2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സര്‍ക്കാര്‍ നടപടി മുറപോലെ; അതിവേഗ പഠനവുമായി മീനച്ചിലാര്‍ സംരക്ഷണസമിതി

ഈരാറ്റുപേട്ട: പ്രളയാനന്തരം നടത്തേണ്ട ഫ്‌ളഡ് ലെവല്‍ മാര്‍ക്കിംഗ് അടക്കം വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലുള്ള കാലതാമസം തുടരുമ്പോള്‍, സജീവ നടപടികളുമായി മീനച്ചിലാര്‍ സംരക്ഷണസമിതി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേയ്ക്കും തുടര്‍ നടപടികളിലേയ്ക്കും സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിച്ചപ്പോള്‍ ഇത്തരം നടപടികള്‍ക്കുണ്ടാകുന്ന കാലതാമസം കൂടി കണക്കിലെടുത്താണ് സമിതി സ്വന്തം നിലയില്‍ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കടന്നത്. മീനച്ചിലാറിന്റെ അവസ്ഥ പ്രളയാന്തരം അതീവഗുരുതരമാണെന്ന് സമിതി നടത്തിയ യാത്രയുടെ വെളിച്ചത്തില്‍ ചൂണ്ടിക്കാട്ടി.
മുന്‍പെങ്ങുമില്ലാത്തവിധം ജലനിരപ്പുയര്‍ന്ന പശ്ചാത്തലത്തില്‍ എത്ര ഉയരത്തില്‍ വെള്ളമുയര്‍ന്നു, നദിക്കുണ്ടായ മാറ്റങ്ങള്‍, ഒഴുക്കലുണ്ടായ വ്യതിയാനം, മണല്‍നിക്ഷേപത്തിന്റെ തോത്, നദീതീരങ്ങളില്‍ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ അളവ് എന്നിവയടക്കമാണ് പരിശോധിച്ചത്. മീനച്ചിലാറിന്റെ തുടക്കപ്രദേശം മുതല്‍ സമിതി അംഗങ്ങള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് പഠനയാത്ര നടത്തിയത്. മഴവെള്ളം സംഭരിക്കാന്‍ പ്രകൃതി ഒരുക്കിയ സംവിധാനങ്ങള്‍ ഇല്ലാതായതാണ് മീനച്ചിലാര്‍ ഇത്രവേഗം ശോഷിക്കാന്‍ ഇടയാക്കിയതെന്ന് സമിതി ചൂണ്ടിക്കാട്ടി. നിലവില്‍ മീനച്ചിലാര്‍ കനത്തവേനലിലെന്നവണ്ണം ഒഴുക്ക് കുറഞ്ഞ് ശോഷിച്ച നിലയിലാണ്.നദിയിലേയ്ക്കുള്ള മാലിന്യനിക്ഷേപത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെന്ന് പഠനസംഘം വ്യക്തമാക്കുന്നു. ഓവുചാലുകളില്‍ നിന്നുള്ള മാലിന്യത്തിവപ്പുറം നദികളിലേയ്ക്ക് മാലിന്യം തള്ളുന്നതിന് യാതൊരു നിയന്ത്രണങ്ങളുമില്ല. ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂര്‍, കോട്ടയം മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ വന്‍തോതില്‍ ആറ്റിലേക്ക് തള്ളുന്നു. ആറ്റുതീരത്തെ എല്ലാ സസ്യങ്ങളിലും തോരണം പോലെ പ്ലാസ്റ്റിക് അടിഞ്ഞനിലയിലാണ്. ഇത് സസ്യങ്ങളുടെ വളര്‍ച്ച തടയുന്നു. ഏത് പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാന്‍ ശേഷിയുള്ള സസ്യങ്ങള്‍പോലും ഉണങ്ങിയനിലയിലാണ്. കക്കൂസ്, വര്‍ക്ക്‌ഷോപ്പ്, സര്‍വീസ് സ്റ്റേഷന്‍, വ്യാപാരസ്ഥാപനങ്ങള്‍, ഫാക്ടറി മാലിന്യങ്ങള്‍ എന്നിവ ആറ്റിലേയ്ക്ക് ഒഴുക്കിവിടുന്നത് തുടരുകയാണ്. തീരത്തെ നാല് മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കുടിവെള്ളം എടുക്കുന്ന കിണറുകള്‍ ആറ്റിലുള്ളപ്പോഴാണിത്.
