2018 April 16 Monday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

സഹകരണസംഘാംഗങ്ങളായ നിക്ഷേപകര്‍ ആദായനികുതി നല്‍കേണ്ടതില്ല

ഹനീഫ പെരിഞ്ചീരി 9447157611

പ്രാഥമിക സര്‍വീസ് സഹകരണബാങ്കുകളിലെ അംഗങ്ങളായ നിക്ഷേപകര്‍ക്കു നല്‍കുന്ന പലിശയ്ക്ക് ആദായനികുതി നല്‍കേണ്ടതില്ല. ആദായനികുതി നിയമത്തിലെ വകുപ്പ് 194 എ (3)(വി) പ്രകാരമാണ് ഈ ആനുകൂല്യം. മറ്റു ധനകാര്യസ്ഥാപനങ്ങള്‍ നിക്ഷേപകര്‍ക്കു നല്‍കുന്ന പലിശ 10,000 രൂപയ്ക്കു മുകളിലാണെങ്കില്‍ ഉറവിടത്തില്‍നിന്ന് ആദായനികുതി പിടിച്ചു നല്‍കണം.

വ്യക്തിയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ കാഷ് ഡെപ്പോസിറ്റ് ഉണ്ടായാല്‍ അങ്ങനെയുള്ള ഇടപാടുകള്‍ ആദായനികുതിവകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നാണു ബാങ്കിങ് സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം. എന്നാല്‍, ബാങ്കിങ് റഗുലേഷന്‍ ആക്ട് വകുപ്പ് 3 ല്‍ പറയുന്ന നിര്‍വചനത്തില്‍പെടാത്ത ബാങ്കിങ് നിയമത്തിലെ കാര്‍ഷികവായ്പാസംഘത്തിന്റെ സ്വഭാവമുള്ള പ്രാഥമികസംഘങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ലെന്നു ചുരുക്കം.

സഹകരണ സൊസൈറ്റിയെന്നാല്‍ 1912 ലെ കോ-ഓപറേറ്റിവ് സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളാണ്. അല്ലെങ്കില്‍ കേരള സഹകരണസംഘം നിയമം 1969 വകുപ്പ് 7 പ്രകാരം രജിസ്റ്റര്‍ ചെയ്തതും വകുപ്പ് 2 (ഒ.എ) പ്രകാരം വില്ലേജ് പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ പ്രവര്‍ത്തനപരിധിയായി നിശ്ചയിച്ചിട്ടുള്ളതും കാര്‍ഷിക വായ്പാ അനുബന്ധപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയെന്ന മുഖ്യ ലക്ഷ്യമായി പ്രവര്‍ത്തിക്കുന്നതും സംസ്ഥാനസര്‍ക്കാരിനുവേണ്ടി സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലറുകള്‍ക്കും കോടതി നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചു പ്രവര്‍ത്തിക്കുന്നതുമായ സഹകരണസംഘങ്ങളാണ്.

