്ടുണ്ട്. നമുക്കുണ്ടായിട്ടുള്ള ദുരന്തം അവര്‍ക്ക് സംഭവിച്ച ദുരന്തമായിട്ടാണ് അവര്‍ കാണുന്നത്. മനസ്സിലാക്കിയിടത്തോളം നാം കേട്ട തുകയേക്കാള്‍ കൂടുതല്‍ സഹായം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴയെ പ്രതിരോധിക്കുന്ന റോഡുകള്‍ നിര്‍മിക്കുന്നതിന് ശാസ്ത്രീയവും ദീര്‍ഘവുമായ പദ്ധതികള്‍ വേണം. ഓരോ മഴയിലും തകരുന്ന റോഡുകള്‍ ഇനി വേണ്ട. പുഴയുടെ തീരങ്ങള്‍ എത്രത്തോളം ഭദ്രമാക്കാന്‍ പറ്റുമെന്നതും പരിശോധിക്കേണ്ട കാര്യമാണ്.നല്ല രീതിയില്‍ പുതിയ കേരളത്തിനായി നമുക്കൊന്നിച്ച് നില്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ എം.എല്‍.എയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് ധാരണയുണ്ടോ?

തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്തുന്നതിനും പുനരുദ്ധാരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സി.പി.ഐ എം.എല്‍.എയോട് ക്ഷുഭിതനായി മുഖ്യമന്ത്രി. മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായത്.
പ്രളയത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണമെന്ന് എല്‍ദോ പറഞ്ഞ് നിര്‍ദേശങ്ങള്‍ വച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇപ്പോള്‍ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ.
കേരളം എത്രയാണ് അനുവദിച്ചതെന്ന് അറിയാമോ. ഇതിനെയൊക്കെ കുറിച്ച് സഭാംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ ഒരുനിമിഷം എല്‍ദോയും സഭയും പകച്ചുപോയി. പിന്നീട് കേന്ദ്രസഹായം വളരെ അപര്യാപ്തമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് പറഞ്ഞ് എല്‍ദോ എബ്രഹാം പ്രസംഗം ചുരുക്കുകയായിരുന്നു.

 

സജി ചെറിയാനും രാജു എബ്രഹാമിനും ചര്‍ച്ചയില്‍ അവസരം നിഷേധിച്ചു

തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഭരണകക്ഷി എം.എല്‍.എ ആയാലും പടിക്കുപുറത്ത്. മഹാപ്രളയം ചര്‍ച്ച ചെയ്ത നിയമസഭാ സമ്മേളനത്തില്‍ വിമര്‍ശിച്ചവരെ മാറ്റിനിര്‍ത്തിയ സി.പി.എം നടപടി വിവാദമായി. പ്രളയദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂര്‍, റാന്നി നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന സജി ചെറിയാനും രാജു എബ്രഹാമിനുമാണ് നിയമസഭയിലെ ചര്‍ച്ചയില്‍ അവസരം നിഷേധിച്ചത്. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നുമായി 41 എം.എല്‍.എമാര്‍ക്കാണ് സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നത്.
പ്രളയത്തിന്റെ സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരേ ഇരുവരും വിമര്‍ശനം ഉന്നയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് സ്ഥിതി രൂക്ഷമാക്കിയെന്നാണ് രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തിയില്ലെങ്കില്‍ പതിനായിരങ്ങള്‍ മരിച്ചു പോകുമെന്നായിരുന്നു സജി ചെറിയാന്റെ വികാരപരമായ വാക്കുകള്‍. ഇതു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.