പൂഞ്ഞാര്‍, തീക്കോയി ആറുകളുടെ നല്ലൊരു ശതമാനം പ്രദേശങ്ങളില്‍ മുന്‍പ് വനമോ ചോലയോ ഉണ്ടായിരുന്നു. സ്‌പോഞ്ചുപോലെ വെള്ളം പിടിച്ചുവെച്ചിരുന്ന വനം ഇല്ലാതായി. മഴ നിന്നാലുടന്‍ ആറ് മെലിയാനുള്ള പ്രധാന കാരണം ഇതാണെന്ന് സമിതി ചൂണ്ടിക്കാട്ടി. യന്ത്രങ്ങള്‍ ഉപയോഗിച്ച് മലമടക്കുകളില്‍ വന്‍തോതില്‍ മണ്ണ് ഇളക്കിയത് സ്വാഭാവികമായ ജലസംഭരണശേഷി കുറച്ചു. വീണ്ടും മണ്ണ് ഉറച്ചതോടെ, പെയ്ത്തുവെള്ളം വേഗം ആറ്റിലെത്തി. കോലാഹലമേട്, വാഗമണ്‍, കുടമുരുട്ടിമല, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളില്‍ തലങ്ങുംവിലങ്ങും വന്ന റോഡുകള്‍ ഒഴുക്കിന് വേഗംകൂട്ടി. വാഗമണ്ണിലും സമീപപ്രദേശങ്ങളിലും നിര്‍മിച്ച റിസോര്‍ട്ടുകള്‍ പുല്‍മേടുകള്‍ നശിക്കാനിടയാക്കി. ജലസംഭരണശേഷിയും കുറഞ്ഞു. ഇവിടങ്ങളില്‍ ഒരുമാസം മഴപെയ്തില്ലെങ്കില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നു.
മലമടക്കുകളിലും മീനച്ചിലാറിന്റെ പരിസരത്തുമായി പാടങ്ങള്‍ ഉണ്ടായിരുന്നു. 75 ശതമാനവും ഇല്ലെന്നായി. ആറ്റിലേയ്ക്ക് വെള്ളം എത്തിക്കുന്ന 38 തോടുകളുടെയും വീതി കുറഞ്ഞു. ചെറുതോടുകള്‍ അപ്രത്യക്ഷമായി. ആറ്റില്‍ വെള്ളം പിടിച്ചുനിര്‍ത്തിയിരുന്ന മണല്‍ ഇല്ലെന്നായി. ഇപ്പോള്‍ പഴയതുപോലെ മണല്‍ അടിയുന്നില്ല. പകരം ആറിന്റെ അടിത്തട്ടില്‍ ചെളിയും മറ്റും നിറഞ്ഞു. വെള്ളം തടഞ്ഞുനിര്‍ത്തുന്നതിന് നിര്‍മിച്ച തടയണകളിലും ചെളിയാണ്. പലയിടത്തും ഏറെ വീതിയിലൂടെ ഒഴുകിവന്ന വെള്ളം ഇടുങ്ങിയ പ്രദേശങ്ങളിലൂടെ പോകേണ്ടിവന്നത് കരയില്‍ നാശത്തിനിടയാക്കി. പാലായില്‍ ളാലം തോട്ടില്‍നിന്നും മീനച്ചിലാറ്റില്‍നിന്നുമായി വരുന്ന വെള്ളം ബസ്സ്റ്റാന്‍ഡിന് പുറകില്‍വെച്ച് ഇടുങ്ങി ഒഴുകിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
പലയിടങ്ങളിലും ആറ്റിലേക്കിറക്കി വലിയ സംരക്ഷണഭിത്തികള്‍ കെട്ടി. അവിടങ്ങളില്‍ വെള്ളം പിടിച്ചുനിര്‍ത്തിയിരുന്ന ആറ്റുപൊന്തകള്‍ ഇല്ലാതായി. ഇടുങ്ങിയനിലയില്‍പണിത പാലങ്ങളുടെയെല്ലാം താഴെയുള്ള ഇരുഭാഗങ്ങളും തകര്‍ന്നതുകാണാം. പാലത്തിലെ അപ്രോച്ച് റോ!ഡുംകൂടിയായപ്പോള്‍ ഒരു ഡാമിലെന്നപോലെ വെള്ളം അവിടെ തടഞ്ഞുനിന്ന് താഴേക്ക് ഒഴുകിയതാണ് കാരണം. ഇതെല്ലാം വെള്ളത്തിന്റെ ഒഴുക്കും കൂട്ടിയെന്നും സമിതി ഭാരവാഹികള്‍ വിലയിരുത്തി. സമിതി സെക്രട്ടറി എബി ഇമ്മാനുവല്‍ പൂണ്ടിക്കുളം, നേതാക്കളായ കെ.എം.സുലൈമാന്‍, പ്രിന്‍സ്, റഫീഖ് പേഴുംകാട്ടില്‍എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നദിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. പുതിയ കേരളത്തിനുള്ള രൂപരേഖയില്‍ നദീസംരക്ഷണത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ഇത് പ്രയോജനപ്പെടും. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.