സഹകരണസംഘങ്ങളിലെ നാമമാത്ര അംഗങ്ങള്‍ക്കും ഈ ഇളവ് ബാധകമാണ്. വോട്ടവകാശമുള്ള അംഗങ്ങള്‍ക്കു മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കൂ എന്ന വാദമുന്നയിച്ചു സെന്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിര്‍ദേശം 2002നു ബോംബെ ഹൈക്കോടതിയും ഗുജറാത്ത് ഹൈക്കോടതിയും റദ്ദാക്കുകയും അതു സുപ്രിംകോടതി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആദായനികുതി നിയമത്തിലെ 194 അ(3)(ഢകക) അ വകുപ്പുപ്രകാരം പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ കോ-ഓപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റീസ് (ജഅഇട) കേരളത്തില്‍ പ്രാഥമിക സര്‍വീസ് സഹകരണബാങ്ക്, റൂറല്‍ സര്‍വിസ് സഹകരണബാങ്ക്, ഫാര്‍മേഴ്‌സ് സര്‍വിസ് സഹകരണബാങ്ക് തുടങ്ങിയ സംഘങ്ങളാണ്.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളൊഴികെ ആദായനികുതി വകുപ്പ് 2(19) പ്രകാരം നിര്‍വചിച്ചിട്ടുള്ള എല്ലാ സഹകരണസംഘങ്ങള്‍ക്കും 80(ജ) വകുപ്പുപ്രകാരവും ആദായനികുതി ചാപ്റ്റര്‍ ഢക അ വകുപ്പ് പ്രകാരവും നികുതി ഇളവുകള്‍ക്ക് അര്‍ഹതയുണ്ട്. ബാങ്കിങ് റഗുലേഷന്‍ ആക്ട് പാര്‍ട്ട് ഢല്‍ പ്രാഥമിക വായ്പാസഹകരണസംഘങ്ങള്‍ അല്ലാത്തവയായി നിര്‍വചിച്ചിട്ടുള്ളത് സംസ്ഥാന-ജില്ലാ-സഹകരണ ബാങ്കുകള്‍ അര്‍ബന്‍ ബാങ്കുകള്‍ എന്നിവയാണ്. 80(ജ) വകുപ്പു പ്രകാരമുള്ള നികുതിയിളവിന് ഈ സ്ഥാപനങ്ങള്‍ക്ക് അര്‍ഹതയില്ല.

കേരളത്തിന്റെ ഗ്രാമീണസമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണബാങ്കുകളാണു സാധാരണജനങ്ങളുടെ 80 ശതമാനം ആവശ്യങ്ങളും നിറവേറ്റുന്നത്. നാടുമായി ബന്ധമില്ലാത്ത പുതുപുത്തന്‍തലമുറ ബാങ്കുകള്‍ക്കും ബ്ലെയ്ഡുകമ്പനികള്‍ക്കും സ്വകാര്യ-വാണിജ്യ സ്ഥാപനങ്ങള്‍ക്കും ജനങ്ങളുടെമേല്‍ അധികപ്പലിശ ചുമത്തി കൊള്ളയടിക്കാന്‍ അവസരംനല്‍കാതെ അവരെ രക്ഷപ്പെടുത്തി അവരുടെ ദൈനംദിനജീവിതവുമായി ഇഴകിച്ചേരുന്നതു സഹകരണസ്ഥാപനങ്ങളാണ്.

ജനാധിപത്യസംവിധാനത്തില്‍ മാനുഷികമൂല്യങ്ങള്‍ക്കും മനുഷ്യനന്മക്കുംവേണ്ടി സാധാരണക്കാരന്റെ ചെറുനാണയത്തുട്ടുകള്‍ സമാഹരിച്ചു പരസ്പരവിശ്വാസത്തില്‍ ഇഴയിട്ട ആത്മവിശ്വാസമാണ് ഓരോ സഹകരണസ്ഥാപനത്തിന്റെയും മൂലധനം.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നു രാജ്യത്തൊട്ടാകെയുള്ള മുഴുവന്‍ ജനങ്ങളെയും ദുരിതത്തിലേയ്ക്കു നയിച്ചു. കറന്‍സി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടു റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്കെതിരേ പുറപ്പെടുവിച്ച നിയന്ത്രണങ്ങളും ഉത്തരവുകളും നിയമവിരുദ്ധമായിരുന്നു. യാതൊരു മുന്നൊരുക്കവുമില്ലാതെ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും തീവ്രവാദത്തിന്റെയും അഴിമതിയുടെയും പേരുപറഞ്ഞു നടപ്പാക്കിയ സാമ്പത്തികപരിഷ്‌കരണം വന്‍കിട കോര്‍പറേറ്റുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും തടിച്ചുകൊഴുക്കാന്‍ മാത്രമാണ് അവസരം നല്‍കിയത്.
ആര്‍.ബി.ഐ ലൈസന്‍സുള്ള ജില്ലാ സഹകരണബാങ്കുകളെപ്പോലും വിശ്വാസത്തിലെടുക്കാതെ ബോധപൂര്‍വം ചില ദുഷ്ടശക്തികള്‍ സഹകരണ ബാങ്കുകള്‍ക്കെതിരേ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. ബഹുഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളെയും അവരുടെ നാനാവിധ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റിവരുന്ന സഹകരണബാങ്കുകളെയും ഇതു പ്രതിസന്ധിയിലാക്കി.

