2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ യു.എ.ഇ പ്രസിഡന്റിന്റെ റമദാന്‍ അതിഥി

അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫബിന്‍ സായിദ് അല്‍ നഹിയാന്റെ റമദാന്‍ അതിഥിയായി യു.എ.ഇയില്‍ എത്തിയ സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഭാഷണം നടത്തും. എല്ലാ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്നും നാല്‍പതോളം ഇസ്‌ലാമിക പണ്ഡിതര്‍ പ്രസിഡന്റിന്റെ അതിഥികളായി എത്താറുണ്ട്. 

മലപ്പുറം ജില്ലയിലെ കിഴിശ്ശേരി സ്വദേശിയായ ജിഫ്‌രി തങ്ങള്‍ പ്രാഥമിക പഠനത്തിനു ശേഷം വിവിധ പള്ളിദര്‍സുകളില്‍ ഓതിപ്പഠിച്ചു. ദാറുല്‍ ഉലൂമില്‍ നിന്ന് ഖാസിമി ബിരുദം നേടിയ ശേഷം ദര്‍സീ രംഗത്ത് സജീവമായി.

വിവിധ പള്ളി ദര്‍സുകളിലും കടമേരി റഹ്മാനിയ്യ, നന്തി ദാറസ്സലാം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തി. നിലവില്‍ ജാമിഅ യമാനിയ്യ കുറ്റിക്കാട്ടൂര്‍, ജാമിഅ അശ്അരിയ്യ മടവൂര്‍, ശംസുല്‍ ഉലമ അക്കാദമി മുണ്ടക്കുളം തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രന്‍സിപ്പലാണ്. കൂടാതെ കേരളത്തിലെ പ്രമുഖ മഹല്ല് ജമാഅത്തായ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെയും മറ്റു വിവിധ മഹല്ലുകളിലും ഖാസി സ്ഥാനവും വഹിക്കുന്നു. കര്‍മ ശാസ്ത്രത്തിന്റെ മര്‍മം തൊട്ടറിഞ്ഞ മുഫ്തിയും സമസ്ത ഫത്‌വ കമ്മിറ്റിയിലെ സജീവ സാന്നിധ്യവുമാണദ്ദേഹം. കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ വഫാത്തോടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പതിനൊന്നാമത്തെ അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട തങ്ങള്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യഭ്യാസ ബോര്‍ഡിന്റെ ഉപാധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന പ്രസിഡന്റുമാണ്.

അബൂദബി എയര്‍പോര്‍ട്ടില്‍ ഔഖാഫ് പ്രതിനിധികള്‍ക്ക് പുറമേ അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍,സുന്നി സെന്റര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ജിഫ്‌രി മുത്തുക്കോയ തങ്ങളെ സ്വീകരിച്ചു. അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് ഡോ. ഒളവട്ടൂര്‍ അബ്ദുല്‍ റഹ്മാന്‍, സുന്നി സെന്റര്‍ ചെയര്‍മാന്‍ സഅദ് ഫൈസി, യു.എ.ഇ സുന്നി കൗണ്‍സില്‍ പ്രസിഡന്റ് പൂക്കോയ തങ്ങള്‍, സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് പി.കെ കരീം ഹാജി,ഡോ. പി.ടി അബ്ദുള്‍ റഹിമാന്‍ (ദുബായ്) യൂസഫ് ദാരിമി, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി സാബിര്‍ മാട്ടൂല്‍, അബ്ദുല്ല ഫൈസി വെള്ളില, അസീസ് മൗലവി,സി കെ റഹ്മത്തുല്ല കാഞ്ഞങ്ങാട്, ശജീര്‍ ഇരിവേരി, റാഷിദ് എടത്തോട് എന്നിവര്‍ സംബന്ധിച്ചു. ജിഫ്‌രി മുത്തുകോയ തങ്ങളുടെ ആദ്യ പ്രഭാഷണം ഇന്ന് രാത്രി തറാവീഹിന് ശേഷം മസ്ജിദ് ഉമൈര്‍ ബിന്‍ യൂസുഫ്- അബുദാബിയിലും 17 വ്യാഴം രാത്രി തറാവീഹീന് ശേഷം അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിലും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ എമിറേറ്റുകളിലെ പള്ളികളിലും മതപ്രഭാഷണ വേദികളിലും പ്രഭാഷണം നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.