2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സവര്‍ണരെ ഭയന്ന് മുടിവെട്ടാനും ദലിതര്‍ക്ക് കഴിയുന്നില്ല

ചിക്കബെല്ലാപൂര്‍: സവര്‍ണജാതിക്കാരുടെ വിലക്ക് കാരണം ഒരു വര്‍ഷമായി സ്വന്തം ഗ്രാമത്തില്‍ തലമുടി വെട്ടാന്‍ കഴിയാതെ കര്‍ണാടക ഗ്രാമത്തിലെ ദലിത് സമൂഹം.
നാലായിരത്തോളം പേര്‍ വസിക്കുന്ന മഞ്ചനബലെ ഗ്രാമത്തിലെ അറുനൂറോളം ദലിതരാണ് സവര്‍ണരുടെ ജാതിവിവേചനത്തില്‍ നിസ്സഹായരായി നില്‍ക്കുന്നതെന്ന് ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഗ്രാമത്തിലുള്ള ബാര്‍ബര്‍ ഷോപ്പുകളില്‍ ദലിതര്‍ തലമുടി വെട്ടാന്‍ പാടില്ലെന്നും മുടിവെട്ടണമെന്നുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടി ചിക്കബെല്ലാപൂര്‍ നഗരത്തില്‍ പോകണമെന്നുമാണ് സവര്‍ണര്‍ പറയുന്നത്. സവര്‍ണരുടെ വിലക്കിനെതിരേ ചില ദലിത് യുവാക്കള്‍ ശക്തമായി രംഗത്തുവന്നെങ്കിലും പ്രദേശത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചുപൂട്ടിയാണ് സവര്‍ണര്‍ ഇതിന് മറുപടി നല്‍കിയത്.
2015 ഓഗസ്റ്റ് മുതല്‍ക്കാണ് ഇത്തരമൊരവസ്ഥ രൂക്ഷമായതെന്നാണ് ദലിതര്‍ പറയുന്നത്. പലതവണ ഇക്കാര്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. ജില്ലാ ഡെപ്യൂട്ടി കമ്മിഷനര്‍ ഇടപെട്ട് ചര്‍ച്ച നടത്തിയെങ്കിലും ഇതിലും തീരുമാനമായില്ല.
എന്നാല്‍ ദലിതര്‍ക്ക് ഒരുതരത്തിലുള്ള വിവേചനമില്ലെന്ന് സവര്‍ണര്‍ പറയുമ്പോള്‍, ജാതിവിവേചനം ഉണ്ടെന്ന് ദലിതര്‍ ആരോപിക്കുന്നു. ദലിതരുടെ മുടിവെട്ടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ആരോപിച്ച് പൊലിസ് തങ്ങള്‍ക്കെതിരേ കേസെടുക്കുന്നുവെന്ന് ബാര്‍ബര്‍മാരും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
പല ഷോപ്പുടമകളും കേസ് ഭയന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.
 ദലിതര്‍ നേരിടുന്ന വിലക്ക് ഉടന്‍ നീക്കുമെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മിഷനര്‍ ദീപ്തി കാനഡെ വ്യക്തമാക്കി.
പുതിയ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ സന്നദ്ധരായവരെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.