രാജ്യത്തെ സ്വകാര്യബാങ്കുകളെ സംശയിക്കാത്ത കേന്ദ്രസര്‍ക്കാര്‍ പൊതുജന ഉടമസ്ഥതയിലുള്ള സഹകരണസംഘങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ വികലമായ നടപടിക്കെതിരേ സഹകാരികളും സംസ്ഥാനസര്‍ക്കാരും കൈകോര്‍ത്തു കക്ഷി രാഷ്ട്രീയത്തിനും ജാതിമതചിന്തകള്‍ക്കും അതീതമായി കേരളീയസമൂഹം സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തിനുപിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന് ഏതുവെല്ലുവിളികളെയും നേരിടാന്‍ ശക്തമാണെന്നു തെളിയിച്ചു.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ചു ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിന് അതിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ പുരോഗതിക്കും അഭിവൃദ്ധിക്കും ക്ഷേമത്തിനുംവേണ്ടി നിയമനിര്‍മാണമുണ്ടാക്കുന്നതിനും നടപ്പിലാക്കുന്നതിനും ഭരണഘടനാനുസൃതമായ അധികാരവും അവകാശവുമുണ്ട്.

സഹകരണമേഖല സംസ്ഥാനസര്‍ക്കാറുകള്‍ക്ക് അധികാരമുള്ള പട്ടികയിലാണ് കേരള സംസ്ഥാന നിയമസഭ പാസാക്കി രാജ്യത്തിന്റെ രാഷ്ട്രപതി അംഗീകരിച്ച് ഒപ്പുവച്ച് അനുമതി നല്‍കിയ സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണു കേരളത്തിലെ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 97-ാം ഭരണഘടനാ ഭേദഗതിപ്രകാരം ‘സഹകരണസംഘ രൂപീകരണം’ പ്രത്യേകപരിരക്ഷയും സ്വാതന്ത്ര്യവും അവകാശവും ഉറപ്പുനല്‍കുന്നു. അതുകൊണ്ടുതന്നെ സഹകരണസ്ഥാപനങ്ങളുടെ നിലനില്‍പ്പില്ലാതാക്കാന്‍ കേന്ദ്രഗവണ്‍മെന്റിനോ റിസര്‍വ് ബാങ്കിനോ സാധ്യമല്ല താനും.
കേരളത്തിലെ സഹകരണസംഘങ്ങളിലെ അംഗങ്ങളായ നിക്ഷേപകര്‍ക്ക് ആദായനികുതിയിളവു ലഭിക്കുന്നതോടൊപ്പം അവരുടെ നിക്ഷേപങ്ങള്‍ക്കു കേരള സഹകരണനിയമം 57 ബി വകുപ്പുപ്രകാരം 2012 ല്‍ രൂപീകരിച്ച കേരള സഹകരണനിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഗ്യാരണ്ടിയുമുണ്ട്. സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ നിയമപരവും സുരക്ഷിതവും മാത്രമല്ല സംഘങ്ങളിലെ അംഗങ്ങളാണെങ്കില്‍ നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നല്‍കേണ്ടതില്ല.

ഒരു സാമ്പത്തികവര്‍ഷം രണ്ടരലക്ഷം രൂപയ്ക്കുമേല്‍ പലിശവരുമാനമുണ്ടെങ്കില്‍ മാത്രമാണ് ആദായനികുതി പരിധിയില്‍ വരുന്നത്. സഹകരണമേഖലയിലെ നിക്ഷേപങ്ങളെപ്പറ്റി അനാവശ്യമായ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന ബഹുമാന്യനായ കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനംതന്നെയാണ് ഏറ്റവുംവലിയ ഉറപ്പ്. കേരളത്തില്‍ സഹകരണം ഒരു സംസ്ഥാനവിഷയമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാജ്യതാല്‍പര്യത്തോടൊപ്പം ഫെഡറല്‍ സംവിധാനവും സംരക്ഷിക്കപ്പെടും തീര്‍ച്ച.

(കോ-ഓപറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.