2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സഹകരണ പ്രതിസന്ധി: കേരളം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

 

സഹകരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാലും ഇനി പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശനിയാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വീണ്ടും കാണുന്നുണ്ടെന്നും ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഗുണമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ കേരളത്തില്‍ നിന്നുളള സര്‍വ്വകക്ഷി സംഘത്തെ കാണാനുളള അനുമതി നേരത്തെ പ്രധാനമന്ത്രി നല്‍കിയിരുന്നില്ല. ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് ഇനി സമയം അനുവദിച്ചാലും പോകുന്നില്ലെന്ന നിലപാട് ഐസക്ക് അറിയിച്ചത്.

 

നോട്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനം അകപ്പെട്ട കടുത്ത പ്രതിസന്ധിയില്‍ മോദി സര്‍ക്കാരിനെതിരെയുളള രൂക്ഷ വിമര്‍ശനം ഐസക്ക് ഇന്നും തുടര്‍ന്നു. അടുത്തമാസം ശമ്പളം നല്‍കുന്നതിനായി സംസ്ഥാനത്ത് പണം ഉണ്ടാകില്ല.

 

കേന്ദ്രത്തോട് കൂടുതല്‍ വായ്പ ആവശ്യപ്പെടണം. വായ്പ ലഭിച്ചാല്‍ മാത്രമെ ഈ വലിയ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. എന്തിനു വേണ്ടിയാണ് നോട്ട് നിരോധനമെന്നതിന് പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ഉത്തരമില്ല. അതുകൊണ്ടു മാത്രമാണ് ക്യാഷ്‌ലെസ് എക്കോണമിയെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നത്. പ്രധാനമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

 

നോട്ട് നിരോധനത്തെ തുടര്‍ന്ന് ട്രഷറികള്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ ഒരാഴ്ച പിന്നിട്ടിട്ടും സംസ്ഥാനത്തെ ശമ്പളപെന്‍ഷന്‍ വിതരണം നിലവില്‍ താറുമാറായിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News