2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി എ.ഡി.ജി.പി ആര്‍. ശ്രീലേഖ

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കി എ.ഡി.ജി.പി ആര്‍. ശ്രീലേഖ. പെരുമ്പാവൂരില്‍ ജിഷയുടെ കൊലയ്ക്കിടയാക്കിയതു നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി അഞ്ചു മാസത്തിനുള്ളില്‍ ഇല്ലാതാക്കിയതാണെന്ന്് അവര്‍ ബ്ലോഗിലെഴുതി. നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫിസര്‍കൂടിയായിരുന്നു ശ്രീലേഖ.
2014ല്‍ നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിയെക്കുറിച്ച് താന്‍ എഴുതിയത് അഭിമാനത്തോടെയായിരുന്നെന്നും ദൗത്യം തനിക്കു കിട്ടിയതില്‍ സന്തോഷമുണ്ടായിരുന്നും എ.ഡി.ജി.പി കുറിക്കുന്നു. 72 മണിക്കൂര്‍ സമയം ചെലവിട്ടാണ് പദ്ധതിരേഖ തയാറാക്കിയത്. അതേ പദ്ധതിയുടെ മരണവും നേരില്‍ കണ്ടു. ഈ പദ്ധതി ഉണ്ടായിരുന്നെങ്കില്‍ ജിഷയും ജീവിച്ചിരുന്നേനെയെന്നും കുറിപ്പിലുണ്ട്.
2015 ഫെബ്രുവരിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പിന്നാലെ, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ എ.ഡി.ജി.പിയായിരുന്ന തന്നെ നിര്‍ഭയകേരളം സുരക്ഷിത കേരളം പദ്ധതിയിലേക്കു മാറ്റിയപ്പോള്‍ ചില റെയ്ഡുകള്‍ നടത്താനും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും മാത്രമേ കഴിയൂവെന്നു കരുതിയില്ല. പദ്ധതി നടത്തിപ്പിനാവശ്യമായ മറ്റുള്ളരെ നിയമിക്കാനും ഇരിക്കാനൊരു മുറിക്കുമായി ഏറെ കാത്തിരുന്നു. ഒടുവില്‍ പൊലിസ് ആസ്ഥാനത്ത് ഒരു മുറി ലഭിച്ചു. ഇംഗ്ലീഷില്‍ ഒരു വാക്കുപോലും ടൈപ്പ് ചെയ്യാനറിയാത്ത ഒരു കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റിനെയും തന്നു. മന്ത്രി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവി എന്നിവരുമായി നടത്തിയ നിരന്തര കൂടിക്കാഴ്ചകളും അവര്‍ നല്‍കിയ ഉറപ്പുകളും വീണ്ടും പ്രതീക്ഷയ്ക്കു വകനല്‍കിയെങ്കിലും നിയമനങ്ങളുമായും പരിശീലനമായും അപകടകരമായ മേഖലകളുടെ ക്രൈം മാപ്പിങുമായും മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കു സുരക്ഷ പ്രധാനം ചെയ്യുന്ന പദ്ധതിയെക്കുറിച്ചു സംസാരിക്കാന്‍ എല്ലാ ജില്ലകളില്‍നിന്നും നിവധി സ്ത്രീകളെ വിളിച്ചു ചേര്‍ത്തു. ഓരോ ജില്ലകളിലും 100 സ്ത്രീകള്‍ക്കു പരിശീലനം നല്‍കാനും മറ്റുള്ള സ്ത്രീകളെ പരിശീലിപ്പിക്കാന്‍ അവരെ പ്രാപ്തരാക്കാനും തീരുമാനിച്ചു. അവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ്, സിം കാര്‍ഡ്, ബാഡ്ജ്, ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ധരിക്കാന്‍ ഓവര്‍ക്കോട്ട്, നിയമവശങ്ങളെക്കുറിച്ചും പൊലിസും സാമൂഹികക്ഷേമ വകുപ്പുമായും ബന്ധപ്പെടാനുള്ള വഴികാട്ടിയാകുന്ന നിര്‍ദേശങ്ങളടങ്ങിയ കിറ്റ്, യാത്രാക്കൂലി, ഇരകളെ സഹായിക്കാന്‍ പണം, പ്രതിഫലം എന്നിവ നല്‍കാമെന്ന് ഉറപ്പുനല്‍കി.

ഇതിനായി 77 ലക്ഷത്തിന്റെ പദ്ധതിച്ചെലവുരേഖ സമര്‍പ്പിക്കുകയും ചെയ്തു. ബ്രേസ്‌ലെറ്റ്, ലോക്കറ്റ്, മാല, വാച്ച്, ബ്രൂച്ച് എന്നിവയില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്‍ സി ഡാക്ക് വികസിപ്പിച്ചു. ജി.പി.എസ്, ജി.പി.ആര്‍.എസ് സങ്കേതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍വഴി പൊലിസ് സ്റ്റേഷനും കണ്‍ട്രോള്‍ റൂമിനും അപകടഘട്ടത്തിലായിരിക്കുന്ന സ്ത്രീകളെ പെട്ടെന്നു കണ്ടെത്താന്‍ കഴിയുന്ന സംവിധാനമായിരുന്നു ലക്ഷ്യമിട്ടതെന്നും എന്നാല്‍, അറുപതിനായിരം രൂപയോളം സ്വന്തം കീശയില്‍നിന്നു ചെലവഴിച്ചിട്ടും പിന്നീട് പണം അനുവദിച്ചു തന്നില്ലെന്നും അവര്‍ ആരോപിച്ചു.
സംസ്ഥാനത്ത് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പുരുഷനും താല്‍പര്യമില്ലെന്നു വൈകാതെ അറിഞ്ഞു. അല്ലെങ്കില്‍ അവര്‍ അതൊന്നും പരിഗണിക്കുന്നില്ല. സന്നദ്ധരായി വന്നവര്‍ പല ആവശ്യങ്ങള്‍ക്കും പണം ചോദിച്ചപ്പോള്‍ എല്ലാം ശരിയാകുമെന്നുമായിരുന്നു മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ നിസഹായനാണെന്നറിയാതെ സംസ്ഥാന പൊലിസ് മേധാവിയുമായി താന്‍ രണ്ടു തവണ തര്‍ക്കിച്ചിട്ടുണ്ടെന്നും ബ്ലോഗിലെ കുറിപ്പിലുണ്ട്.
തന്നെ സഹായിക്കാന്‍ മൂന്നു വനിതാ പൊലിസുകാരെ ഡി.ജി.പി നല്‍കി. പിന്നെ എന്നെ മാറ്റി കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്നു മറ്റൊരു ഉദ്യോഗസ്ഥന്‍ മടങ്ങി വന്നപ്പോള്‍ അദ്ദേഹത്തെ നിര്‍ഭയയില്‍ നിയമിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തെയും പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി നിയമിച്ചു. 2014 ജൂലൈ മുതല്‍ നിര്‍ഭയ പദ്ധതി കോമയിലാണ്. അധികം വൈകാതെ ജീവനോടെ കുഴിച്ചുമൂടുമെന്നും എ.ഡി.ജി.പി ആരോപിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.