2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ ജലവിഭവ മന്ത്രിമാര്‍: പ്രളയം: മന്ത്രിമാര്‍ ജുഡിഷ്യല്‍ അന്വേഷണം ഭയപ്പെടുന്നു

തിരുവനന്തപുരം: ഡാമുകള്‍ തുറന്നതിലെ വീഴ്ചയെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നത് മന്ത്രിമാര്‍ക്കെതിരേ പരാമര്‍ശം വരുമെന്നതിനാലെന്ന് മുന്‍ ജലവിഭവ മന്ത്രിമാര്‍.
അണക്കെട്ടുകള്‍ തുറന്നതിലെ വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ ജലവിഭവ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ ജോസഫ്, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഡാമുകള്‍ തുറക്കുന്നതില്‍ അതിഗുരുതര വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ദുരന്തത്തെ മഹാദുരന്തമാക്കി മാറ്റിയത് ഡാം മാനേജ്‌മെന്റിലെ പിഴവാണ്. കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ് പദ്ധതിയില്‍ കേരളം ഭാഗമായില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ഓഗസ്റ്റ് ഒന്‍പതിന് തന്നെ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പിന്നെ എന്തിന് ഡാമുകള്‍ തുറക്കാന്‍ ഓഗസ്റ്റ് 14 വരെ കാത്തിരുന്നു. അതിതീവ്ര മഴ ഉണ്ടായി എന്ന സാങ്കേതിക ന്യായത്തില്‍ പിടിച്ചുതൂങ്ങാന്‍ കഴിയില്ല. ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനം ഉണ്ടായിരുന്നു.
700 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിട്ടത് തന്നെയാണ് പ്രളയത്തിന് കാരണം. പമ്പ, കക്കി ഡാം തുറന്നതില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായത്. ഓഗസ്റ്റ് 14 ന് വൈകിട്ട് ആറിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പമ്പയോ പത്തനംതിട്ട ജില്ലയോ ഉള്‍പ്പെട്ടിരുന്നില്ല.
അന്നു രാത്രി ഡാം തുറന്നുവിട്ടു. നാലു ദശലക്ഷം ഘന മീറ്ററില്‍ നിന്ന് ഒറ്റയടിക്ക് 86 ദശലക്ഷം ഘന മീറ്ററായി വെള്ളം തുറന്നു വിടുന്നതിനു മുന്‍പ് ജനങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കിയില്ല. 15 ന് രാവിലെ 9.21 നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീവ്ര മഴസാധ്യത സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. അപ്പോഴേക്കും പമ്പയാറിന്റെ തീരങ്ങള്‍ പ്രളയത്തില്‍ മുങ്ങിക്കഴിഞ്ഞിരുന്നു. അതേസമയം കല്ലട പദ്ധതിയിലെ വെള്ളം നേരത്തെ തുറന്നു വിട്ടതിനാല്‍ നല്ല മഴയുണ്ടായിട്ടും കൊല്ലത്തെ പ്രളയം ബാധിച്ചില്ല.
ഈ രീതി എന്തുകൊണ്ട് മറ്റു ഡാമുകളില്‍ ചെയ്തില്ല. ഡാം തുറക്കുന്നത് സംബന്ധിച്ച് ഓരോ ഡാമിനും പ്രത്യേകം മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടില്ല. ബാണാസുരസാഗറിന്റെ കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. 2017ലെ സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടും ഡാം എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ കേരളം നടപ്പാക്കിയില്ല.
കേന്ദ്ര ജല കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ കടലാസുപണി പോലും നടപ്പാക്കാന്‍ സംസ്ഥാനം തയാറായില്ലെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.
അണക്കെട്ടുകള്‍ തുറക്കുന്നതില്‍ വന്ന വീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവര്‍ത്തിക്കുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളം പ്രളയാഘാതം വര്‍ധിപ്പിച്ചെന്ന നിലപാട് സര്‍ക്കാരിനെ തിരിഞ്ഞുകുത്തും. ഡാമുകളിലെ സ്ലൂയിസ് വാല്‍വ് തുറന്ന് ചെളി പുറന്തള്ളിയതിനും ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് വിളിക്കാതെ വീഴ്ച വരുത്തിയതിനും ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. തോട്ടപ്പള്ളി സ്പില്‍വേ കമ്മീഷനിംഗിന് തയാറായിട്ടും തുറക്കാത്തതും തണ്ണീര്‍മുക്കം ചിറയിലെ മണ്ണ് നീക്കാത്തതും കുട്ടനാട്ടിലെ പ്രളയ ദുരിതത്തിന് ആക്കം കൂട്ടിയെന്നും സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയും മുന്‍കരുതലില്ലായ്മയും തന്നെയാണ് ദുരന്തത്തിന് കാരണമായതെന്നും പി.ജെ ജോസഫ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.