2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സര്‍ക്കാര്‍ ആഘോഷങ്ങള്‍ മാറ്റിവച്ചതുകൊണ്ട് പ്രശ്‌നങ്ങളുണ്ട്: കാനം രാജേന്ദ്രന്‍

 

തിരുവനന്തപുരം: സര്‍ക്കാര്‍ ആഘോഷങ്ങള്‍ മാറ്റിവച്ചതുകൊണ്ട് പ്രശ്‌നങ്ങളുണ്ടെന്നും അത് പരിശോധിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്‌കൂള്‍ കലോത്സവം മാറ്റിവച്ചാല്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് പ്രശ്‌നമുണ്ട്. ഫിലിം ഫെസ്റ്റിവെല്‍ മാറ്റിവച്ചാല്‍ അക്രഡിറ്റേഷന്‍ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ട്. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങളെല്ലാം സര്‍ക്കാര്‍ പരിശോധിക്കണം. മുഖ്യമന്ത്രി വന്നതിനുശേഷം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണമെന്ന് കാനം പറഞ്ഞു. അടുത്തവര്‍ഷത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനമെടുത്തതായി അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ വോട്ടുകള്‍ പരമാവധി ചേര്‍ക്കാനും ബൂത്ത്തല ചുമതലക്കാരുടെ ശില്‍പശാല സംഘടിപ്പിക്കാനും തീരുമാനിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ 10 വരെ സി.പി.ഐ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാല്‍നട പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും.
സി.പി.ഐക്ക് ലഭിച്ച ചീഫ് വിപ്പ് പദവി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. പി.കെ.ശശി എം.എല്‍.എക്കെതിരായ ആരോപണത്തില്‍ സി.പി.എം ഉചിതമായി തീരുമാനമെടുക്കും.
ദുരിതാശ്വാസനിധി ശേഖരിക്കുന്നതിനായി മന്ത്രിമാര്‍ വിദേശത്തു പോകാന്‍ തീരുമാനിച്ചത് മന്ത്രിസഭയാണെന്നും അത് അവര്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കാര്യങ്ങള്‍ക്കുവേണ്ടി വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ലെന്നും മന്ത്രി കടകംപള്ളിയുടെ വിദേശയാത്രകള്‍ സംബന്ധിച്ച് അറിയില്ലെന്നും കാനം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.