2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സര്‍ക്കാര്‍ വാദം പൊളിഞ്ഞു പൊലിസിന്റെ ‘സിംസ് ‘സുരക്ഷാ പദ്ധതിയും വിവാദത്തില്‍

ജലീല്‍ അരൂക്കുറ്റി

 

തിരുവനന്തപുരം : സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്കു പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി പൊലിസ് തയാറാക്കിയ സിംസ് പദ്ധതിയും വിവാദത്തില്‍.
പൊലിസിന്റെ പേരിലാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കിലും സാമ്പത്തിക നേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ്.
പൊലിസും കെല്‍ട്രോണും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയെന്നാണ് ആദ്യം ഡി.ജി.പി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഗാലക്‌സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിക്കാണ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
പൊലിസിന് ബാധ്യതയില്ലാതെ നടത്തണമെന്ന ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം ലംഘിച്ചാണ് പദ്ധതി മുന്നോട്ടു പോകുന്നത്. കെല്‍ട്രോണിനുണ്ടായിരുന്ന നിരീക്ഷണ ചുമതല അവര്‍ സ്വകാര്യ കമ്പനിക്ക് ഉപകരാര്‍ നല്‍കിയതും പദ്ധതിയിലേക്ക് സ്ഥാപനങ്ങളെ സഹകരിപ്പിക്കാന്‍ പൊലിസ് തന്നെ രംഗത്തിറങ്ങിയതുമാണ് പദ്ധതിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

സിംസ് പദ്ധതി സംബന്ധിച്ച് പി.ടി തോമസ് എം.എല്‍.എയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമസഭയില്‍ ബുധനാഴ്ച നല്‍കിയ മറുപടിയും ഇതോടെ പൊളിഞ്ഞു. പൊലിസ് ആസ്ഥാനത്ത് കെല്‍ട്രോണിന് പ്രത്യേകം സ്ഥലം അനുവദിച്ച് സ്വകാര്യ കണ്‍ട്രോള്‍ റൂം തുറക്കാനായിരുന്നു തീരുമാനം.
ഇവിടെ കെല്‍ട്രോണിലെ ജീവനക്കാരെ നിയമിക്കുമെന്നും 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നുമായിരുന്നു തീരുമാനം. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക നല്‍കണം. ഇതിന്റെ ഒരു വിഹിതം പൊലിസിനും ലഭക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.
കെല്‍ട്രോണ്‍ തന്നെ ഈ സ്ഥാപനങ്ങളില്‍ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കണം. എന്നാല്‍ കെല്‍ട്രോണ്‍ ഗ്‌ളാക്‌സോണ്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് പദ്ധതിയുടെ നടത്തിപ്പു ചുമതല ഏല്‍പ്പിച്ചു. നിരീക്ഷണത്തിന് സ്വന്തം ജീവനക്കാരെ നിയോഗിക്കുകയും ചെയ്തില്ല.

സ്ഥാപനങ്ങള്‍ സഹകരിക്കാന്‍ തയാറാകാതെ വന്ന സാഹചര്യത്തില്‍ എസ്.പിമാര്‍ സ്ഥാപനങ്ങളുടെ യോഗം വിളിച്ച് സഹകരണം ഉറപ്പാക്കുകയും ചെയ്തു.
ഫണ്ട് വകമാറ്റം പോലെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഡി.ജി.പി നേരിടുമ്പോഴാണ് സ്വകാര്യകമ്പനിക്ക് പൊലിസ് ആസ്ഥാനത്ത് ചരിത്രത്തിലില്ലാത്തവിധം അധികാരവും സ്ഥലവും ഡി.ജി.പി അനുവദിച്ചുനല്‍കിയിരിക്കുന്നതെന്നത് ആരോപണങ്ങള്‍ക്കു ശക്തിപകരുന്നു.
പദ്ധതിയില്‍ പങ്കാളികളാകുന്ന സ്ഥാനങ്ങളില്‍നിന്ന് നിശ്ചിത ഫീസും സെര്‍വര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ പണവും മാസംതോറും കൈപറ്റുന്നതും സ്വകാര്യകമ്പനിയാണ്.

ഇതില്‍ ചെറിയൊരു വിഹിതം പൊലിസിനു നല്‍കും. കൂടുതല്‍ സ്ഥാനപങ്ങളെ പദ്ധതിയില്‍ ചേര്‍ക്കണമെന്നാണ് എസ്.പിമാര്‍ക്ക് ഡി.ജി.പി നല്‍കിയ നിര്‍ദേശം.
ഇതോടെ ഈ കമ്പനിയുടെ ബിസിനസിന് ഇടനിലക്കാരായി പൊലിസ് മാറിയെന്ന ഗുരുതരമായ ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
ഇടപാടു പുറത്തുവന്നതോടെ സിംസ് പദ്ധതിയുടെ സാങ്കേതിക പാര്‍ട്ണറാണ് ഗാലക്‌സണ്‍ എന്ന് വ്യക്തമാക്കി കൊണ്ട് കമ്പനി പ്രതിനിധി ബെര്‍ണാഡ് രാജന്‍ രംഗത്തെത്തി. കെല്‍ട്രോണ്‍ ഇ ടെന്‍ഡര്‍ വിളിച്ചാണ് തങ്ങള്‍ സിംസ് പദ്ധതിയുടെ ഭാഗമായത്. കൂടുതല്‍ വിശദീകരിക്കേണ്ടത് കെല്‍ട്രോണ്‍ ആണെന്നും തങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.