2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

Editorial

സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുടെ ഒഴുക്കന്‍ മറുപടികള്‍


കാത്തിരുന്നു കിട്ടിയ സന്ദര്‍ശനാനുമതിക്ക് ഒടുവില്‍ കേരളത്തിലെ സര്‍വകക്ഷി സംഘത്തിനു പ്രധാനമന്ത്രിയില്‍നിന്നു കിട്ടിയതു കുറേ ഒഴുക്കന്‍ മറുപടികള്‍. നാലുതവണയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചിരുന്നത്. നാലുതവണയും അനുമതി നിഷേധിച്ചു. 

ഇതിനെതിരേ ഉയര്‍ന്ന വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അഞ്ചാംതവണ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിനു സന്ദര്‍ശനാനുമതി നല്‍കിയത്. എന്നാല്‍, കേരളം ഉന്നയിച്ച അതീവപ്രാധാന്യമുള്ള പല വിഷയങ്ങളോടും പ്രധാനമന്ത്രി നിസ്സംഗമനോഭാവത്തോടെയാണു പ്രതികരിച്ചത്.
ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വന്നതോടെ കേരളത്തിനു നേരത്തെ ലഭിച്ചുകൊണ്ടിരുന്ന റേഷന്‍ വിഹിതം കേന്ദ്രസര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചു. ഇതിനെത്തുടര്‍ന്നു മുന്‍ഗണനാ വിഭാഗത്തില്‍പെടാത്ത കാര്‍ഡുടമകള്‍ക്ക് ഒരു കിലോ അല്ലെങ്കില്‍ രണ്ടു കിലോ അരി മാത്രമാണു ലഭിക്കുന്നതെന്നും വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടുന്ന, സമ്പൂര്‍ണമായും ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ഇതു വലിയ ആഘാതമാണു സൃഷ്ടിച്ചിരിക്കുന്നതെന്നും അതിനാല്‍ നേരത്തെ നല്‍കിയ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണമെന്നുമുള്ള ആവശ്യത്തോടു പ്രധാനമന്ത്രി നിഷേധാത്മകമായ നയമാണു സ്വീകരിച്ചത്. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചുള്ള റേഷന്‍വിഹിതം മാത്രമേ നല്‍കൂവെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയോടും അനുകൂലമായ നിലപാടായിരുന്നില്ല പ്രധാനമന്ത്രി സ്വീകരിച്ചത്. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹൈന്‍, എം.പിമാരായ എം.ബി രാജേഷിന്റെയും എ. സമ്പത്തിന്റേയും ചോദ്യങ്ങള്‍ക്കു നല്‍കിയ ഉത്തരം ശരിവയ്ക്കുന്നതായിരുന്നു ഈ കാര്യത്തിലുള്ള പ്രധാനമന്ത്രിയുടെ മറുപടി. കഞ്ചിക്കോട് കോച്ച് ഫാക്ടറി സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.
നേരത്തെ കാബിനറ്റ് മന്ത്രി പീയൂഷ് ഗോയല്‍ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനു നല്‍കിയ കത്തിനു കടകവിരുദ്ധമായിരുന്നു ഈ മറുപടി. കഞ്ചിക്കോട് കോച്ച് ഫാക്ടറി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു ഗോയല്‍ കത്തിലൂടെ വി.എസിനെ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി പ്രധാനമന്ത്രിയില്‍നിന്ന് ആശാവഹമായ മറുപടി കിട്ടുമെന്നായിരുന്നു മുഖ്യമന്ത്രി പ്രതീക്ഷിച്ചിരുന്നത്. ഉറപ്പുകളൊന്നും പ്രധാനമന്ത്രി നല്‍കിയില്ല.
ഓഖി ദുരന്ത പുനരധിവാസ പദ്ധതിക്കു കേരളമാവശ്യപ്പെട്ട 7400 കോടിയുടെ ധനസഹായത്തെക്കുറിച്ചും നരേന്ദ്രമോദി മൗനം പാലിക്കുകയായിരുന്നു. അങ്കമാലിയില്‍നിന്നു തുടങ്ങാനിരിക്കുന്ന ശബരിപാതയ്ക്കു സ്ഥലമേറ്റെടുത്തു നല്‍കിയാല്‍ പരിഗണിക്കാമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിയുകയും ചെയ്തു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി കോര്‍പ്പറേറ്റുകള്‍ക്കു കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോടും പ്രധാനമന്ത്രി അനുകൂലമായല്ല പ്രതികരിച്ചത്.
പുറത്തേയ്ക്കു കൊടുക്കുന്ന ടെണ്ടറില്‍ കേരളത്തിനും പങ്കെടുക്കാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഈ ഫാക്ടറിക്കു വേണ്ടി സംസ്ഥാനം എഴുനൂറ് ഏക്കറാണു നല്‍കിയത്. ആവശ്യമായ അസംസ്‌കൃത വസ്തുക്കളും നല്‍കിവരുന്നുണ്ട്. എന്നിട്ടാണു കേരളത്തിന്റെ എതിര്‍പ്പു വകവയ്ക്കാതെ സ്വകാര്യ കുത്തകകള്‍ക്കു കൈമാറാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നും നാശനഷ്ടങ്ങള്‍ കണ്ടുമനസിലാക്കാന്‍ കേന്ദ്രസംഘത്തെ അയക്കണമെന്നുമുള്ള ആവശ്യത്തോടു മാത്രമാണു പ്രധാനമന്ത്രി അല്‍പ്പമെങ്കിലും അനുകൂലമായി പ്രതികരിച്ചത്. എന്നാല്‍, തുടര്‍ നടപടികള്‍ ഉണ്ടാകുമോയെന്നു കണ്ടറിയണം.
ചുരുക്കത്തില്‍ കേരളത്തിന് അഞ്ചാം തവണ നല്‍കിയ സന്ദര്‍ശനാനുമതി നിസ്സാരവല്‍ക്കരിക്കുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനം ഗൗരവപൂര്‍വം ആവശ്യപ്പെട്ട അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ അവഗണനാ മനോഭാവത്തോടെയായിരുന്നു അദ്ദേഹം കേള്‍ക്കാനിരുന്നത്. ആകെക്കൂടി പ്രധാനമന്ത്രിക്ക് അസ്വസ്ഥത തോന്നിയതു കേരളാസംഘത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനം ഇല്ലാത്തതിലായിരുന്നു.
ജനാധിപത്യ ഭരണ സമ്പ്രദായത്തില്‍ ഒരു പ്രധാനമന്ത്രിയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത തീര്‍ത്തും നിഷേധാത്മകമായ നിലപാടുകളാണു നരേന്ദ്രമോദിയില്‍ നിന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി നയിച്ച സര്‍വകക്ഷി സംഘത്തിനു നേരിടേണ്ടിവന്നത്.
രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമായി മാത്രമേ ഇത്തരം സമീപനങ്ങളെ കാണാനാകൂ. കോച്ച് ഫാക്ടറി ഹരിയാനയിലേയ്ക്കു കടത്താനുള്ള നിഗൂഢ പദ്ധതി പോലെ പലതും കേരളത്തിനു നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരേ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളം ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ പൊതു ആവശ്യം വരുമ്പോള്‍ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒറ്റ ശബ്ദമായി രൂപാന്തരപ്പെടുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു ഗുണപാഠമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.